|    Jul 19 Thu, 2018 11:12 pm
FLASH NEWS

പള്ളിക്കര റെയില്‍വേ മേല്‍പ്പാലം : സാങ്കേതിക തടസ്സം നീങ്ങി; എംപിയുടെ സത്യഗ്രഹം അവസാനിപ്പിച്ചു

Published : 21st September 2017 | Posted By: fsq

 

നീലേശ്വരം: ജില്ലയിലെ പള്ളിക്കര റെയില്‍വേ ഓവര്‍ബ്രിഡ്ജ് നിര്‍മാണത്തിന് വിലങ്ങുതടിയായിരുന്ന സാങ്കേതിക തടസം നീങ്ങി. ഇതോടെ മൂന്ന് ദിവസങ്ങളിലായി പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തില്‍ നീലേശ്വരം പള്ളിക്കരയില്‍ നടത്തിവന്ന ജനകീയ രാപകല്‍ സത്യഗ്രഹം അവസാനിപ്പിച്ചു. ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉപരിതല ഗതാഗത മന്ത്രാലയം അധികൃതരുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് സമരം അവസാനിപ്പിച്ചത്. സാങ്കേതിക തടസം നീങ്ങിയതിന്റെ അടിസ്ഥാനത്തില്‍ രണ്ടുമാസത്തിനകം മേല്‍പ്പാലത്തിന്റെ ടെന്‍ഡര്‍ പൂര്‍ത്തിയാക്കി നിര്‍മാണം തുടങ്ങാനാണ് ധാരണ. ദേശീയപാത വീതികൂട്ടല്‍ പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ മൂന്നുവരിയുള്ള മേല്‍പ്പാലം പണിയാന്‍ ഉപരിതല ഗതാഗത മന്ത്രാലയം സമ്മതിച്ചിട്ടുണ്ടെന്ന് ദേശീയപാത ജനറല്‍ മാനേജര്‍ (ടെക്‌നിക്കല്‍) ആഷിഷ് ദ്വിവേദി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച നിര്‍ദേശം എന്‍എച്ച്എഐ മന്ത്രാലയത്തിന്റെ ഔപചാരിക അംഗീകാരത്തിന് അയച്ചുകൊടുത്തിട്ടുണ്ട്. അനുമതി കിട്ടിയാലുടന്‍ നിര്‍മാണം ആരംഭിക്കും. നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമവും നടത്തുമെന്നും എന്‍എച്ച്എഐ അധികൃതര്‍ യോഗത്തില്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. സേതുഭാരതം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നേരത്തെ നീലേശ്വരം പള്ളിക്കര മേല്‍പ്പാലത്തിന് 40 കോടി രൂപ നേരത്തെ അനുവദിച്ചിരുന്നു. എന്നാല്‍ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് മേല്‍പ്പാലത്തിന്റെ വീതി ആറു വരിയാക്കണമെന്ന് നിര്‍ദ്ദേശമുയര്‍ന്നതിനെ തുടര്‍ന്ന് മേല്‍പ്പാലം നിര്‍മാണം സാങ്കേതിക കുരുക്കില്‍പെട്ട് അനിശ്ചിതത്വത്തിലാവുകയായിരുന്നു. ഇന്നലെ നടന്ന ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ എസ്റ്റിമേറ്റ് തുക 40 കോടിയില്‍ നിന്ന് 60 രൂപയായി വര്‍ധിപ്പിച്ചിട്ടുണ്ട്. ആറു വരി എന്നത് തല്‍ക്കാലം മൂന്ന് വരിയാക്കാനും തീരുമാനമായി. രണ്ട് മാസത്തിനകം ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച്് അഞ്ച് മാസത്തിനകം നിര്‍മാണം ആരംഭിക്കാനാണ് തീരുമാനിച്ചത്. 25ന് ഇതിനാവശ്യമായ രേഖകള്‍ മന്ത്രാലയത്തിന് കൈമാറും. തിരുവനന്തപുരത്ത് നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് പുറമേ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍, റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കെ കുഞ്ഞിരാമന്‍, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ബിജു പ്രഭാകരന്‍, നാഷണല്‍ ഹൈവെ ചീഫ് എന്‍ജിനീയര്‍ പി പ്രഭാകരന്‍, സമരസഹായ സമിതി പ്രതിനിധികളായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, ഡോ. വി പി പി മുസ്തഫ, നീലേശ്വരം നഗരസഭാ ചെയര്‍മാന്‍ പ്രഫ. കെ പി ജയരാജന്‍ സംബന്ധിച്ചു. ചര്‍ച്ച വിജയിച്ചതിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ദിവസങ്ങളിലായി നീലേശ്വരത്ത് നടത്തിവന്ന രാപകല്‍ സമരം അവസാനിപ്പിച്ചതായി പി കരുണാകരന്‍ എംപി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss