|    Oct 23 Tue, 2018 11:45 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പളനിസ്വാമി ഭരണം ഒരാഴ്ചയ്ക്കകം അവസാനിപ്പിക്കുമെന്നു ദിനകരന്‍

Published : 16th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി കെ പളനിസ്വാമിയുടെ നേതൃത്വത്തിലുള്ള ദുര്‍ഭരണം ഒരാഴ്ചയ്ക്കകം അവസാനിപ്പിക്കുമെന്നു പുറത്താക്കപ്പെട്ട അണ്ണാ ഡിഎംകെ നേതാവ് ടിടിവി ദിനകരന്‍. എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയുമായി തന്റെ വിഭാഗത്തിനു പ്രത്യക്ഷമായോ, പരോക്ഷമായോ ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു ദിനകരന്‍. തന്നെ തുണയ്ക്കുന്ന 18 എംഎല്‍എമാരെ അയോഗ്യരാക്കി തിങ്കളാഴ്ച കുറുക്കുവഴിയിലൂടെ നിയമസഭയില്‍ വിശ്വാസവോട്ട് തേടാന്‍ പളനിസ്വാമി ശ്രമിച്ചു. ഭൂരിപക്ഷത്തിനാവശ്യമായ 117 എംഎല്‍എമാരുടെ പിന്തുണ ഇല്ലാത്തതിനാലാണ് അദ്ദേഹം കുറുക്കുവഴി തേടിയത്. അധര്‍മവും വഞ്ചനയും ജയിച്ച ചരിത്രമില്ല. ഒരാഴ്ചയ്ക്കകം സര്‍ക്കാരിനെ സഭയില്‍ വീഴ്ത്തും- ദിനകരന്‍ പറഞ്ഞു. 234 അംഗ നിയമസഭയില്‍ അണ്ണാ ഡിഎംകെയ്ക്ക് സ്പീക്കറടക്കം 134 എംഎല്‍എമാരുണ്ട്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ആര്‍ കെ നഗര്‍ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണ്. 116 എംഎല്‍എമാരുടെ പിന്തുണയാണ് ഇപ്പോള്‍ സര്‍ക്കാരിനുള്ളത്. ഈ മാസം 20 വരെ വിശ്വാസവോട്ട് പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. ദിനകരന്‍ പക്ഷത്തെ 19 എംഎല്‍എമാരെ ആദ്യം പുതുച്ചേരിയിലേക്കും പിന്നീട് കര്‍ണാടകയിലെ കൂര്‍ഗിലുള്ള റിസോര്‍ട്ടിലേക്കും മാറ്റിയിരുന്നു. എംഎല്‍എമാരില്‍ ഒരാള്‍ പിന്നീട് പളനിസ്വാമി പക്ഷത്തേക്ക് കൂറുമാറി. ദിനകരന്‍ പക്ഷം, ഡിഎംകെയുമായി കൈകോര്‍ത്തിരിക്കുകയാണെന്നാണ് എതിര്‍പക്ഷം ആരോപിക്കുന്നത്. ഇതിനുള്ള മറുപടിയായിട്ടാണു ഡിഎംകെയുമായി ബന്ധമില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്. അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികലയെ വഞ്ചിച്ച പളനിസ്വാമിയോട് ദൈവം പൊറുക്കില്ല. ശശികലയെ പുറത്താക്കാന്‍ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗം വിളിച്ചതും തെറ്റാണെന്നു ദിനകരന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss