|    Nov 15 Thu, 2018 11:34 am
FLASH NEWS

പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുകയറുന്നു

Published : 13th June 2017 | Posted By: fsq

 

പത്തനംതിട്ട: വിപണിയില്‍ വില കുതിച്ചുയരുന്നു. പച്ചക്കറിയും പലവ്യഞ്ജനവും മല്‍സ്യ-മാംസാദികളും വിലക്കയറ്റത്തിന്റെ പിടിയിലാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ അരിക്കും പലവ്യഞ്ജനങ്ങള്‍ക്കും പച്ചക്കറിക്കും വില കുതിച്ചുകയറുകയാണ്. അരിയ്ക്ക് കിലോഗ്രാമിന് 50 രൂപയോളമായി. ചെറിയ ഉള്ളിയുടെ വില നൂറുരൂപയും കവിഞ്ഞു. വെളിച്ചെണ്ണ, പരിപ്പ്, പഞ്ചസാര, മുളക് എന്നിവയുടെ വിലയും പിടിച്ചു നിര്‍ത്താനാവുന്നില്ല. സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ അരിക്കടകള്‍ തുടങ്ങിയതു മാത്രമാണ് ഏക ആശ്വാസം. അരിക്കടകളിലാവട്ടെ റേഷന്‍കാര്‍ഡ് ഒന്നിന് അഞ്ചു കിലോഗ്രാം അരിയാണ് 23 രൂപയ്ക്കു ലഭ്യമാവുന്നത്. റേഷന്‍കാര്‍ഡു വിതരണം പൂര്‍ത്തിയാവാതെ വന്നതോടെ റേഷന്‍വിതരണവും അവതാളത്തിലായി. ബിപിഎല്‍ പട്ടികയിലടക്കം സൗജന്യ അരി ലഭിച്ചുകൊണ്ടിരുന്നവര്‍ക്ക് റേഷന്‍ ഇല്ലാത്ത സ്ഥിതിയാണ്.ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ക്ക് കച്ചവടക്കാര്‍ ഇഷ്ടം പോലെയാണ് വില ഈടാക്കുന്നത്. അതേസമയം കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ക്കു നാമമാത്രമായ വിലയാണ് ലഭിക്കുന്നത്. വിപണിയിലെ ചെറുകിട കച്ചവടക്കാര്‍ നേരിയ മാര്‍ജിനിട്ടാണ് വില്‍ക്കുന്നതെന്ന് അവര്‍ പറയുന്നു. കൃഷിക്കാര്‍ക്കും ചെറുകിടകച്ചവടക്കാര്‍ക്കും മധ്യേയുള്ള ഇടനിലക്കാരാണ് ഏറെലാഭം കൊയ്യുന്നത്.ഇന്നലെ മാര്‍ക്കറ്റില്‍ ഒരുകിലോ ചെറിയ ഉള്ളിക്ക് 120 രൂപയായിരുന്നു വില. നേരത്തെ 40 രൂപയുണ്ടായിരുന്ന വെണ്ടയ്ക്കയുടെ വില 80 കവിഞ്ഞു. പയറിനാവട്ടെ 90 രൂപ വരെയായി. നാട്ടില്‍ കിട്ടുന്ന പടവലത്തിനും 60 രൂപ നല്‍കണം. അമരയ്ക്കപോലും കിലോ 40 രൂപയാണ് വില്‍പനയെന്ന് കടക്കാര്‍ പറയുന്നു. വരുംദിവസങ്ങളില്‍ സാവാളയുടെ വിലയും വര്‍ധിക്കുമെന്നാണ് വിപണിയിലെ സൂചന. വെളുത്തുള്ളിക്ക് 120 രൂപയും ചേമ്പിന് 110 രൂപയുമാണ് കിലോയ്ക്ക് വില. കാരറ്റിനാവട്ടെ 90നുമേലാണ് വില. പച്ചക്കറി വിലകുതിക്കുന്നതോടൊപ്പം സാധനങ്ങളുടെ ലഭ്യത കുറയുന്നതായും കച്ചവടക്കാര്‍ പറയുന്നു. കൃഷിയിടങ്ങളില്‍ നിന്നുതന്നെ വന്‍കിട കച്ചവടക്കാര്‍ പച്ചക്കറി മൊത്തമായി വിലപറഞ്ഞ് കൊണ്ടുപോകുന്നതാണ് ഉല്‍പന്നങ്ങളുടെ ലഭ്യതക്കുറവിന് ഒരുകാരണമെന്നാണ് ചെറുകിട കച്ചവടക്കാര്‍ പറയുന്നത്. വിപണിയില്‍ ഫലപ്രദമായി ഇടപെട്ട് പച്ചക്കറി ഉല്‍പന്നങ്ങളുടെ വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഹോര്‍ട്ടികോര്‍പിനും കഴിയുന്നില്ല. റമദാന്‍ കാലമായതോടെ മല്‍സ്യം, മാംസം വിപണികളിലും വില കുതിച്ചുയര്‍ന്നു. ട്രോളിങ് നിരോധനകാലയളവ് മുന്നില്‍കണ്ട് മല്‍സ്യവിപണിയില്‍ ക്ഷാമം നേരിട്ടുവരികയാണ്. മല്‍സ്യത്തിന്റെ വരവു കുറഞ്ഞെന്ന പേരില്‍ വിലയും തോന്നുംപടിയാണ്. മത്തിക്ക് കിലോഗ്രാമിന് 160 രൂപവരെയെത്തി. ചെറുമീനുകളുടെ എല്ലാം വില കുതിച്ചുയരുകയാണ്. പോത്തിറച്ചിക്ക് കിലോഗ്രാമിന് 300 രൂപ വരെയെത്തി. ഇറച്ചിക്കോഴിയുടെ വില 160 രൂപയാണ്. വിലയെ സംബന്ധിച്ച് അധികൃതരുടെ യാതൊരു ഇടപെടലും ഉണ്ടാവാത്ത വിപണിയാണ് നിത്യോപയോഗ സാധനങ്ങളുടേത്. മാര്‍ക്കറ്റില്‍ വിറ്റഴിക്കുന്ന സാധനങ്ങളുടെ ഗുണനിലവാരം പോലും പരിശോധിക്കപ്പെടുന്നില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss