|    May 1 Mon, 2017 4:04 am
FLASH NEWS

പലതവണ തിരുത്തിയിട്ടും ശരിയാവാതെ റേഷന്‍ കാര്‍ഡ്

Published : 27th October 2016 | Posted By: SMR

കോഴിക്കോട്: റേഷന്‍ കാര്‍ഡിലെ തെറ്റുകളും മുന്‍ഗണനാ പട്ടികയിലെ അപാകതകളും ജനത്തെ വലയ്ക്കുന്നു. വീട്ടിലെ മുതിര്‍ന്ന സ്ത്രീയുടെ പേരിലേക്ക് കാര്‍ഡ് മാറിയതോടെ ദുരിതം പേറേണ്ടി വരുന്നത് ഏറെയും വൃദ്ധകളാണ്.  ഓഫിസുകള്‍ കയറിയിറങ്ങിയും പട്ടികയില്‍ ഇടം നേടാന്‍ തെളിവുകള്‍ ശേഖരിച്ചും കഷ്ടപ്പെടുകയാണ് പലരും.
ഒരു വര്‍ഷം മുമ്പ് അന്നുവരെ കാണാത്തത്രയും നിബന്ധനകളോടെയാണ് അപേക്ഷാ ഫോറം വിതരണം ചെയ്തത്.  ഫോറം പൂരിപ്പിച്ചു കൊടുക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ പ്രത്യേക ഹെല്‍പ് ഡെസ്‌കുകള്‍വരെ സംഘടിപ്പിച്ചിരുന്നു. പിന്നീട് ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാനും ഫോട്ടോയെടുക്കാനും വീണ്ടും ജനം വെയില്‍ കൊണ്ടു. എല്ലാം കഴിഞ്ഞ് തെറ്റുതിരുത്തല്‍ മേള നടത്തി. അങ്ങിനെ പുതിയ കാര്‍ഡിനായി കാത്തിരിക്കുന്നവര്‍ക്ക് ഗൃഹനാഥന്‍മാരുടെ പേരില്‍ പോലും തെറ്റുകളുമായാണ് പുതിയ ലിസ്റ്റെത്തിയത്. അര്‍ഹതയുണ്ടായിട്ടും മുന്‍ഗണനാ ലിസ്റ്റില്‍ പേരില്ലാത്തവരും നിരവധിയാണ്. തെറ്റ് തിരുത്താനുള്ള സമയപരിധി നവംബര്‍ 5 വരെ നീട്ടിയിട്ടുണ്ടെങ്കിലും തികയാത്ത അവസ്ഥയാണുള്ളത്. അത്രയധികം തെറ്റുകളാണ് ഓരോ ലിസ്റ്റിലും. പേരും വിലാസവും സ്ഥലപ്പേരും വരുമാനവുമെല്ലാം പലതിലും മാറിയിട്ടുണ്ട്.
ഇതാണ് അര്‍ഹര്‍ മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് പുറത്താവാനുള്ള പ്രധാന കാരണം. സൂക്ഷ്മതയോടെ തയ്യാറാക്കി കൃത്യമായ വെരിഫിക്കേഷന് ശേഷം സ്വീകരിക്കുകയും ചെയ്ത അപേക്ഷകള്‍ രേഖകളായി മാറിയപ്പോള്‍ തെറ്റുകളുടെ കൂമ്പാരമായത് ഉേദ്യാഗസ്ഥ അലംഭാവം മൂലമാണെന്ന് ആക്ഷേപമുണ്ട്. ബാങ്ക് മാനേജര്‍മാര്‍ മുതല്‍ പെന്‍ഷന്‍ പറ്റിയ ഉന്നത ഉദേ്യാഗസ്ഥന്‍മാര്‍വരെ മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. സര്‍ക്കാര്‍ സംവിധാനങ്ങള്‍ വരുത്തിയ തെറ്റിന് ജനം പിഴയൊടുക്കേണ്ട സാഹചര്യമാണ്. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കണമെന്ന കേന്ദ്ര നിലപാട് കടുപ്പിച്ചതാണ് റേഷന്‍ കാര്‍ഡ് സംബന്ധിച്ച കാര്യങ്ങള്‍ വളരെ പെട്ടെന്ന് ചെയ്തു തീര്‍ക്കേണ്ട സാഹചര്യമുണ്ടാക്കിയത്.
ഓരോ വര്‍ഷവും ഇരുപത് ശതമാനം അനര്‍ഹരെ ഒഴിവാക്കി അത്രയും അര്‍ഹരെ മുന്‍ഗണനാ ലിസ്റ്റില്‍ പെടുത്തണമെന്നാണ് കേന്ദ്ര നിര്‍ദേശം. എപിഎല്‍, ബിപിഎല്‍ പട്ടിക ഒഴിവാക്കി മുന്‍ഗണനാലിസ്റ്റും മുന്‍ഗണനയിതര ലിസ്റ്റുമാണ് ഇനി മുതല്‍ ഉണ്ടാവുക. സംസ്ഥാനത്തെ 52.63 ശതമാനം ഗ്രാമവാസികളും 39.5 ശതമാനം നഗരവാസികളുമാണ് മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടത്. ഇത് മൊത്തം ജനസംഖ്യയുടെ 46.3 ശതമാനമേ വരൂ. ഇങ്ങിനെ മുന്‍ഗണനാ ക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നവരുടെ എണ്ണം സംസ്ഥാനതലത്തില്‍ നിജപ്പെടുത്തിയതിനാല്‍ അര്‍ഹരായവരെ ഉള്‍ക്കൊള്ളിക്കണമെങ്കില്‍ അനര്‍ഹരെ ഒഴിവാക്കണം.
ഇത്തരക്കാര്‍ സ്വമേധയാ ഒഴിവാവണം. അതിന് 5 വരെ സമയമുണ്ട്. അനര്‍ഹരെ കണ്ടെത്തിയാല്‍ പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ക്ക് സാധ്യതയുണ്ട്. അര്‍ഹരായിട്ടും ഉള്‍പ്പെടാതെ പോയ കാര്‍ഡുടമകള്‍ പട്ടിക പരിശോധിച്ച് ചേരാന്‍ അര്‍ഹരാണെങ്കില്‍ ആവശ്യമായ രേഖകള്‍ സഹിതം 5നകം താലൂക്ക് ഓഫിസിന്റെ പരിധിയില്‍ പരാതി സ്വീകരിക്കാന്‍ ഒരുക്കിയ ക്യാംപിലോ ഗ്രാമപ്പഞ്ചായത്ത് ഓഫിസിലോ പരാതി നല്‍കുകയും വേണം.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day