|    May 28 Sun, 2017 10:23 pm
FLASH NEWS

പലതരം തുടര്‍ച്ചകള്‍

Published : 26th November 2015 | Posted By: TK
 

all india muslim personel lawboard

 


 

ഇന്ന് ഇന്ത്യയിലെ മുന്‍നിര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്ന ക്യാംപസ് ഫ്രണ്ടും യുവജന സംഘടനയായ കേരളത്തിലെ സോളിഡാരിറ്റിയും ബൗദ്ധിക വ്യാപാരങ്ങളില്‍ കൂടുതല്‍ ഉത്സുകരായ എസ് ഐ ഓയും 70 കളില്‍ രൂപംകൊണ്ട ഭാവാത്മകതയുടെ തുടര്‍ച്ചയാണ്; പലതരം തുടര്‍ച്ചകള്‍. അവര്‍ ചിലപ്പോള്‍ പുതിയ ആഖ്യാനങ്ങള്‍ രചിക്കുകയുമാവും.


 

കലീം

സ്വാതന്ത്ര്യത്തിനു ശേഷം ജനിച്ചവര്‍ ബാല്യം വിട്ടു യൗവനത്തിലേക്ക് കടക്കുന്ന അറുപതുകളില്‍ പാശ്ചാത്യ ആധുനികതയുടെ പുതിയ ഭാഷ്യങ്ങള്‍ ഒരു സമാന്തര ചിന്തയായി ക്യാംപസുകളില്‍ അരിച്ചിറങ്ങുന്നുണ്ടായിരുന്നു. മുതലാളിത്തത്തിന്റെയും കൊളോണിയലിസത്തിന്റെയും കടന്നുകയറ്റങ്ങള്‍ക്കെതിരേ യൂറോപ്യന്‍ യുവതയില്‍ കത്തിപ്പടര്‍ന്ന ക്ഷോഭത്തിന്റെ അലയൊലികള്‍ അക്കാലത്ത് കേരളത്തിലുമെത്തിയതു സ്വാഭാവികം. സാഹിത്യത്തിലും ചിന്തയിലും പുതിയൊരു ഭാവാത്മകത രൂപപ്പെടുന്നതിനു വിയറ്റ്‌നാം യുദ്ധത്തിനെതിരായി അമേരിക്കന്‍ ക്യാംപസുകളില്‍ ശക്തിപ്പെട്ട പ്രതിഷേധവും യുറോപ്പിലെ വിരസമായ സാമൂഹിക-രാഷ്ട്രീയ നിലപാടുകളില്‍ പ്രതിഷേധിക്കുന്ന ആവിഷ്‌കാര രീതികളും പ്രചോദനമായിട്ടുണ്ട്.

60 കളുടെ അവസാനത്തിലാണ് പാരീസിലെ ലത്തീന്‍ ക്വാര്‍ട്ടറില്‍ പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ഥി യുവജന പ്രക്ഷോഭം അതിമാനുഷനെന്നു കരുതപ്പെട്ടിരുന്ന ഫ്രഞ്ച് പ്രസിഡന്റ് ദെഗോഖിന്റെ രാജിയില്‍ കലാശിച്ചത്. അമേരിക്കന്‍ അധിനിവേശത്തിനെതിരായി ഉസാമാ ബിന്‍ലാദിനെപ്പോലെ ജന്മഭൂമിയുപേക്ഷിച്ചു സായുധ പോരാട്ടത്തിനു പോയ അര്‍ജന്റീനയില്‍നിന്നുള്ള ചെഗ്വവാരയുടെ മരണത്തെക്കുറിച്ച് ആവേശദായകമായ കഥകളും അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും കേരളത്തിലെത്താന്‍ അധികകാലമെടുത്തില്ല. ഭരണകൂടമെന്ന ദുര്‍ഗ്രഹവും നിഗൂഢവും അപ്രതിരോധ്യവുമായ സാമൂഹിക സ്ഥാപനത്തെക്കുറിച്ച് വിഷാദപൂര്‍വമായ നോവലുകള്‍ രചിച്ച കാഫ്ക്കയും അമ്മ മരിച്ചത് ഇന്നലെയോ ഇന്നോ എന്ന സന്ദേഹത്തില്‍ കഴിയുന്ന കഥാപാത്രങ്ങള്‍ ഏറെയുള്ള കമ്യുവിന്റെ രചനകളും ഇതോടൊപ്പം ലോകത്തെ നോക്കികാണുന്നതിന്റെ രീതികള്‍ തകിടം മറിക്കുന്നുണ്ടായിരുന്നു.

1960 ല്‍ മരിച്ച കമ്യുവിന്റെ  റിബല്‍ എന്ന കനപ്പെട്ട പഠനം ക്യാംപസുകളിലെ വിധ്വംസക വായനയായിരുന്നു. ഒരിക്കല്‍ കേരളത്തിലെ പരമ്പരാഗത ഇടതുപക്ഷം വിദ്യാര്‍ഥികള്‍ തലതിരിഞ്ഞ പുസ്തകങ്ങള്‍ വായിക്കുന്നത് ഇഷ്ടപ്പെടാത്തതിനാല്‍ ചെയുടെ ബൊളീവിയന്‍ ഡയറി പുതുതലമുറ പലപ്പോഴും രഹസ്യമായിട്ടാണ് വായിച്ചിരുന്നത്.
സച്ചിദാനന്ദനും അയ്യപ്പ പണിക്കരും പാബ്‌ളോ നെരൂദയും സാര്‍ത്രും ഷെനെയുമൊക്കെ ഇടകലര്‍ന്നിരുന്ന ഈ ക്ഷോഭത്തിന്റെ തെരുവുകളില്‍ മുസ്‌ലിം വിദ്യാര്‍ഥികളുടെ സ്ഥാനമെവിടെയായിരുന്നു എന്നു നിര്‍ണയിക്കുക എളുപ്പമല്ല. ഇസ്‌ലാമിനെ വിമോചന പ്രത്യയശാസ്ത്രമായി മനസ്സിലാക്കുന്നവര്‍ താരതമ്യേന ദുര്‍ബലരും പൊതുസമൂഹത്തില്‍ ചലനമുണ്ടാക്കാന്‍ ശേഷിയില്ലാത്തവരുമായിരുന്നു. അനുഷ്ഠാനബദ്ധമോ അക്ഷരകേന്ദ്രീകൃതമോ ആയ മതത്തിനായിരുന്നു മുന്‍തൂക്കം. അതേയവസരം ഭൗതിക വിദ്യാഭ്യാസ മേഖലയിലേക്ക് ചെറുതോതില്‍ മുസ്‌ലിം വിദ്യാര്‍ഥികള്‍ കടന്നുവരുന്നുണ്ടായിരുന്നു. ഉന്നതമതവിദ്യാഭ്യാസം നല്‍കുന്ന സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്കിടയില്‍ മധ്യവര്‍ഗത്തില്‍നിന്നുള്ള വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവ് ചെറുതായിരുന്നില്ല.

 

cheguvera

 

മുസ്‌ലിം ലീഗ് നിയന്ത്രണത്തിലുള്ള ക്യാംപസുകളില്‍ എംഎസ്എഫ് ഇന്നത്തെ പോലെ അന്നും യൂനിയന്‍ തിരഞ്ഞെടുപ്പിലെ തിരയിളക്കം മാത്രമായി ഒതുങ്ങിയിരുന്നു എന്നു കാണാം. മുസ്‌ലിം ലീഗിന്റെ നേതൃനിരയിലേക്കുള്ള ഒരു ചവിട്ടുപടി എന്ന നിലയ്ക്കാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ അതിനെ കണ്ടത്. ബൗദ്ധികതലത്തില്‍പോലും മുസ്‌ലിം സമൂഹത്തിന്റെ ആശങ്കകള്‍ അവര്‍ക്കൊരു പ്രശ്‌നമായിരുന്നു എന്നു പറഞ്ഞുകൂട.
പക്ഷേ, സമാന്തരമായി ഇസ്‌ലാമിക ചിന്തയുടെ പുതുവെളിച്ചം വിദ്യാര്‍ഥികള്‍ക്കിടയില്‍ പ്രസരിക്കുന്നുണ്ടായിരുന്നു. എന്നാല്‍ പരിമിതമായിരുന്നു അതിന്റെ വ്യാപ്തി. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രസിദ്ധീകരണങ്ങളും ചിന്തകളും പുതിയ പരിപ്രേക്ഷ്യങ്ങള്‍ക്കു നിറം പകര്‍ന്നു.
യുവജന കമ്പനത്തിന്റെ ശക്തി കുറഞ്ഞുവരുന്ന കാലത്ത് 70 കളുടെ ആദ്യത്തിലാണ് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കിടയില്‍ സംഘടനാ ചിന്ത ഉടലെടുക്കുന്നത്.

ആഗോളതലത്തില്‍ ക്യാംപസുകളില്‍ കണ്ട ഇസ്‌ലാമിക ജാഗരണത്തിന്റെ ഭാഗമായിരുന്നുവത്. കുവൈത്ത് ആസ്ഥാനമായി രൂപം കൊണ്ട ഇന്റര്‍നാഷനല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍സ് (ഇഫ്‌സോ) പല രാഷ്ട്രങ്ങളിലുമുള്ള വിദ്യാര്‍ഥി കൂട്ടായ്മകള്‍ക്കിടയില്‍ ആശയവിനിമയത്തിനു സഹായിച്ചിരുന്നു. ഇഫ്‌സോയുടെ പ്രസിദ്ധീകരണങ്ങള്‍ പലതും ലോകത്തെക്കുറിച്ച വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ വളരുന്നതിനു കാരണമായി. ഇന്നു നോക്കുമ്പോള്‍ വിപ്ലവകരം എന്നു വിലയിരുത്താന്‍ ബുദ്ധിമുട്ടാണെങ്കിലും അര നൂറ്റാണ്ടിനു മുമ്പ് ആഗോളതലത്തില്‍ മൗലാനാ മൗദൂദിയുടെയും രക്തസാക്ഷികളായ ഹസനുല്‍ ബന്നയുടെയും സയിദ് ഖുതുബിന്റെയും അബ്ദലാത്തിയുടെയും രചനകള്‍ ആത്മവിശ്വാസം തിരികെപ്പിടിക്കുന്നതിനും യൗവനത്തിന്റെ സന്ത്രാസങ്ങളില്‍ ഉഴറിപ്പോയവര്‍ക്ക് നേര്‍വഴി കാണിക്കുന്നതിനും ഉപകരിച്ചിട്ടുണ്ട്.
കേരളം അത്തരം ചിന്തകളുടെ ഇന്‍ക്യുബേറ്ററായതിനു കാരണങ്ങളുണ്ട്. ഇന്ത്യയിലെ മറ്റു മുസ്‌ലിം സമൂഹങ്ങളെയപേക്ഷിച്ച് തുറവിയും സാഹസികതയും ഏറെയുള്ളവരാണ് കേരളീയര്‍. കടല്‍ കടക്കാന്‍ മടി കാണിക്കാത്ത ഒരു ജനപദത്തിനു ചിന്തകള്‍ സ്വീകരിക്കാന്‍ ശേഷി കൂടുമെന്നത് നിസ്തര്‍ക്കമാണ്. കലാലയങ്ങളിലെ മധ്യാഹ്ന ചര്‍ച്ചകളില്‍നിന്നു വിദ്യാര്‍ഥി പ്രസ്ഥാനം എന്ന നിലയ്ക്ക് കൂട്ടായ്മകള്‍ വളരാന്‍ അതു കാരണമായി.
ഐഡിയല്‍ സ്റ്റുഡന്‍സ് ലീഗ് അതിന്റെ തുടക്കത്തില്‍തന്നെ പ്രസിദ്ധീകരിച്ച സുവനീറിലെ (1972) ആദ്യവാക്കുകള്‍ ഇങ്ങനെയാണ്:ചോദ്യം ചെയ്യുക എന്ന സ്വഭാവത്തില്‍നിന്നു പരിവര്‍ത്തനങ്ങള്‍ പിറവിയെടുക്കുന്നു. പഴയ സങ്കല്‍പങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മടി. പഴയ വഴക്കങ്ങള്‍ക്കെതിരെ കൈയുയര്‍ത്താനുള്ള തന്റേടം. പുതിയ മൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള അന്വേഷണം. പരിവര്‍ത്തനത്തിന്റെ ആദ്യചലനങ്ങള്‍ അവിടെ ആരംഭിക്കുകയായിരുന്നു. പുതിയ തലമുറ ഇത്തരമൊരു പിറവിയുടെ പേറ്റുനോവിലാണെന്ന് നാം ഓരോ നിമിഷങ്ങളിലുമറിയുന്നു. ഒന്നിനെയുമംഗീകരിക്കാന്‍ തയ്യാറില്ലാത്ത, എല്ലാറ്റിനെയും തച്ചുടയ്ക്കാന്‍ വെമ്പുന്ന, ഒരു മാറ്റം വേണമെന്നഭിലഷിക്കുന്ന യുവചേതനയെ പുതിയ തലമുറ പ്രതിനിധാനം ചെയ്യുന്നു.
സുവനീര്‍ എഡിറ്റര്‍ എന്‍കെ അഹ്മദിന്റെതാണ് വാക്കുകള്‍. അദ്ദേഹം പിന്നീട് ഐഎസ്എല്ലിന്റെ സംസ്ഥാന ജന. സെക്രട്ടറിയായി. കെപി കമാലുദ്ദീനായിരുന്നു പ്രസിഡന്റ്.
(ജമാഅത്തെ ഇസ്‌ലാമിയുടെ വിദ്യാര്‍ഥി സംഘടനയെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ഐഎസ്എല്ലിന്റെ സുവനീറില്‍ വൈക്കം മുഹമ്മദ് ബഷീര്‍ തൊട്ട് എംഎന്‍ കാരശ്ശേരി വരെയുള്ളവരുടെ രചനകളുണ്ട്)അടിയന്തരാവസ്ഥയുണ്ടാക്കിയ അനിശ്ചിതത്വത്തെ അഭിമുഖീകരിച്ച ജമാഅത്തെ ഇസ്‌ലാമി നേതൃത്വം സാധാരണ വിദ്യാര്‍ഥി ഹല്‍ഖയുടെ അപ്പുറത്തേക്ക് കാല്‍വെക്കാന്‍ വെമ്പിനിന്നിരുന്ന ഐഎസ്എല്ലിന് അകാല ചരമം വിധിച്ചുവെങ്കിലും ആ ബീജം വളരുകയും ഇസ്‌ലാമിക പ്രവര്‍ത്തനങ്ങളുടെ നവീനവും ഊര്‍ജ്ജദായകവുമായ പുതിയ രീതികള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തു.

 

അടിയന്തരാവസ്ഥ ഇന്ത്യക്കാര്‍ക്ക് പൊതുവില്‍ ഒരു പുനര്‍ വിദ്യാഭ്യാസമായിരുന്നു. ഇന്ത്യന്‍ റിപബ്ലിക്കിന്റെ പൗരാവകാശം ഉറപ്പുവരുത്തുന്ന വ്യവസ്ഥകളൊക്കെ ഭരണഘടനാപരമായി റദ്ദാക്കാന്‍ കഴിയുമെന്നു നിര്‍ദോഷികള്‍ ഏറെയുള്ള സമൂഹം ആ കാലഘട്ടത്തിലാണ് മനസ്സിലാക്കുന്നത്.
ഇസ്‌ലാമികരിലെ പുതുതലമുറ ഏകാധിപത്യത്തെ തിരസ്‌കരിക്കുന്നതില്‍ മുന്നിട്ടു നിന്നു. ഭരണകൂടവുമായി രാജിയായിക്കൊണ്ട് ആര്‍ക്കുമൊരു ചേതവുമില്ലാത്ത പ്രബോധനപ്രവര്‍ത്തനത്തില്‍ മുഴുകാനൊക്കുമെന്ന സങ്കല്‍പ്പമവര്‍ക്ക് അരോചകമായിരുന്നു.
കാലം വെട്ടില്‍വീണ കാലമായിരുന്നു അടിയന്തരാവസ്ഥ. പക്ഷേ, അത് വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ക്കിടയില്‍ കാതലായ മാറ്റങ്ങള്‍ക്കു വഴിവച്ചു. കേരളത്തില്‍ ഒറ്റപ്പെട്ടതായിരുന്നുവെങ്കിലും പോലിസ് നടത്തിയ  അതിക്രമങ്ങള്‍ ഭരണകൂടം അമിതാധികാരത്തിന്റെ രുചിയറിയുന്ന ഭരണകൂടഭീകരതയായി മാറുന്നു എന്നു വ്യക്തമാക്കി. വ്യാജപുരോഗമന-വിപ്ലവ മുദ്രാവാക്യങ്ങളുയര്‍ത്തി എസ്എഫ്‌ഐ കാമ്പസില്‍നിന്നു കെഎസ്‌യുവിനെ പുറത്താക്കുന്നത് ഇക്കാലത്താണ്. താരതമ്യേന തുറവി കൂടിയ കലാലയാന്തരീക്ഷം ഇടതുഫാഷിസത്തിന്റെ നിയന്ത്രണത്തിലായി.
vivekഅടിയന്തിരാവസ്ഥയില്‍ തന്നെയാണ് ഇസ്‌ലാമിക വിദ്യാര്‍ത്ഥി സമൂഹം കുറേകൂടി ഭദ്രമായ ഒരു കൂട്ടായ്മയായി മാറുന്നതും. 1976 ല്‍ അലീഗറില്‍ ചാരവലയത്തിന്റെ ശ്രദ്ധയില്‍ പെടാതെ നടന്ന ചര്‍ച്ചകള്‍ അതിന്റെ ഭാഗമായിരുന്നു. ശംശാദ് മാര്‍ക്കറ്റിലെ ഒരു ചെറിയ മുറിയില്‍ കൊതുകിന്റെയും ഈച്ചകളുടെയും മഹനീയ സാന്നിദ്ധ്യത്തില്‍ അഖിലേന്ത്യാതലത്തില്‍ ഒരു ഇസ്‌ലാമിക വിദ്യാര്‍ത്ഥി സംഘനട രൂപപ്പെടുന്നതിനുള്ള സംവാദങ്ങള്‍ കുറേ നടന്നിട്ടുണ്ട്. കേരളം വിട്ടപ്പോഴാണ് റിപ്പബ്ലിക്കിന് ഭാവിയുണ്ടെന്നും സഞ്ജയ്ഗാന്ധിക്കും മേനകക്കും ഇന്ദ്രപ്രസ്ഥത്തിലെ പലതരം കൂട്ടിക്കൊടുപ്പുകാര്‍ക്കും വഴങ്ങുന്നതല്ല ഇന്ത്യയെന്നും തിരിച്ചറിയുന്നത്. ചിത്‌ലിഖബറിലെ ജമാഅത്ത് ആസ്ഥാനത്തു വെച്ച് അന്ന് അമീറായിരുന്ന വന്ദ്യവയോധികന്‍ മുഹമ്മദ് യൂസൂഫുമായി സംസാരിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന തലശ്ശേരിയിലെ ഉസ്മാന്‍ തറുവായിക്കും ചേളന്നൂര്‍ അബ്ദുല്ലയ്ക്കുമൊപ്പം ഈ ലേഖകനും തുരങ്കത്തിന്നപ്പുറം വെളിച്ചമുണ്ടെന്നുറപ്പായി.
പെട്ടിയില്‍നിന്നു പുറത്തു കടന്നുള്ള ചിന്ത കേരളത്തിലാണ് കൂടുതല്‍ പ്രകടമായത്. അടിയന്തിരാവസ്ഥയുടെ നാളുകളില്‍ രൂപംകൊണ്ട കൂട്ടായ്മയുടെ തുടര്‍ച്ചയെന്ന നിലയ്ക്ക് കോഴിക്കോട് ബാങ്ക് റോഡില്‍ ഒരു ചെറിയ കെട്ടിടത്തില്‍ ഇസ്‌ലാമിക് യൂത്ത് സെന്റര്‍ നിലവില്‍ വന്നു. യൗവനം ഒരു മാനസികാവസ്ഥയാണ് എന്ന നിലപാടിന് ഊന്നല്‍ നല്‍കിയ യൂത്ത് സെന്റര്‍ കേരളത്തിലെ ഇസ്‌ലാമിക വിദ്യാര്‍ത്ഥി സംരംഭങ്ങളെ വിസ്മയിപ്പിക്കുന്ന പുതുവഴികളിലേക്ക് തിരിച്ചു വിട്ടു. യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പ്രത്യേക സംഘടനകള്‍ ആവാമെന്ന ആശയം അല്‍ജമാഅത്തിന് എതിരാണെന്ന് വിചിത്ര ന്യായത്തില്‍ എതിര്‍ത്തവരെ നിരാശപ്പെടുത്തുന്ന വിധമാണ് ഇസ്‌ലാമിക് യൂത്ത് ഫ്രണ്ടും ഇസ്‌ലാമിക് യൂത്ത് ആന്റ് സ്റ്റുഡന്‍സ് ഫ്രണ്ടും പിന്നെ സിമിയും ഉണ്ടാവുന്നത്.
സാഹചര്യങ്ങള്‍ മാറുമ്പോള്‍ അതിന് ചേരുംവിധമുള്ള നയങ്ങളും അപഗ്രഥനങ്ങളും വേണ്ടതുണ്ട്. അങ്ങനെയൊരാവശ്യം യുവതലമുറ തന്നെയാണുന്നയിക്കുക. അടിയന്തിരാവസ്ഥ ഭരണവര്‍ഗ്ഗത്തില്‍തന്നെ ഉള്ള ആഭ്യന്തര സംഘര്‍ഷത്തിന്റെ ഫലമായിരുന്നു. ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന പുതിയ സാമൂഹ്യ വിഭാഗങ്ങള്‍ അധികാരത്തിലിരിക്കുന്ന സവര്‍ണ വിഭാഗത്തിനെ വെല്ലുവിളിക്കുകയും ഉപദേശീയതകള്‍ തങ്ങളുടെ സ്വത്വം വീണ്ടും കണ്ടുപിടിക്കുകയും ചെയ്യുന്ന അവസ്ഥ. അഫ്ഗാനിസ്ഥാനിലും ഇറാനിലും സാമ്രാജ്യത്വ ശക്തികള്‍ മേല്‍കോയ്മ പുനഃസ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍  ആഗോളതലത്തില്‍ വികസനമാതൃകകളെ പറ്റിയുള്ള ബദല്‍ ചിന്തകള്‍. ഇതിനോടൊക്കെ പ്രതികരിച്ചുകൊണ്ടാണ് യുവ ഇസ്‌ലാമികര്‍ മുന്നോട്ട് നീങ്ങിയത്. സാമ്രാജ്യത്വം മുതലാളിത്തം, കീഴാള മോചനം, സ്ഥിരവികസനം, പരിസ്ഥിതി സംരക്ഷണം തുടങ്ങി ഇന്നു എംഎസ്എഫ് ഒഴികെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ പല ഭാഷകളിലായി ചര്‍ച്ച ചെയ്യുന്ന പലതിന്റെയും തുടക്കം മിക്കവാറും കോഴിക്കോട് നഗരത്തിലാണ്.

 
പരിസ്ഥിതി സംരക്ഷണം ഏതാനും പ്രകൃതിസ്‌നേഹികളുടെ സ്വകാര്യ ആശങ്കമാത്രമായി നില്‍ക്കുന്ന കാലത്ത് 1982 ല്‍ സിമിയുടെ നേതൃത്വത്തില്‍ മാവൂര്‍ ഗ്വാളിയാര്‍ റയാണ്‍സ് ചാലിയാറിലേക്ക് വന്‍തോതില്‍ രാസവിഷം ഒഴുക്കിയതിനെതിരെ നടത്തിയ മാര്‍ച്ച് അതിന്റെ നവീനതകൊണ്ടു മാത്രമല്ല ശ്രദ്ധേയമായത്. തൊട്ടടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ജമാഅത്തെ ഇസ്‌ലാമി നടത്തിയ സംസ്ഥാന സമ്മേളനത്തില്‍ എംഎസ്എസിന്റെ ഒരു പ്രതിനിധി ആദ്യമായി ഒരു ഇസ്‌ലാമിക സംഘടന പരിസ്ഥിതി മലിനീകരണത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ചതില്‍ സന്തോഷം പ്രകടിപ്പിക്കുകയും സംഘാടകര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ വേറിട്ടിരിക്കാന്‍ തീരുമാനിച്ച പശ്ചാതലത്തില്‍ ആ പരാമര്‍ശം ചരിത്രത്തില്‍നിന്നു വെട്ടി മാറ്റുകയും ചെയ്തു. പുതിയ സത്യങ്ങള്‍ പഴയ ആഖ്യാനങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുന്നതില്‍ പരിതപിക്കേണ്ടകാര്യമില്ല. അങ്ങിനെയാണ് സാര്‍വലൗകിക സാധ്യതയുള്ള പ്രത്യയശാസ്ത്രമെന്നനിലയ്ക്ക് ഇസ്‌ലാം എപ്പോഴുമെപ്പോഴും ഓരോ സമൂഹത്തിലും നീതിയുറപ്പിക്കുന്നത്.
ഇത്തരം ചിന്തകള്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും പ്രസരിപ്പിക്കുന്നതിലും സിമിയുടെ മുഖപത്രമായിരുന്ന വിവേകം ശ്രദ്ധേയമായ സംഭാവനയാണ് സമര്‍പ്പിച്ചത്. ഇന്ത്യക്ക് പുറത്തുള്ള ഇസ്‌ലാമിക സംവാദത്തിന്റെ അപ്പപ്പോഴുള്ള വിലയിരുത്തലുകള്‍ അത് പ്രസിദ്ധീകരിച്ചു. ആ നാളുകളില്‍ വലിയ നാട്യങ്ങളൊന്നുമില്ലാത്ത ഒരു ദൈ്വവാരിക ഒട്ടേറെ യുവതിയുവാക്കളുടെ കാഴ്ചപാടുകളില്‍ തിരുത്തു വരുത്തുകയും സാമ്രാജ്യത്വ വിരുദ്ധ സമരത്തില്‍ അവരെ അണിനിരത്തുകയും ചെയ്തു. വിവേകമില്ലാത്ത വിവേകം എന്ന വിമര്‍ശനംതന്നെ അതിനോടുള്ള ഗോപ്യമായ ആദരവിന്റെ ചിഹ്‌നമായിരുന്നു എന്നുപറയാം. എസ്റ്റാബ്ലിഷ്‌മെന്റിന്റെ ഭാഗമാവാന്‍ കൊതിക്കുന്നവരുടെ സുരക്ഷിതത്വവും സുഖപ്രദവുമായ വാദങ്ങള്‍ക്ക് പരിക്കേല്‍പ്പിക്കുന്നതിന്റെ കൃതാര്‍ത്ഥത വിവേകത്തിന്റെ വരികളിലും വരികള്‍ക്കിടയിലും പതിയിരിക്കുന്നുണ്ടത്. ജീവിതത്തിന്റെ പല ഭാഗങ്ങളിലേക്കായി ചിതറിപ്പോയ എഴുപതുകളിലെ യൗവ്വനം ഇപ്പോഴും അനല്‍പമായ ഗൃഹാതുരത്വത്തോടെ വിവേകത്തെ ഓര്‍ക്കുന്നുണ്ടാവും.
എമ്പതുകളിലും തുടര്‍ന്ന് നൂറ്റാണ്ടിന്റെ അന്തിമ വര്‍ഷങ്ങളിലും മനുഷ്യാവകാശത്തെകുറിച്ചു വീറോടെ സംസാരിക്കുന്ന വിഭാഗങ്ങള്‍ ഹിന്ദുത്വ ഫാഷിസത്തിന്റെയും നവ ലിബറലിസത്തിന്റെ അപകടകരമായ കൂട്ട്‌കെട്ട് ശക്തിപ്പെടുന്നതോടൊപ്പം കൂടുതല്‍ വ്യാപകമാവുന്നു. പുച്ഛവും, പരിഹാസവും ഓരോ പുതിയ കാല്‍വയ്പിനെയും പാര്‍ശ്വവല്‍കരിക്കാന്‍ ശ്രമിച്ചുവെങ്കിലും എതിരാളികള്‍പോലും അന്തിമമായി അനുകരണമാണ് ഏറ്റവും നല്ല പ്രശംസ എന്ന പഴഞ്ചൊല്ലിനെ സാധൂകരിക്കുകയായിരുന്നു. ശരത്കാലം വസന്തത്തിന്റെ രണ്ടാം ഭാഗമാണെന്ന് കമ്യു ഒരിക്കല്‍ എഴുതിയിരുന്നു.
യൂറോപ്യന്‍ ഫാഷിസത്തില്‍നിന്നു വ്യത്യസ്തമായി ബാഹ്യമായിതന്നെ മതവുമായി ചേര്‍ന്ന് നിന്നുകൊണ്ടാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യം പോലും ഗൗരവത്തില്‍ അപഗ്രഥനം ചെയ്യാന്‍ മുസ്‌ലിം സംഘടനകള്‍ മടികാണിച്ചപ്പോഴാണ് പുതുതലമുറ അത്തരം വിഷയങ്ങള്‍ മുന്‍നിരയില്‍ കൊണ്ടുവരുന്നത്.

 

1997 ല്‍ കോഴിക്കോട് ദേശീയ മനുഷ്യാവകാശ സമ്മേളനം അത്തരം ചര്‍ച്ചകളുടെ ഒരു ഘട്ടം സൂചിപ്പിക്കുന്നു.ഫാഷിസത്തിനെതിരെ ന്യൂനപക്ഷങ്ങളും പിന്നാക്ക വിഭാഗങ്ങളും ദലിതുകളും ഒന്നിക്കണമെന്ന ആശയവും 70 കളിലെ വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ ഉപോല്‍പന്നമാണ്. അങ്ങിനെ ഇസ്‌ലാമിക ചിന്ത സഞ്ചരിച്ച സക്രിയ മാര്‍ഗ്ഗങ്ങള്‍ നിരവധിയാണ്. അനുഷ്ഠാനങ്ങളുടെ കൃത്യതയും പൗരോഹിത്യവും ഒത്തുചേരുന്ന യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍വരെ പ്രവര്‍ത്തനരീതികളില്‍ തിരുത്ത് വരുത്തി പുതിയ സംജ്ഞകളും മുദ്രാവാക്യങ്ങളും പ്രമേയങ്ങളുമായി വര്‍ത്തമാനകാലവുമായി സംവാദിക്കുമ്പോള്‍ എല്ലാം തുടര്‍ച്ചയാണെന്ന് മനസ്സിലാക്കാന്‍ പറ്റും. ഇന്ന് ഇന്ത്യയിലെ മുന്‍നിര വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഇടം പിടിച്ചിരിക്കുന്ന ക്യാംപസ് ഫ്രണ്ടും യുവജന സംഘടനയായ കേരളത്തിലെ സോളിഡാരിറ്റിയും ബൗദ്ധിക വ്യാപാരങ്ങളില്‍ കൂടുതല്‍ ഉത്സുകരായ എസ്‌ഐഓയും 70 കളില്‍ രൂപംകൊണ്ട ഭാവാത്മകതയുടെ തുടര്‍ച്ചയാണ്; പലതരം തുടര്‍ച്ചകള്‍. അവര്‍ ചിലപ്പോള്‍ പുതിയ ആഖ്യാനങ്ങള്‍ രചിക്കുകയുമാവും.

 

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day