|    Oct 19 Fri, 2018 1:30 am
FLASH NEWS

പറ മുതല്‍ ചര്‍ക്ക വരെ; പ്രകാശന്റേത് വേറിട്ട തച്ചുശാസ്ത്രം

Published : 22nd September 2017 | Posted By: fsq

 

സുനു ചന്ദ്രന്‍ ആലത്തൂര്‍

ആലത്തൂര്‍: തച്ചു ശാസ്ത്രത്തിന്റെ വേറിട്ട വഴികളിലാണ് കാവശ്ശേരിയിലെ കെ വി പ്രകാശന് താല്‍പര്യം. കെട്ടിടത്തിന് സ്ഥാനം കണ്ട് കുറ്റിയടിക്കുന്നതും വീടുപണിയും ഫര്‍ണിച്ചര്‍ നിര്‍മാണവുമൊക്കെ പാരമ്പര്യ വഴിയില്‍ കൊണ്ടുപോകുന്നതിനിടെയാണിത്. കള്ളവും ചതിയും കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്ന കഴിഞ്ഞുപോയ നല്ലകാലത്തെ അളവുപകരണങ്ങളായ പറയും നാഴിയുമൊക്കെ തടിയിലും പനന്തടിയിലും തീര്‍ക്കുന്നവര്‍ പുതുതലമുറയില്‍ വിരളമാണ്. ഈ രംഗത്താണ് പ്രകാശന്‍ ആദ്യമായി കൈായ്യൊപ്പു ചാര്‍ത്തിയത്.ഓടില്‍ തീര്‍ത്ത പറ വിപണിയില്‍ ലഭ്യമാണെങ്കിലും പഴമയെ സ്‌നേഹിക്കുന്നവര്‍ തടിയില്‍ നിര്‍മ്മിച്ച് തകിട് വളയം പൊതിഞ്ഞ പറയാണ് ഇഷ്ടപ്പെടുന്നത്.ആചാരപരമായ ആവശ്യത്തിനും കൗതുക വസ്തുവായും പറയ്ക്ക് ആവശ്യക്കാരുണ്ട്.ലക്ഷണമൊത്ത തടിയോ പനന്തടിയോ കണ്ടെത്തി മുറിച്ച് ചെത്തി മിനുക്കി വേണം പറ നിര്‍മിക്കാന്‍. പൊട്ടലോ തുളയോ വരാന്‍ പാടില്ല. ഒന്നുമുതല്‍ മൂന്നാഴ്ചവരെ സമയമെടുക്കും വലുതും ചെറുതുമായ പറ സെറ്റായി നിര്‍മിക്കാന്‍. മിനുക്കു പണി കഴിഞ്ഞാല്‍ പിച്ചള തകിട് വെട്ടി ചിത്രപ്പണിചെയ്ത് ചുറ്റ് ഉറപ്പിക്കും.ആന, പല്ലി, മീന്‍ തുടങ്ങിയ രൂപങ്ങള്‍ തടിയില്‍ കൊത്തിയെടുത്തായിരുന്നു തുടക്കം. പിന്നീട് പറ നിര്‍മാം തുടങ്ങി. പ്രകാശന്‍ ഒടുവില്‍ തടിയില്‍ വേറിട്ട നിര്‍മ്മിതി നടത്തിയത് ചര്‍ക്കയാണ്. നേരത്തേ കോണ്‍ഗ്രസ് (എസും), എന്‍സിപിക്കാരനുമായിരുന്ന പ്രകാശന്‍ ഗാന്ധിജിയോടുള്ള ഇഷ്ടം ചര്‍ക്ക നിര്‍മിച്ച് സാക്ഷാത്കരിക്കുകയായിരുന്നു. ആരും ആവശ്യപ്പെട്ടിട്ടല്ല ചര്‍ക്ക നിര്‍മിച്ചത്. ഒരെണ്ണം തന്റെ പണിശാലയില്‍ ഇരിക്കട്ടെയെന്നു വിചാരിച്ചുവെന്നു മാത്രം. കാവശ്ശേരി കമ്മാന്തറയിലെ പ്രഗത്ഭനായ വേലായുധന്‍ ആശാരിയുടെയും വേശുവിന്റെയും മകനാണ് പ്രകാശന്‍. 14ാം വയസ്സില്‍ അച്ഛനൊപ്പം ഉളിയെടുത്ത് ഇറങ്ങിയതാണ്. പഴകാലത്ത് കിണറില്‍ നിന്ന് കയറില്‍ വെള്ളം കോരാന്‍ ഉപയോഗിച്ചിരുന്ന തടി ചകട (കപ്പി), തടിയുടെ കോളിങ് ബെല്‍, കുടമണി എന്നിവ നിര്‍മിക്കുകയാണ് അടുത്ത ദൗത്യം. കൊത്തു പണിയിലും പ്രാഗത്ഭ്യം തെളിയിച്ചു. ഭാര്യ ലതയും മക്കളായ പ്രണവും പ്രസീതയും പ്രദീപയുമാണ് പ്രകാശന്റെ സഞ്ചാര വഴികളിലെ പിന്‍ബലം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss