|    Oct 23 Tue, 2018 12:56 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പറ്റിപ്പിടിച്ചൊരു പരിസ്ഥിതി പ്രശ്‌നം

Published : 23rd September 2017 | Posted By: fsq

പതിനഞ്ച് വര്‍ഷം മുമ്പ് തൃശൂരിലെ ഒരു ബന്ധുവീട്ടില്‍ പോയപ്പോഴാണ് മുറ്റത്തെ ചെറിയൊരു കോണ്‍ക്രീറ്റ് ടാങ്ക് ശ്രദ്ധയില്‍പ്പെട്ടത്. മീന്‍ വളര്‍ത്തുന്നതാണത്രേ. എന്തു മീനാണ് വളര്‍ത്തുന്നതെന്നു ചോദിച്ചപ്പോള്‍ നാടന്‍ മീനാണ്, തൊട്ടടുത്ത തോട്ടില്‍ നിന്ന് പിടിച്ചതാണെന്നായിരുന്നു മറുപടി. ഒറ്റനോട്ടത്തില്‍ ടാങ്കിനുള്ളില്‍ മീനുകളെയൊന്നും കാണാനില്ല. കലങ്ങിയ വെള്ളത്തില്‍ വലിയൊരു മരത്തടി കാണാം, അത്രമാത്രം. ചെറിയൊരു കമ്പുകൊണ്ട് ടാങ്കില്‍ ഇളക്കിയപ്പോള്‍ മരത്തടി ഒരൊറ്റ പിടച്ചില്‍. ഒപ്പം മൂന്നുനാല് മരത്തടികള്‍ കൂടി അങ്ങോട്ടുമിങ്ങോട്ടും വെട്ടിപ്പിടഞ്ഞു. പെട്ടെന്ന് ഭയന്നുപോയി. ബഹളം നിലച്ചപ്പോള്‍ ടാങ്കിനുള്ളിലെന്തെന്ന് ശരിക്കും കണ്ടു. വലിയ സക്കര്‍ ക്യാറ്റ് മല്‍സ്യങ്ങളാണ്. എവിടെ നിന്നു വാങ്ങിയതാണെന്ന് അന്വേഷിച്ചപ്പോള്‍ പിന്നെയും വീട്ടുകാര്‍ പറഞ്ഞു, വാങ്ങിയതല്ല, തോട്ടില്‍ നിന്ന്് പിടിച്ചതാണെന്ന്. എട്ടു വര്‍ഷത്തിനു ശേഷം, പത്രങ്ങളില്‍ സക്കര്‍ ക്യാറ്റ് മല്‍സ്യങ്ങള്‍ വാര്‍ത്തയായി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡിന്റെ സഹകരണത്തോടെ വേമ്പനാട്ടു കായലില്‍ നടത്തിയ മല്‍സ്യസര്‍വേയില്‍ രണ്ട് വിദേശ പൂച്ചമല്‍സ്യങ്ങളെ (മുഷി ഇനത്തില്‍പ്പെട്ട മീശയുള്ള മല്‍സ്യങ്ങള്‍) കണ്ടെത്തി എന്നതായിരുന്നു വാര്‍ത്ത. അതിലൊന്ന്് സക്കര്‍ ക്യാറ്റ് മല്‍സ്യവും മറ്റേത് അക്വേറിയം ഷാര്‍ക്ക് എന്നറിയപ്പെടുന്ന മല്‍സ്യവുമായിരുന്നു.ഈ മല്‍സ്യങ്ങള്‍ നമ്മുടെ ജൈവ വൈവിധ്യത്തിന് ഉയര്‍ത്തിയേക്കാവുന്ന ഭീഷണിയെക്കുറിച്ച് സര്‍വേ റിപോര്‍ട്ട് അന്നു ചൂണ്ടിക്കാട്ടിയിരുന്നു. ഈയിടെ സക്കര്‍ ക്യാറ്റ് മല്‍സ്യങ്ങള്‍ വീണ്ടും വാര്‍ത്തയായി. തിരുവനന്തപുരത്തെ തോടുകളിലും നീര്‍ച്ചാലുകളിലും കായലുകളിലും നദികളിലുമൊക്കെ ഈ മീനുകള്‍ പെരുകിയിരിക്കുകയാണത്രേ. ആമയിഴഞ്ചാന്‍ തോട്ടിലും കരമനയാറ്റിലും വെള്ളായണി-വേളി കായലുകളിലുമൊക്കെ ഇവയുടെ വിളയാട്ടമാണത്രേ. ചാക്കുകണക്കിന് സക്കര്‍ ക്യാറ്റ് മല്‍സ്യങ്ങളെ തോട്ടില്‍ നിന്ന് കോരിയെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഒരു ചാനല്‍ പുറത്തുവിട്ടത്.മറ്റൊരു വാര്‍ത്തയും ഇതോടൊപ്പം പുറത്തുവന്നു. ആന്ധ്രയില്‍ നിന്ന്. ഗുണ്ടൂര്‍ ജില്ലയിലെ തഡേപ്പള്ളി ഗ്രാമത്തില്‍ പുതിയൊരു മല്‍സ്യം പ്രത്യക്ഷപ്പെട്ട് പ്രശ്‌നമുണ്ടാക്കുന്നതായി മീന്‍പിടിത്തക്കാര്‍ പരാതിപ്പെടുന്നു. രാകാഷി എന്നാണ് ഗ്രാമീണര്‍ ഈ മീനിന് പേരിട്ടിട്ടുള്ളത്. നാട്ടുകാരുടെ പരാതിപ്രകാരം സ്ഥലത്തെത്തിയ അധികൃതര്‍ സംഗതി സക്കര്‍ ക്യാറ്റ് മല്‍സ്യം തന്നെയാണെന്നു തിരിച്ചറിഞ്ഞു. വലയിട്ടാല്‍ കിട്ടുന്നതൊക്കെ ഈ മല്‍സ്യമാണ്. ഇതാണെങ്കില്‍ ഭക്ഷ്യയോഗ്യവുമല്ല.ഇവ വലയില്‍ കുടുങ്ങിയാല്‍ വേറെയുമുണ്ടു പ്രശ്‌നം. ശരീരം മുഴുവന്‍ കട്ടിയുള്ള, പരുപരുത്ത ശല്‍ക്കങ്ങളാണ്. ചിറകുകള്‍ വിടര്‍ത്തിയാല്‍ മുള്ളുപോലെ വലയില്‍ ഉടക്കിനില്‍ക്കും. വലയില്‍ കുടുങ്ങിയ മീനുകളെ വേര്‍പെടുത്താന്‍ ഏറെ സമയം വേണ്ടിവരും. ഇതിനിടയില്‍ വലയും കേടുവരും. ഇവ പെരുകിയതോടെ മറ്റു മീനുകളുടെ ലഭ്യതയും കുറഞ്ഞു.തെക്കേ അമേരിക്കയില്‍ നിന്നുള്ള സക്കര്‍ ക്യാറ്റ് മല്‍സ്യങ്ങള്‍ അക്വേറിയം മല്‍സ്യമായാണ് ഇന്ത്യയിലെത്തിയത്. ഗ്ലാസ് ടാങ്കുകളില്‍ പറ്റിപ്പിടിച്ചിരുന്ന്് പായലുകള്‍ നീക്കം ചെയ്യും എന്നതിനാലാണ് ഇവയ്ക്ക്് പെട്ടെന്നു പ്രചാരം ലഭിച്ചത്്. എന്നാല്‍, കൗതുകപൂര്‍വം ഇവയെ വാങ്ങിയ ചിലരെങ്കിലും താല്‍പര്യം നശിച്ചപ്പോള്‍ തോട്ടിലൊഴുക്കി. ഇവയാണ് വംശവര്‍ധന നടത്തി നമ്മുടെ ജലാശയങ്ങളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്. ഉത്തരവാദിത്തമില്ലാത്ത ചിലര്‍ വരുത്തിയ വിന.അക്വേറിയങ്ങളില്‍ വളര്‍ത്തുന്ന മറ്റു പല മല്‍സ്യങ്ങളും ഇത്തരത്തില്‍ ജലാശയങ്ങളിലെത്താറുണ്ടെങ്കിലും സക്കറുകളുടെ ഭീഷണി കുറച്ചുകൂടി ഗുരുതരമാണ്. വെള്ളത്തിലെ പ്രതലങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന, തിന്നാന്‍കൊള്ളാവുന്ന എന്തും ഇവ കഴിക്കും; മറ്റു മീനുകളുടെ മുട്ടയുള്‍പ്പെടെ. വെള്ളത്തിനടിയിലെ പാറകളിലും മറ്റും മുട്ട ഒട്ടിച്ചുവയ്ക്കുന്ന മീനുകളാണ് ഇവയുടെ വരവോടെ ഭീഷണിയിലായത്. മണലില്‍ കുഴികുഴിച്ചും ചെടികള്‍ക്കിടയിലുമൊക്കെ മുട്ടയിട്ടുവയ്ക്കുന്ന മീനുകളെയും ചെറു ജലജീവികളെയും ഇവ വെറുതെവിടില്ല. നമ്മുടെ നാട്ടില്‍ ഇവയുടെ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് കരിമീന്‍ ആണത്രേ. നഷ്ടം ഡോളര്‍കണക്കില്‍ തന്നെ പറയണമെന്നര്‍ഥം.മറ്റൊരു ഗൗരവമേറിയ പ്രശ്‌നത്തിലേക്കും ഈ വിഷയം വിരല്‍ചൂണ്ടുന്നു. ഈ മല്‍സ്യങ്ങള്‍ കൃഷ്ണാനദിയില്‍ നേരത്തേ ഉണ്ടായിരുന്നില്ലെന്നാണ് തഡേപ്പള്ളിയിലെ ജനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഗോദാവരി-കൃഷ്ണാ നദികള്‍ തമ്മില്‍ ബന്ധിപ്പിച്ച ശേഷമാണ് ഇവ പ്രത്യക്ഷപ്പെട്ടതത്രേ. തലതിരിഞ്ഞ വികസനത്തിന്റെ ഫലമായ പാരിസ്ഥിതിക പ്രശ്‌നമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. സക്കര്‍ ക്യാറ്റ് മല്‍സ്യങ്ങള്‍ മാത്രമാവില്ല പുഴകള്‍ ബന്ധിപ്പിച്ചതിലൂടെ കൈമാറ്റം ചെയ്യപ്പെട്ടത്. രണ്ടു പുഴകളിലെയും അവയുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രദേശങ്ങളിലെയും ആവാസവ്യവസ്ഥ തന്നെ ഇത്തരത്തില്‍ തകിടംമറിക്കപ്പെട്ടിരിക്കാം. പുതിയ മല്‍സ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതുപോലെത്തന്നെ പല മല്‍സ്യജാതികളും മറ്റു ജീവജാലങ്ങളുമൊക്കെ ഇതോടെ തുടച്ചുമാറ്റപ്പെട്ടിരിക്കാനും സാധ്യതയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss