|    Mar 25 Sat, 2017 9:38 am
FLASH NEWS

പറ്റിക്കുന്ന പരസ്യങ്ങള്‍ക്കെതിരേ നടപടി: ബില്ല് ശീതകാല സമ്മേളനത്തില്‍

Published : 18th October 2016 | Posted By: SMR

ന്യൂഡല്‍ഹി: തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളുമായി എത്തുന്ന പരസ്യങ്ങളില്‍ അഭിനയിക്കുന്ന അഭിനേതാക്കള്‍ക്കെതിരേ നടപടിക്കു ശുപാര്‍ശ ചെയ്യുന്ന ബില്ല് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും. അടുത്ത മാസമാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്. പറ്റിക്കുന്ന പരസ്യം നല്‍കുന്നവര്‍ക്ക് 50 ലക്ഷം രൂപവരെ പിഴയീടാക്കുന്നതടക്കമുള്ള നിര്‍ദേശമുള്ളതാണ് ബില്ല്. 30 വര്‍ഷം പഴക്കമുള്ള ഉപഭോക്തൃ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തിയാണ് ബില്ല് കൊണ്ടുവരുന്നത്. പിഴയ്ക്കു പുറമെ തടവുശിക്ഷയും ശുപാര്‍ശചെയ്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ സര്‍ക്കാറിനുള്ളില്‍തന്നെ എതിര്‍പ്പുണ്ട്.
നിയമം ലംഘിക്കുന്ന അഭിനേതാക്കള്‍ക്ക് ആദ്യഘട്ടത്തില്‍ 10 ലക്ഷം രൂപ പിഴയും രണ്ടുവര്‍ഷത്തെ തടവുശിക്ഷയുമാണ് മന്ത്രാലയം തയ്യാറാക്കിയ കരട് റിപോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നത്. തെറ്റ് ആവര്‍ത്തിച്ചാല്‍ പിഴ 50 ലക്ഷവും തടവുശിക്ഷ അഞ്ചുവര്‍ഷവുമാക്കും. ഉപഭോക്താവിനെ പറ്റിക്കുന്ന അവകാശവാദങ്ങളുമായി എത്തുന്ന പരസ്യങ്ങളില്‍ പ്രമുഖ സിനിമാതാരങ്ങളും കായിക താരങ്ങളും മറ്റുമാണ് അഭിനയിക്കാറ്. ബില്ല് നിയമമാവുന്നതോടെ തങ്ങള്‍ അഭിനയിക്കുന്ന പരസ്യങ്ങളില്‍ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങള്‍ സത്യമാണോയെന്നും ഉല്‍പന്നങ്ങള്‍ നിലവാരമുള്ളതാണോയെന്നും അഭിനേതാക്കള്‍ പരിശോധിക്കേണ്ടിവരും. ഉല്‍പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാനും മായംകലര്‍ന്ന വസ്തുക്കള്‍ തടയുന്നതിനും ഈ നിയമം സഹായിക്കുമെന്ന് കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു.
‘ഉപഭോക്തൃ സംരക്ഷണ ബില്ല് 2015ലെ ഭേദഗതി നിര്‍ദേശങ്ങളില്‍ അന്തിമരൂപം കൊടുക്കുന്നതിനായി ധനമന്ത്രി അരുണ്‍ജെയ്റ്റ്‌ലി അധ്യക്ഷനായ മന്ത്രിതലസമിതി ഉടന്‍ യോഗം ചേരും. ബില്ലിന് അന്തിമരൂപം നല്‍കുന്നതിനു മുന്നോടിയായി ഇതുസംബന്ധിച്ചു മറ്റു രാജ്യങ്ങളിലുള്ള നിയമം പഠിക്കണമെന്ന് ആഗസ്തില്‍ മന്ത്രിതലസമിതി കേന്ദ്ര ഭക്ഷ്യ ഉപഭോക്തൃ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കിയിരുന്നു.

(Visited 15 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക