|    Dec 10 Mon, 2018 11:42 am
FLASH NEWS

പറോപ്പടിയില്‍ നാല്‍പ്പതേക്കറില്‍ ജലാശയം

Published : 7th July 2018 | Posted By: kasim kzm

കോഴിക്കോട്: പ്രകൃതി സൗഹൃദ വിനോദസഞ്ചാരത്തിന് പുതിയ മുഖം. നാല്‍പതേക്കറില്‍ ഒരു മനുഷ്യനിര്‍മിത ജലാശയം; രണ്ട് കിലോമീറ്ററോളം വിസ്തൃതിയുള്ള വൃഷ്ടിപ്രദേശത്തു നിന്നും ഒഴുകിയെത്തുന്ന നീരുറവകളെ പാഴാവാതെ സംരക്ഷിക്കുന്ന തടാകം. അറുപതേക്കറില്‍ ജലാശയത്തിനു ചുറ്റും വനവല്‍ക്കരണം. പരിസ്ഥിതിക്ക് തെല്ലും പോറലേല്‍പിക്കാതെ കോഴിക്കോട് നഗരത്തിന് സമീപം ഒരു വിനോദ സഞ്ചാര കേന്ദ്രം.
നിരവധി മാതൃകാപദ്ധതികള്‍ നടപ്പാക്കിയിട്ടുള്ള കോഴിക്കോട് നോര്‍ത്തിലെ പറോപ്പടിയിലാണ് ഈ വിനോദ സഞ്ചാരകേന്ദ്രം യാഥാര്‍ഥ്യമാക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. എ പ്രദീപ്കുമാര്‍ എംഎല്‍എ സമര്‍പ്പിച്ച നിര്‍ദേശത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പദ്ധതിക്ക് ജീവന്‍ വച്ചത്. 2016-17 ബജറ്റില്‍ ഇതിനായി കിഫ്ബിയില്‍ 20 കോടി രൂപ വകയിരുത്തിയിരുന്നതായി എ പ്രദീപ്കുമാര്‍ എംഎല്‍എ പറഞ്ഞു.
വിനോദ സഞ്ചാരവകുപ്പിനാണ് അഡ്മിനിസ്‌ട്രേഷന്‍ ചുമതല. ടൂറിസം വകുപ്പിനു  കീഴിലുള്ള കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനാണ് പദ്ധതിയുടെ ചുമതല നല്‍കിയിട്ടുള്ളത്. പ്രകൃതി വിഭവങ്ങളെ സംരക്ഷിച്ച് നവകേരളം സാധ്യമാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ് ഈ പദ്ധതി. എ പ്രദീപ് കുമാര്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ യു വി ജോസ് സബ്കലക്ടര്‍ വി വിഘ്‌നേശ്വരി തഹസില്‍ദാര്‍ സുബ്രഹ്മണ്യന്‍, സിഡബ്യൂആര്‍ഡിഎം ഡയറക്ടര്‍ ഡോ. എ ബി അനിത, ശാസ്ത്രജ്ഞരായ ഡോ. പി ആര്‍ അരുണ്‍, വി പി സുശാന്ത്, ടി കെ ദൃശ്യ, ടെക്‌നിക്കല്‍ ഓഫിസര്‍ ചന്ദ്രന്‍ കൊളപ്പാടന്‍ എന്നിവര്‍ പറോപ്പടിയിലെ ജലാശയം സന്ദര്‍ശിച്ച് സാധ്യത പരിശോധന നടത്തി. പദ്ധതിയുടെ കരട് റിപോര്‍ട്ട്  ഈ മാസം ഒടുവില്‍ സിഡബ്യൂആര്‍ഡിഎംന് സമര്‍പ്പിക്കും. വേനലിലും മഴക്കാലത്തും ശാസ്ത്രജ്ഞര്‍ ഇവിടെ സാധ്യതാ പഠനം നടത്തിയിരുന്നു.
വേനല്‍കാലത്തും ജലനിര്‍ഗമനമുള്ള തണ്ണീര്‍ത്തടമാണ്. രണ്ട് കിലോമിറ്ററോളം വൃഷ്ടി പ്രദേശമുണ്ട്. കാലവര്‍ഷത്തില്‍ പൂനൂര്‍ പുഴയില്‍ നിന്നുള്ള വെള്ളപ്പൊക്കമുണ്ടായാല്‍ ജലാശയം കരകവിയാനുള്ള സാധ്യതയുണ്ട്. അതുകൂടി പരിഗണിച്ചാണ് കരട് റിപോര്‍ട്ട് തയ്യാറാക്കുന്നത്. നിലവിലുള്ള തണ്ണീര്‍ത്തടത്തിലെ മണ്ണ് നീക്കം ചെയ്യാതെ ജലാശയം വിപുലപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നത്. കേന്ദ്ര ജലവിഭവ വികസന മാനേജ്‌മെന്റ് ശാസ്ത്രജ്ഞരുടെ റിപോര്‍ട്ട് ലഭിച്ചതിനുശേഷം വിശദമായ പ്രൊജക്റ്റ് റിപോര്‍ട്ട് തയ്യാറാക്കുമെന്ന് ജില്ലാ കലക്ടര്‍ യു വി ജോസ് പറഞ്ഞു. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വിനോദ സഞ്ചാര വികസനമാണ് ലക്ഷ്യം. പൊതു സ്വകാര്യ പങ്കാളിത്തത്തോടെ ജലാശയം നിര്‍മിച്ച് സംരക്ഷിക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയായിരിക്കും ഇത്. ഭൂമി ഏറ്റെടുക്കുന്നതിനു പകരം പദ്ധതിക്ക് ഭൂമി നല്‍കുന്ന ഭൂവടമകള്‍ക്ക് ഓഹരി പങ്കാളിത്തം നല്‍കുന്നതിനും ലക്ഷ്യമിടുന്നുണ്ട്. ജലാശയത്തോട് ചേര്‍ന്ന് സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുന്നതിന് ഇടം ഒരുക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss