|    Nov 24 Fri, 2017 10:21 pm
FLASH NEWS

പറവൂര്‍ നഗരത്തില്‍ ട്രാഫിക് പരിഷ്‌കാരം ആരംഭിച്ചു: ആദ്യ ദിനം പരാതികള്‍ ഇല്ലാതെ

Published : 2nd December 2016 | Posted By: SMR

പറവൂര്‍: പരീക്ഷണാടിസ്ഥാനത്തില്‍ നഗരത്തില്‍ നടപ്പാക്കിയ ട്രാഫിക് പരിഷ്‌കാരം വ്യാഴാഴ്ച്ച മുതല്‍ ആരംഭിച്ചു. വലിയ പരാതികള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ആദ്യ ദിവസം കടന്നുപോയത്. എന്നാല്‍ കൊടുങ്ങല്ലൂര്‍ ഭാഗത്തുനിന്ന് വരുന്ന യാത്രക്കാര്‍ക്ക് കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ എത്തിപ്പെടാന്‍ ഏറെ പ്രയാസം നേരിടേണ്ടിവന്നു. മുനിസിപ്പല്‍ കവലയിലോ പഴയ സ്റ്റാന്റിലോ ഇറങ്ങിയതിന് ശേഷം കാല്‍നടയായോ ഓട്ടോയിലോ സഞ്ചരിച്ച് വേണം സ്റ്റാന്റിലെത്താന്‍. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തില്‍ അനുഭപ്പെട്ട ഗതാഗത കുരുക്കും വാഹനങ്ങളുടെ പെരുപ്പവും ഉണ്ടായില്ല. അതേ സമയം ആഴ്ചയുടെ അവസാന ദിവസമായ വെള്ളി, ശനി ദിവസങ്ങളില്‍ ഉണ്ടാവുന്ന തിരക്കിന്റെ അടിസ്ഥാനത്തില്‍ മാത്രമേ പരിഷ്‌കരണം വിജയിച്ചുവെന്ന് പറയാന്‍ കഴിയൂ. നഗരത്തില്‍ പ്രധാന കേന്ദ്രങ്ങളിലും കവലകളിലും വേണ്ടത്ര ദിശാ ബോര്‍ഡുകള്‍ സ്ഥാപിക്കാത്തത് വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസ്സുകള്‍ നഗരം ചുറ്റാത്തതിനാല്‍ ചേന്ദമംഗലം കവല, കെഎംകെ ജങ്ഷന്‍ തുടങ്ങിയ പ്രധാന കവലകളില്‍ ഗതാഗത കുരുക്കിന് ശമനമായി. പ്രധാന ആശുപത്രികളില്‍ പോവേണ്ടവരും മറ്റും കാല്‍നടയായും ഓട്ടോയിലുമായാണ് എത്തിപ്പെട്ടത്. പരീക്ഷണ അടിസ്ഥാനത്തില്‍ രണ്ടാഴ്ചത്തേക്കാണ് പരിഷ്‌കാരം ആരംഭിച്ചിട്ടുള്ളത്. അതേ സമയം നഗരത്തിലെ ചില കേന്ദ്രങ്ങളില്‍ അനധികൃത പാര്‍ക്കിങ് ഇപ്പോഴും തുടരുകയാണ്. ആവശ്യമായ ട്രാഫിക് വാര്‍ഡന്‍മാരെയും പോലിസുകാരെയും പ്രധാന കേന്ദ്രങ്ങളില്‍ വിന്യസിച്ചെങ്കില്‍ മാത്രമാണ് അനധികൃത പാര്‍ക്കിങ് ഒഴിവാക്കാന്‍ കഴിയുകയുള്ളു. ചെറിയപ്പിള്ളി കവല, പെരുമ്പടന്ന ജങ്ഷന്‍, കെഎംകെ കവല, മുനിസിപ്പല്‍ കവല, എന്നിവടങ്ങളിലും വൃന്ദാവന്‍ റോഡിലും ട്രാഫിക് പോലിസിനെ നിയമിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക