|    Nov 22 Thu, 2018 1:25 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പറവൂരില്‍ പള്ളിമേടയില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി

Published : 21st August 2018 | Posted By: kasim kzm

കൊച്ചി: പറവൂരില്‍ പള്ളിയില്‍ കുടുങ്ങിയവരെ ഇന്നലെ രക്ഷപ്പെടുത്തി. ആളുകള്‍ അഭയംതേടിയ പറവൂര്‍ കുത്തിയതോട് സെന്റ് സേവ്യേഴ്‌സ് പള്ളിമേടയുടെ ഒരു ഭാഗം ഇടിഞ്ഞാണ് കഴിഞ്ഞ ദിവസം ആറുപേര്‍ മരിച്ചത്. ഈ കെട്ടിടത്തിന്റെ ബാക്കി ഭാഗത്ത് കുടുങ്ങി ക്കിടന്ന നാനൂറോളം ആളുകളെയാണ് രക്ഷപ്പെടുത്തിയത്.
രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിപ്പെടാന്‍ പോലും സാധിക്കാത്തവിധം ശക്തമായ ഒഴുക്കായിരുന്നു അനുഭവപ്പെട്ടിരുന്നത്. ഇവിടെ കുടുങ്ങിപ്പോയവര്‍ മൂന്നു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ മരണത്തെ മുഖാമുഖം കാണുകയായിരുന്നു. കഴിഞ്ഞദിവസമാണ് രക്ഷാപ്രവര്‍ത്തകര്‍ എത്തി ഭക്ഷണം എത്തിച്ചുകൊടുത്തത്. ജലനിരപ്പ് താഴ്ന്നതിനുശേഷമാണ് പള്ളിയിലും സമീപത്തെ വീടുകളിലും മറ്റുമായി കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്താന്‍ സാധിച്ചത്. കുന്നുകര പഞ്ചായത്തിലെ ഒന്ന്, 15 വാര്‍ഡുകള്‍ ചേരുന്ന സ്ഥലമാണിത്. ചാലക്കുടിയാര്‍, പെരിയാര്‍, മാഞ്ഞാലിത്തോട് എന്നിവ സംഗമിക്കുന്ന ഇവിടെ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നതോടെയാണ് ആളുകള്‍ സുരക്ഷിതസ്ഥാനം തേടി ഒാടിയത്. സെന്റ് തോമസ് പള്ളി, സെന്റ് സേവ്യേഴ്‌സ് സ്‌കൂള്‍, പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് ആളുകള്‍ അഭയംപ്രാപിച്ചു. ഇവിടെ ആളുകള്‍ കൂടിയപ്പോള്‍ കുറച്ചുപേര്‍ സെന്റ് സേവ്യേഴ്‌സ് പാരിഷ് ഹാളിനോട് ചേര്‍ന്നുള്ള പള്ളിമേടയില്‍ എത്തി.
എന്നാല്‍, 90 വര്‍ഷത്തോളം പഴക്കമുള്ള മേടയുടെ രണ്ടാംനില വ്യാഴാഴ്ചയോടെ വെള്ളത്തിലേക്ക് തകര്‍ന്നുവീഴുകയായിരുന്നു. തൂണും വരാന്തയും ചേര്‍ന്ന ഭാഗമാണ് ഇടിഞ്ഞുവീണത്. ആറുപേര്‍ അടിയില്‍പ്പെട്ടു. ആറടിയോളം ഉയരത്തില്‍ കുതിച്ചൊഴുകിക്കൊണ്ടിരുന്ന വെള്ളത്തിനിടയില്‍പ്പെട്ട കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഇവരെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
വൈദ്യുതിയും വാര്‍ത്താവിനിമയ സംവിധാനവും തകരാറിലായതോടെ ഇവരുടെ അവസ്ഥ പുറംലോകം അറിയാന്‍ വൈകി. രക്ഷാപ്രവര്‍ത്തകര്‍ ഇവിടെ ചെറുബോട്ടില്‍ എത്തിയെങ്കിലും ശക്തമായ കുത്തൊഴുക്കിനെ തുടര്‍ന്ന് ഇവരുടെ അടുത്തേക്ക് എത്താന്‍ കഴിഞ്ഞില്ല. ഇതിനിടയില്‍ കെട്ടിടത്തിന് അടിയില്‍പ്പെട്ട നാലുപേരുടെ മൃതദേഹം പൊങ്ങി.
ആലുവ, പെരുമ്പാവൂര്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനിക്കുകയും പറവൂര്‍ കുത്തിയതോട് മേഖലയിലെ ജലനിരപ്പ് താഴുകയും ചെയ്തശേഷം കഴിഞ്ഞദിവസം മുതലാണ് ഇവിടെ ഊര്‍ജിത രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss