|    Apr 26 Wed, 2017 1:51 am
FLASH NEWS

പറമ്പിക്കുളത്തേക്കുള്ള ഗതാഗതനിയന്ത്രണം: സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി

Published : 3rd November 2016 | Posted By: SMR

തിരുവനന്തപുരം: പറമ്പിക്കുളത്തേക്ക് തമിഴ്‌നാടിലെ മീനാക്ഷിപുരം വഴിയുള്ള ഗതാഗതനിയന്ത്രണം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. പറമ്പിക്കുളം ഉള്‍പ്പടെയുള്ള ഡാമുകളിലേക്ക് നിലവിലുള്ള പ്രവേശനമാര്‍ഗമായ മീനാക്ഷിപുരം സേത്തുമട ടോപ് സ്ലിപ് റോഡില്‍ ഒരാഴ്ചയോളം ഗതാഗതസ്വാതന്ത്ര്യം നിഷേധിച്ചിരുന്നു. വികാരപരമായ നിലപാടെടുക്കാതെ ഈ പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും കെ ബാബുവിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. 2012 ഫെബ്രുവരിയില്‍ ഈ റോഡിലൂടെ സ്വകാര്യവാഹനം നിരോധിച്ചതിനെത്തുടര്‍ന്ന് സുപ്രികോടതി നിര്‍ദേശപ്രകാരം 2012 നവംബര്‍ 24ന് വിലക്ക് നീക്കി. നിലവില്‍ യാത്രയ്ക്ക് തടസമില്ല. കേരളത്തിലൂടെ പറമ്പിക്കുളത്തേക്ക് പോവാനുള്ള മാര്‍ഗം തൂത്തമ്പാറ എസ്റ്റേറ്റുവഴിയുള്ള കാട്ടുപാതയാണ്. നെല്ലിയാമ്പതി നൂറാം മൈല്‍ പാലം മുതല്‍ തുടങ്ങുന്ന 28 കിലോമീറ്റര്‍ റോഡിലൂടെ കുരിയാര്‍കുറ്റിയിലെത്താം. പറമ്പിക്കുളം കടുവാസങ്കേതത്തിലെ ക്രിട്ടിക്കല്‍ ടൈഗര്‍ ഹാബിറ്റാറ്റ് കെയര്‍ മേഖലയിലൂടെയാണ് ഈ റോഡ് കടന്നുപോവുന്നത്. റോഡ് നിര്‍മാണത്തെക്കുറിച്ച് പഠിച്ച കേരള വനംഗവേഷണകേന്ദ്രം പരിസ്ഥിതിപ്രശ്‌നമുണ്ടാക്കുമെന്ന് റിപോര്‍ട്ട് നല്‍കിയിട്ടുണ്ട്. റോഡ് കടന്നുപോവുന്ന പ്രദേശത്ത് പോലിസിന്റെയും വനംവകുപ്പിന്റെയും സംയുക്തസംഘം നടത്തിയ പരിശോധനയില്‍, ഏക പോംവഴി ഈ റോഡ് നന്നാക്കിയെടുക്കുക മാത്രമാണെന്നാണ് നല്‍കിയ നിര്‍ദേശം. എന്നാല്‍, വനംഭൂമി വനേതര ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിനാല്‍ സുപ്രിംകോടതിയുടെയും വനംസംരക്ഷണനിയമത്തിന്റെയും അനുമതി വേണ്ടിവരും. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പുതുക്കാനുള്ള നടപടിക ള്‍ 1988 മുതല്‍ സംസ്ഥാനം സ്വീകരിച്ചിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ലെന്നും ശ്രമം സര്‍ക്കാര്‍ തുടരുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day