|    Oct 19 Fri, 2018 6:45 pm
FLASH NEWS

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനം : മുഖ്യമന്ത്രിക്ക് എംഎല്‍എമാര്‍ നിവേദനം നല്‍കും

Published : 9th September 2017 | Posted By: fsq

 

പാലക്കാട്: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ തമിഴ്‌നാട് ലംഘിക്കുന്നത് തടയാന്‍ അടിയന്തര തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ എംഎല്‍എമാര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. ജില്ലാ കലക്ടര്‍ ഡോ.പി സുരേഷ് ബാബുവിന്റെ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന എംഎല്‍എമാരുടേയും ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. കരാര്‍പ്രകാരമുള്ള പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഭൂമിയും കെട്ടിടങ്ങളും അടിയന്തരമായി ഏറ്റെടുക്കാനുള്ള നടപടി സ്വീകരിക്കും. 30വര്‍ഷത്തിന് ശേഷം പുതിയ ഉടമ്പടിയുണ്ടാക്കണമെന്ന നിബന്ധന നടപ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.പറമ്പിക്കുളം ഡാമിന്റെ തടങ്ങളിലും അനുബന്ധ പുഴകളിലും അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും കരാര്‍ പ്രകാരമുള്ള നിശ്ചിത അളവ് വെള്ളം തരാത്തതുമാണ് ശ്രദ്ധയില്‍പ്പെടുത്തുക. കരാര്‍ പ്രകാരം ഈമാസം 16നും 30നുമിടയില്‍ 540 ക്യൂസെക്‌സ് ജലം നല്‍കണം. ഇത് പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ഈമാസം ഒന്നുമുതല്‍ 400 ക്യൂസെക്‌സ് വെള്ളം തമിഴ്‌നാട്  നല്‍കേണ്ടതാണ്. എന്നാല്‍ 250 ക്യൂസെക്‌സ് വെള്ളമാണ് നല്‍കിയത്. ഈ സാഹചര്യത്തിലാണ് 16ന് ശേഷം ലഭിക്കേണ്ട വെള്ളം സംബന്ധിച്ചും മുന്‍കൂട്ടി ഉറപ്പാക്കുന്നത്. നിയന്ത്രണമില്ലാതെ ഒഴുകുന്ന വെള്ളം (അണ്‍ കണ്‍ട്രോള്‍ഡ് ഫഌഡ് വാട്ടര്‍) തമിഴ്‌നാട് എടുക്കുന്നത് അനുവദിക്കരുതെന്നും ആവശ്യപ്പെടും. ഭാവിയില്‍ ഇത് ഭാരതപ്പുഴയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുമെന്നതിനാലാണിത്. അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരം ബന്ധപ്പെട്ടവരെ നിശ്ചിത സമയത്ത് അറിയിക്കാതിരുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും ശുപാര്‍ശ ചെയ്യും. നിലവിലുള്ള ഉപദേശക സമിതി പുന: സംഘടിപ്പിക്കാനും ആവശ്യപ്പെടും.46 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രദേശത്ത് നടത്തിയതായി തമിഴ്‌നാടിന്റെ  ഇറിഗേഷന്‍ പ്ലാനില്‍ വ്യക്തമാക്കിയിട്ടുണ്ട്. നബാര്‍ഡ് ചെലവിലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ ജോയിന്റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡിന്റെ അനുമതി തേടണമെന്ന വ്യവസ്ഥയും തുടര്‍ച്ചയായി ലംഘിക്കപ്പെട്ടിട്ടുണ്ട്. മലമ്പുഴ ഒന്നാം പുഴയിലെ ഉറവിടത്തില്‍ തന്നെ തടയണ കെട്ടി തമിഴ്‌നാട് വെള്ളം കടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ട്  പരിശോധിക്കാന്‍ ജലസേചനം, വനം, പൊലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ സംയുക്ത പരിശോധനം നടത്തും.യോഗത്തില്‍ എംഎല്‍എമാരായ കെ കൃഷ്ണന്‍കുട്ടി, കെ വി വിജയദാസ്, കെ ബാബു, ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്ച്യുതാനന്ദന്റെ പേഴ്‌സനല്‍ അസിസ്റ്റന്റ് എന്‍ അനില്‍കുമാര്‍ എഡിഎം എസ് വിജയന്‍, സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ പി സുധീര്‍, ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss