|    Oct 18 Wed, 2017 7:47 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പറമ്പിക്കുളം- ആളിയാര്‍ കരാര്‍ – തമിഴ്‌നാടുമായി ഒത്തുതീര്‍പ്പിന് ശ്രമം: മുഖ്യമന്ത്രി

Published : 12th August 2017 | Posted By: fsq

 

തിരുവനന്തപുരം: പറമ്പിക്കുളം-ആളിയാര്‍ പദ്ധതി കരാറുമായി ബന്ധപ്പെട്ട വിഷയത്തെ വൈകാരികമായല്ല കേരളം സമീപിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തമിഴ്‌നാടുമായി രമ്യമായ ഒത്തുതീര്‍പ്പിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിഷയത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കാന്‍ മുന്‍കൈയെടുക്കും. തമിഴ്‌നാട് സര്‍ക്കാര്‍ ഈ വിഷയത്തില്‍ ക്രിയാത്മകമായി പ്രതികരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും സമയബന്ധിതമായി കരാര്‍ പുനരവലോകനം ചെയ്യുന്നതിനും തമിഴ്‌നാട് മുഖ്യമന്ത്രിയെ കഴിഞ്ഞ ഏപ്രില്‍ 29നു ചര്‍ച്ചയ്ക്കു ക്ഷണിച്ചിരുന്നു. എന്നാല്‍, ഇതുവരെയും തമിഴ്‌നാട് തിയ്യതി നിശ്ചയിച്ച് അറിയിച്ചിട്ടില്ല. കരാര്‍ പ്രകാരം കേരളത്തിന് ഓരോ ജലവര്‍ഷവും ലഭിക്കേണ്ട ജലത്തിന്റെ അളവ് നിജപ്പെടുത്തിയിട്ടുണ്ട്. മണക്കടവ് വിയറില്‍ 7250 മില്യന്‍ ക്യൂബിക് ഫീറ്റും കേരള ഷോളയാര്‍ സംഭരണിയില്‍ 12,300 മില്യന്‍ ക്യൂബിക് ഫീറ്റ് ജലവുമാണ് ലഭിക്കേണ്ടത്. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കരാര്‍ പ്രകാരമുള്ള ജലം കേരളത്തിനു ലഭിക്കുന്നില്ല. പറമ്പിക്കുളം ഡാമില്‍ നിന്നു കോണ്ടൂര്‍ കനാല്‍ വഴി സപ്തംബര്‍ മൂന്നാമത്തെ ആഴ്ചയിലാണ് വെള്ളം തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോകാറ്. എന്നാല്‍, ആഗസ്ത് 8നു തന്നെ കനാല്‍ തുറന്നു വെള്ളം കൊണ്ടുപോയി. കരാര്‍ പ്രകാരം അര്‍ഹതപ്പെട്ട വെള്ളം ചിറ്റൂര്‍ ഡാമില്‍ ലഭിക്കുന്നുമില്ല. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും ശക്തമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നേരില്‍ സംസാരിച്ച് പരാതി നല്‍കി. വ്യാഴാഴ്ച മുഖ്യമന്ത്രി നേരിട്ട് തമിഴ്‌നാട് മുഖ്യമന്ത്രിക്ക് കത്തയച്ചു. ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുമുണ്ട്. കരാര്‍ പ്രകാരമുള്ള ജലം കേരളത്തിനു ലഭ്യമാക്കാനുള്ള നിര്‍ദേശം തമിഴ്‌നാടിനു നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ജലവിഭവമന്ത്രിക്കും കത്തു നല്‍കി. കാലാകാലങ്ങളായി തമിഴ്‌നാട് കരാര്‍ പാലിക്കാറില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, ഏതാനും ചിലര്‍ പരാതി ഉന്നയിക്കുന്നുവെന്ന കാരണത്താല്‍ പിഎസ്‌സി പരീക്ഷ റദ്ദാക്കണമെന്ന ആവശ്യം ന്യായീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി. അതീവരഹസ്യ സ്വഭാവത്തോടെയാണ് പിഎസ്‌സി ചോദ്യപേപ്പറുകള്‍ തയ്യാറാക്കുന്നത്. ചോദ്യപേപ്പറിനെക്കുറിച്ച് പരാതി ഉന്നയിക്കാ ന്‍ പിഎസ്‌സി സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക