|    Nov 14 Wed, 2018 5:52 am
FLASH NEWS
Home   >  Todays Paper  >  page 12  >  

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: തമിഴ്‌നാട് ജലം ഊറ്റുന്നു

Published : 4th August 2016 | Posted By: SMR

കെ വി സുബ്രഹ്മണ്യന്‍

കൊല്ലങ്കോട്(പാലക്കാട്): പറമ്പിക്കുളം- ആളിയാര്‍ കരാര്‍പ്രകാരം കേരളത്തിനു ലഭിക്കേണ്ട വെള്ളം നല്‍കാതെ തമിഴ്‌നാട് സര്‍ക്കാര്‍ കബളിപ്പിക്കുന്നു. അന്തര്‍സംസ്ഥാന നദീജല കരാര്‍ നിലവില്‍ വന്നതോടെ വര്‍ഷപാതങ്ങളില്‍ അധികമായി ലഭിക്കുന്ന വെള്ളം പ്രത്യേകമായി നിശ്ചയിച്ച അളവില്‍ കേരളത്തിനു ലഭിക്കുന്ന ക്രമീകരണമാണ് പറമ്പിക്കുളം- ആളിയാര്‍ കരാര്‍.
കേരളത്തിന്റെ ഭൂപ്രദേശത്തുള്ള പറമ്പിക്കുളം ഡാമില്‍ നിന്നു തമിഴ്‌നാട് ഉടമസ്ഥതയിലുള്ള ആളിയാര്‍ ഡാമിലെത്തുന്ന വെള്ളം മണ്‍സൂണുകളില്‍ അധികമായി ഒഴുക്കിവിടുമ്പോഴാണ് കേരളത്തിനു ലഭിക്കുന്നത്. എന്നാല്‍, കേരളത്തിന് അവകാശപ്പെട്ട ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കുകയാണ്.ഇതിനായി തമിഴ്‌നാട് സര്‍ക്കാര്‍ പുതിയ കനാല്‍ നിര്‍മിക്കുന്നു. മണ്‍സൂണിലും മറ്റും ആനമല പുഴയിലേക്ക് ഒഴുക്കിവിടേണ്ട അധികജലം 20 കോടി രൂപ ചെലവഴിച്ച് ആറ് കിലോമീറ്റര്‍ നീളംവരുന്ന കനാല്‍ നിര്‍മിച്ചാണ് ആളിയാറിലേക്കു കൊണ്ടുപോവുന്നത്. മുമ്പ് ചെറിയ തോടായിരുന്നത് ഇപ്പോള്‍ വലിയ കനാലാക്കി വികസിപ്പിച്ചിരിക്കുകയാണ്.
പറമ്പിക്കുളം ഗ്രൂപ്പ് ഡാമുകളില്‍ നിന്നുള്ള വെള്ളം ഉപയോഗിച്ച് സേത്തുമടയ്ക്കടുത്തുള്ള സര്‍ക്കാര്‍ പതി പവര്‍ഹൗസില്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച ശേഷം ഒഴുക്കിവിടുന്ന അധികജലവും മഴവെള്ളവുമാണ് സര്‍ക്കാര്‍ പതി പവര്‍ഹൗസിനു താഴെയുള്ള വിയറക്കലില്‍ പ്രത്യേക ഷട്ടറുകള്‍ സ്ഥാപിച്ച് പുതുതായി നിര്‍മിക്കുന്ന കനാലിലൂടെ ആളിയാറിലേക്കു കൊണ്ടുപോവുന്നത്. മഴക്കാലത്ത് അധികം ലഭിക്കുന്ന വെള്ളം ഈ വിയറില്‍നിന്ന് ആനമല പുഴയിലുടെ മണക്കടവിലും പിന്നീട് കേരളത്തിലെ മൂലത്തറ ഗൈുലേറ്ററിലും എത്തിച്ച് ചിറ്റൂര്‍ പുഴയിലേക്ക് തുറന്നുവിടുകയാണു ചെയ്യുന്നത്. പുതിയ കനാല്‍ നിര്‍മിക്കുന്നതിലൂടെ  വെള്ളം ആളിയാറിലേക്കു തിരിച്ചുവിടാന്‍ തമിഴ്‌നാടിനു കഴിയും. സര്‍ക്കാര്‍ പതിക്കു താഴെയുള്ള വിയറില്‍ നിന്ന് പറമ്പിക്കുളം വരെ ആറ് കിലോമീറ്റര്‍ ദൂരം പുതിയ കനാല്‍ നിര്‍മിക്കാന്‍ 20 കോടി രൂപയുടെ പദ്ധതിയാണ് തമിഴ്‌നാട് ജലസേചന വകുപ്പ് തയ്യാറാക്കായിരിക്കുന്നത്.
2016 മാര്‍ച്ച് 2നാണ് നിര്‍മാണം തുടങ്ങിയത്. 18 മാസംകൊണ്ട് പൂര്‍ത്തീകരിക്കാനാണ് കരാറില്‍ നിര്‍ദേശിച്ചിട്ടുള്ളത്. തമിഴ്‌നാടും കേരളവും തമ്മില്‍ 1958 മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ 1970ലാണ് പറമ്പിക്കുളം- ആളിയാര്‍ അന്തര്‍സംസ്ഥാന നദീജല കരാര്‍ ഒപ്പുവച്ചത്. ചിറ്റൂര്‍ പുഴ പദ്ധതി നദീതടത്തില്‍ ഇരുപ്പൂവല്‍ കൃഷിക്കായി 7.250 ടിഎംസി വെള്ളം മണക്കടവ് വിയറില്‍ നിന്നു ലഭ്യമാക്കണമെന്നാണ് വ്യവസ്ഥ. പാലാര്‍, ആളിയാര്‍ നദികളില്‍ മഴക്കാലത്തു ലഭിക്കുന്ന അധിക വെള്ളവും വിട്ടുനല്‍കണം. എന്നാല്‍, കരാര്‍ നിരന്തരമായി ലംഘിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍.
ആളിയാര്‍ ഡാമിനു മുകളിലായി കാടമ്പാറ ഡാമും പവര്‍ഹൗസും ഇതിനു മുകളിലായി വണ്ടാല്‍ ഡാമും ദേവിയാര്‍ വിയറും അകമല വിയറും പണിതതായി 9ാം നിയമസഭ നിയോഗിച്ച അഡ്‌ഹോക്ക് കമ്മിറ്റി റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘ഇതിനു പുറമേ ചിറ്റൂര്‍ പുഴയുടെ കൈവരികളായ നല്ലാര്‍ ഉള്‍പ്പെടെയുള്ള പുഴകളിലെ വെള്ളം കോണ്ടൂര്‍ കനാല്‍ മുഖേന തടഞ്ഞ് തിരുമൂര്‍ത്തി ഡാമിലേക്കും ഉപ്പിലാറ്റില്‍ നിന്നും മറ്റ് അരുവികളില്‍ നിന്നും ആളിയാറില്‍ നിര്‍ത്തേണ്ട ജലം ഒമ്പത് ഭാഗത്ത് ഷട്ടറിട്ട് കടത്തിക്കൊണ്ടുപോവുന്നതും സമിതി കണ്ടെത്തിയിരുന്നു.
ഷോളയാര്‍ റിസര്‍വോയറില്‍ നിന്ന് രണ്ട് സ്പില്‍വേ നിര്‍മിച്ച് തമിഴ്‌നാട്ടിലേക്ക് വെള്ളം തിരിച്ചുവിട്ടിട്ടുമുണ്ട്. ഇത്രയധികം കരാര്‍ ലംഘനങ്ങള്‍ കണ്ടെത്തിയ സമിതി സര്‍ക്കാരിനു സമര്‍പ്പിച്ച റിപോര്‍ട്ടില്‍ ഒരു നടപടിയും എടുത്തില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss