|    Jul 26 Wed, 2017 6:27 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

പറന്നുയരാന്‍ ഇനി മാസങ്ങള്‍ മാത്രം

Published : 18th October 2016 | Posted By: SMR

സുബൈര്‍ ഉരുവച്ചാല്‍

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട വിമാനത്താവളത്തില്‍ 2017 മാര്‍ച്ചില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിമാന സര്‍വീസ് ആരംഭിക്കുന്നതിനാല്‍ നിര്‍മാണ പ്രവൃത്തിക്ക് വേഗം കൂടി. 2016 സപ്തംബറില്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും പ്രവൃത്തി വൈകുകയായിരുന്നു.
3050 മീറ്ററിലുള്ള റണ്‍വേയുടെ പ്രവൃത്തി മൂന്നുമാസം മുമ്പേ പൂര്‍ത്തിയായിരുന്നു. റണ്‍വേ 3050ല്‍ നിന്ന് 3400 മീറ്ററാക്കാനും മൂന്നാംഘട്ടത്തില്‍ 4000 മീറ്ററാക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ കിയാല്‍ നടത്തിവരികയാണ്. 20 വിമാനങ്ങള്‍ നിര്‍ത്തിയിടാനുള്ള ഏപ്രണ്‍, ടാക്‌സി വേ എന്നിവയുടെ പ്രവൃത്തിപൂര്‍ത്തിയായി. പാസഞ്ചര്‍ ടെര്‍മിനല്‍ ബില്‍ഡിങ്, ഫയര്‍‌സ്റ്റേഷന്‍, അപ്രോച്ച് റോഡുകള്‍, ഓപറേഷന്‍ ബൗണ്ടറി മതില്‍, വൈദ്യുതി സബ് സ്‌റ്റേഷന്‍, വാട്ടര്‍ ടാങ്ക്, ചുറ്റുമതില്‍, ബസ് പാര്‍ക്ക്, ടെര്‍മിനല്‍ ബില്‍ഡിങിലേക്കുള്ള മേല്‍പാലം തുടങ്ങിയവയുടെ പ്രവൃത്തി പുരോഗമിക്കുന്നു. കഴിഞ്ഞഡി മാര്‍ച്ച് 29 നാണ്  പരീക്ഷണ പറക്കല്‍ നടത്തിയത്. ഇതിനുശേഷവും നിര്‍മാണം അതിവേഗത്തിലാണ് മുന്നോട്ടു പോയി്. മട്ടന്നൂരില്‍നിന്ന് വിമാനത്താവളത്തിലേക്കുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി നടന്നുവരുന്നു.  പത്തരക്കോടിയോളം രൂപ ചെലവിട്ടാണ് വയന്തോട് മുതല്‍ വിമാനത്താവളത്തിന്റെ കവാടമായ കാര വരെ റോഡ് നവീകരിക്കുന്നത്. കണ്ണൂര്‍-മട്ടന്നൂര്‍ ഗ്രീന്‍ ഫീല്‍ഡ് റോഡിന്റെ പ്രവൃത്തിയാണ് എങ്ങുമെത്താതെ കിടക്കുന്നത്. സ്ഥലമേറ്റെടുക്കുന്നതിന് സര്‍വേ പ്രവര്‍ത്തനം ആരംഭിച്ചിരുന്നെങ്കിലും ചിലയിടങ്ങളില്‍പ്രതിഷേധം ഉയര്‍ന്നതോടെ സര്‍വേ പൂര്‍ത്തീകരിക്കാനായില്ല. തലശ്ശേരിയില്‍നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തിലെത്താന്‍ മട്ടന്നൂര്‍-പഴശ്ശി കനാല്‍, കാര റോഡ് ബൈപ്പാസാക്കി പൂര്‍ത്തീകരിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരുന്നു. പയ്യന്നൂര്‍-ധര്‍മശാല-മയ്യില്‍-ചാലോട്- മട്ടന്നൂര്‍ റോഡ്, വയനാട്-മട്ടന്നൂര്‍ റോഡ് ഉളിയില്‍ വരെ പ്രവൃത്തി നടത്തുന്നതിന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പ്രപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിക്കുകയുണ്ടായെങ്കിലും ഇതുവരെ തീരുമാനമായിട്ടില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക