|    Oct 18 Thu, 2018 12:15 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പറഞ്ഞ ലക്ഷ്യങ്ങളില്‍ ഒന്നുപോലും നിറവേറ്റാന്‍ മോദിക്കായില്ല: യെച്ചൂരി

Published : 9th January 2017 | Posted By: fsq

തിരുവനന്തപുരം: 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞ ലക്ഷ്യങ്ങളില്‍ ഒന്നുപോലും അദ്ദേഹത്തിനു നിറവേറ്റാനായില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേന്ദ്രകമ്മിറ്റി സമാപിച്ചതിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണം തടയുക, കള്ളനോട്ട് തടയുക, ഭീകരവാദം ചെറുക്കുക, അഴിമതി ചെറുക്കുക എന്നിവ മോദി നിരത്തിയ പ്രധാന വാദങ്ങളില്‍ ചിലതായിരുന്നു. എന്നാല്‍, ഇവയില്‍ ഒരു ലക്ഷ്യം പോലും മോദി സര്‍ക്കാര്‍ ഇതേവരെ കൈവരിച്ചില്ല. നോട്ടു നിരോധനവുമായി ബന്ധപ്പെട്ട തീരുമാനംമൂലമുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ അവസാനിക്കാന്‍ 50 ദിവസത്തെ സമയമാണു മോദി ചോദിച്ചത്. എന്നാല്‍ മോദി ഉറപ്പുനല്‍കിയതിലും ഏറെ മോശം അവസ്ഥയിലാണ് ഇന്നു രാജ്യത്തെ കോടിക്കണക്കിനു ജനങ്ങള്‍ തുടരുന്നത്. ജനങ്ങളില്‍ നിന്നു ബാങ്കുകളിലേക്കെത്തിയ തുക ഇനി കോര്‍പറേറ്റുകള്‍ക്കു നല്‍കും. പിന്നീടത് എഴുതിത്തള്ളുകയും ചെയ്യാനുള്ള തന്ത്രമാണിത്. നോട്ട് അസാധുവാക്കല്‍ കൊണ്ട് ഇതുവരെ നേട്ടമുണ്ടായത് കള്ളപ്പണക്കാര്‍ക്കും കള്ളനോട്ടുകാര്‍ക്കും മാത്രമാണ്. കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞുവെന്നാണ് ഒന്നാമത്തെ അവകാശവാദം. എന്നാല്‍ 2014ല്‍ മോദിതന്നെ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിന്റെ 90 ശതമാനവും വിദേശ ബാങ്കുകളിലാണെന്നാണ്. ഇതില്‍ ഒരാളുടെ പണംപോലും തിരിച്ചുപിടിച്ചിട്ടില്ല. എല്ലാ പണവും തിരിച്ചെത്തിയെങ്കില്‍ ഇനിയും പാവപ്പെട്ട ജനങ്ങളുടെ പണമിടപാടില്‍ നിയന്ത്രണം തുടരുന്നതെന്തിനാണ്. നോട്ട് അസാധുവാക്കല്‍ ആഭ്യന്തര വളര്‍ച്ചാനിരക്കിനെ ബാധിച്ചില്ലെന്ന ബിജെപി പ്രചാരണവും തട്ടിപ്പാണ്. വളര്‍ച്ചാനിരക്ക് 7.1 ശതമാനമാണെന്നും നേരത്തേതില്‍ നിന്ന് നേരിയ കുറവേ ഉള്ളൂവെന്നുമാണു പറയുന്നത്. കഴിഞ്ഞ അര്‍ധവാര്‍ഷികത്തില്‍ ഇത് 7.5 ശതമാനമായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിജെപി പറയുന്ന കണക്ക് നോട്ട് അസാധുവാക്കലിനു മുമ്പുള്ള കണക്കെടുത്താണ്. ഒക്ടോബര്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ ഉള്‍പ്പെടുത്താതെ ഉള്ളതാണിത്. അതുകൂടി കണക്കാക്കുമ്പോള്‍ വളര്‍ച്ചാനിരക്ക് കുത്തനെ ഇടിഞ്ഞുവെന്നു വ്യക്തമാവും. 32 ദശലക്ഷം വരുന്ന തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായി. കര്‍ഷക ആത്മഹത്യ 42 ശതമാനം വര്‍ധിച്ചു. കുത്തകകളുടെ 1,12,000 കോടി രൂപയാണ് എഴുതിത്തള്ളിയത്. സമ്പന്നരെ കൂടുതല്‍ സമ്പന്നരും ദരിദ്രരെ കൂടുതല്‍ ദരിദ്രരുമാക്കുന്ന ഈ നയങ്ങള്‍ക്കും വര്‍ഗീയത ഉയര്‍ത്തിവിട്ട് ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരേ ശക്തമായ പ്രക്ഷോഭം പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടത്തുമെന്നും യെച്ചൂരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss