|    Apr 25 Wed, 2018 1:45 pm
FLASH NEWS
Home   >  Editpage  >  Middlepiece  >  

പറക്കുന്ന യുവത്വം മീഡിയയില്‍

Published : 13th April 2016 | Posted By: SMR

കെ എല്‍ മോഹനവര്‍മ്മ

ഗരുഡനെപ്പോലെയോ ജടായുവിനെപ്പോലെയോ പറക്കുക എന്നത് രാമായണ-മഹാഭാരത കഥകള്‍ കേള്‍ക്കാനും കേള്‍പ്പിക്കാനും തുടങ്ങിയ കാലം മുതല്‍ നമ്മുടെ സ്വപ്‌നമായിരുന്നു. ഹനുമാന്‍ വലതു കൈയില്‍ മൃതസഞ്ജീവിനിച്ചെടി വളരുന്ന മലയും പൊക്കി പറന്നുവരുന്നത് നമ്മുടെ സ്വപ്‌നത്തിന്റെ അവസാന ദൃശ്യമായിരുന്നു.
റൈറ്റ് സഹോദരന്‍മാര്‍ വിമാനമുണ്ടാക്കി പറപ്പിച്ചത് ഒരു ശല്യക്കാരന്‍ കഴുകന്റെ കാഷ്ഠം തലയില്‍ വീണതിനു പ്രതികാരമായിട്ടായിരുന്നത്രെ. എന്നിട്ട് ആദ്യത്തെ വിമാനത്തിന്റെ പറക്കല്‍ സമയത്ത് അതിനെ ലേശം കൗതുകത്തോടും ഭയത്തോടും കൂടി പിന്തുടര്‍ന്ന ഒരു കഴുകനെ നോക്കി റൈറ്റ് ഒന്നാമന്‍ പറഞ്ഞത്രെ, ”തിന്നെടാ, എന്റെ കാഷ്ഠം തിന്നെടാ.” മനുഷ്യന്‍ പറന്നുവെന്ന വാര്‍ത്ത വരുകയാണെങ്കില്‍ നാം വിശ്വസിക്കുകയില്ല. പറക്കുംതളിക പ്രത്യക്ഷപ്പെട്ടെന്ന വാര്‍ത്തപോലെയേ അതിനെ നമ്മളും കരുതുകയുള്ളൂ.
എന്നാല്‍, മീഡിയയില്‍ 1934ല്‍ ഒരു സ്‌ഫോടനാത്മക വാര്‍ത്ത വന്നു. ജര്‍മനിയില്‍ എറിക് കോച്ചെര്‍ എന്ന പൈലറ്റ് ഒരു പുതിയ പറക്കല്‍യന്ത്രം കണ്ടുപിടിച്ചു പറക്കാന്‍ തുടങ്ങിയിരിക്കുന്നു. യന്ത്രം വളരെ ലളിതമാണ്. ശരീരത്തില്‍ ബെല്‍റ്റിട്ടു മുറുക്കി ഘടിപ്പിച്ചാല്‍ മതി. ശ്വാസകോശത്തില്‍നിന്നുയരുന്ന എനര്‍ജി ഇന്ധനമായി ഉപയോഗിച്ചു പറക്കാന്‍ കഴിയും. ജനത്തെ വിശ്വസിപ്പിക്കാനായി എറിക് അങ്ങനെ പറക്കുന്നതിന്റെ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രവും ഒപ്പം വന്നു. ഈ വാര്‍ത്തയും പടവും ഇന്റര്‍നാഷനല്‍ ന്യൂസ് ഫോട്ടോ വയര്‍ ഏജന്‍സി വിതരണം ചെയ്തത് അമേരിക്കയിലെ എല്ലാ പ്രധാന പത്രങ്ങളും വായനക്കാരനു നല്‍കി. വാസ്തവത്തില്‍ ഈ വാര്‍ത്തയും ചിത്രവും ഒരു ജര്‍മന്‍ മാസിക വളരെ പണിപ്പെട്ട് ഏപ്രില്‍ ഫൂള്‍ പതിപ്പിലേക്ക് അതിരഹസ്യമായി തയ്യാറാക്കിയ മാറ്ററായിരുന്നു.
അന്ന് ഇക്കാലത്തെപോലെ റിപോര്‍ട്ടര്‍ക്ക് ആലോചിക്കാന്‍പോലും നിമിഷം കിട്ടാത്ത ക്വിക്ക് തല്‍സമയ ടിവി-സോഷ്യല്‍ മീഡിയ ശത്രുക്കളെ കടത്തിവെട്ടേണ്ട ധൃതിയില്ലായിരുന്നു. പക്ഷേ, വാര്‍ത്തയുടെ പ്രഭയില്‍ അതിലെ അല്‍പം കോമണ്‍സെന്‍സ് ഉപയോഗിച്ചു കണ്ടുപിടിക്കാമായിരുന്ന തെറ്റുകള്‍ കാണാന്‍ വിട്ടുപോയി.
ഒന്ന്, ഇത് ഏപ്രില്‍ ഫൂള്‍ കാലമായിരുന്നു. രണ്ട്, കോച്ചെര്‍ എന്ന പേരിന്റെ ജര്‍മന്‍ ഭാഷയിലെ സ്‌പെല്ലിങ് കോയ്‌ച്ചെര്‍ എന്ന വാക്കിന്റേതായിരുന്നു. കോയ്‌ച്ചെര്‍ എന്നുവച്ചാല്‍ വലിവ്, തികട്ട്, കീഴ്ശ്വാസം എന്നൊക്കെയാണ് അര്‍ഥം. വാര്‍ത്തയില്‍ കാര്യങ്ങള്‍ വിശദമായി വിവരിച്ചിരിക്കുന്നു. പൈലറ്റ് ശ്വാസോച്ഛ്വാസത്തിലൂടെ പുറത്തേക്കുവിടുന്ന കാര്‍ബണ്‍ഡയോക്‌സൈഡ് തീരെ ചെറിയ ഒരു മോട്ടോര്‍ വഴി ഇന്ധനമാക്കി മാറ്റുന്ന ടെക്‌നോളജി പ്രാവര്‍ത്തികമാക്കിയാണിത്. അത് 1930കളിലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ കാലമായിരുന്നു. ചെലവുചുരുക്കുന്നു എന്ന് അവകാശപ്പെടുന്ന എന്തു ടെക്‌നോളജിയും ഉടന്‍ ചെലവാകുന്ന സാമൂഹിക മനസ്സാണ് അന്നു നിലവില്‍ നിന്നിരുന്നത്. ഇതൊന്നും പോരാഞ്ഞ് വാര്‍ത്താചിത്രത്തില്‍ മഞ്ഞുമലയുടെ പശ്ചാത്തലത്തില്‍ പറക്കുന്ന വ്യക്തിയുടെ കാലിനിടയില്‍ മഞ്ഞുപാളിയില്‍ നടക്കാനുപയോഗിക്കുന്ന വളഞ്ഞ വലിയ സ്‌നോഷൂവിന്റെ അറ്റം ദൃശ്യമായിരുന്നു.
ഇപ്പോള്‍ ഇക്കഥ ഓര്‍മിപ്പിക്കാന്‍ കാരണം അടുത്തകാലത്തായി ഇന്ത്യന്‍ ദേശീയ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളുടെ ശൈലിയിലെ മാറ്റം കാണുമ്പോഴാണ്. സോഷ്യല്‍മീഡിയയുടെ, ആസൂത്രിതമെന്നു തോന്നിപ്പിക്കുന്നവിധം ഒരുക്കിയ വാര്‍ത്തകളുടെ ആകര്‍ഷണീയതയില്‍ പത്രങ്ങളും ടെലിവിഷനും വീണുപോവുന്നു. രാഷ്ട്രീയവിഷയങ്ങളിലാണ് ഇന്ന് ഇത് ഏറെ പ്രകടമാവുന്നത്.
ഇന്ത്യയില്‍ സ്വാതന്ത്ര്യസമരകാലം മുതല്‍ ഇടതുപക്ഷ ചിന്താഗതിക്കാരായിരുന്നു അഭ്യസ്തവിദ്യരുടെ ഇടയില്‍ ബഹുഭൂരിപക്ഷവും. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സില്‍നിന്നു വിട്ടുപോയ ഇടതുപക്ഷപ്രവര്‍ത്തകരും അവരുടെ ചിന്താഗതിയുമായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ. ഇന്നു കമ്മ്യൂണിസത്തിനും ഇടതുപക്ഷത്തിനും സാധാരണ ജനസമൂഹത്തില്‍ ചെറിയ പോക്കറ്റുകളില്‍പ്പോലും ഉണ്ടായിരുന്ന സ്വാധീനം കുറഞ്ഞുകുറഞ്ഞു നാമമാത്രമായെങ്കിലും ബുദ്ധിജീവികളുടെയും വന്‍ നഗരങ്ങളിലെ വിദ്യാര്‍ഥികളുടെയും ഇടയില്‍ ഏറെ സ്വാധീനമുണ്ട്. സോഷ്യല്‍മീഡിയ ശരിക്കും കൈകാര്യം ചെയ്യുന്നവരില്‍ ഇക്കൂട്ടര്‍ വളരെ മുന്നിലാണ്. അതിനാല്‍, ബൗദ്ധികമായും ചിന്താപരമായും ഇന്ത്യന്‍ ഗ്രാമീണസമൂഹത്തിന്റെ ഗ്രൗണ്ട് റിയാലിറ്റി അറിയാത്ത ഇടങ്ങളില്‍ ഇക്കൂട്ടരെയാണ് ഇന്ത്യയുടെ മുഖമായി എല്ലാവരും കാണുന്നത്.
വലതുപക്ഷ ഹിന്ദുലോബി തങ്ങളുടെ വിശ്വാസമനുസരിച്ച് ആത്മാര്‍ഥമായി ശ്രമിക്കുന്നെങ്കിലും ഇവിടെ ഈ അഭ്യസ്ത ഇടതുകൂട്ടരുടെ മുന്നില്‍ അവര്‍ പരാജിതരാവുകയാണ്. സാമ്പത്തികം, മതനിരപേക്ഷത എന്നിവയിലെ വ്യത്യസ്ത കാഴ്ചപ്പാടുകള്‍ മാറ്റിനിര്‍ത്തിയാലും ഹിന്ദുലോബി മുസ്‌ലിം-ക്രിസ്ത്യന്‍ മതസ്ഥരെ ദേശീയവീക്ഷണമില്ലാത്തവരായി ചിത്രീകരിക്കുന്ന വാര്‍ത്തകള്‍ ഇന്ന് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുകയും അവ വൈറലായി പത്ര-ടിവി മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ അതിനെ കഴിയുന്നില്ല. ഇത് ഇന്ത്യന്‍ സമൂഹത്തിലുണ്ടാക്കുന്ന നെഗറ്റീവ് ഇംപാക്ട് നമുക്കു വളരെയേറെ അപകടകരമാണ്.
മീഡിയ ഇന്നു വ്യവസ്ഥാപിതശൈലിയിലുള്ള പത്രപ്രവര്‍ത്തകരുടെ കൈയില്‍നിന്ന് ടെക്കി-ബിസിനസ് വാര്‍ത്താസൃഷ്ടാക്കളുടെ കൈവശമെത്തിയിരിക്കുകയാണ്. ഇവിടെ ധനമോ അധികാരമോ പ്രശസ്തിയോപോലും അന്തിമമായ ലക്ഷ്യമല്ല. പോരിന്റെ രസം, ത്രില്‍, രോമാഞ്ചം അവയാണു പ്രധാനം. ചതുരംഗത്തിലെ കരുനീക്കങ്ങളുടെ വെല്ലുവിളിയും നേരിട്ടുള്ള സംഘട്ടനത്തിന്റെ ത്രില്ലും അവരുടെ രക്തത്തിലുണ്ട്. അവര്‍ കഠിനാധ്വാനികളായി മാറുന്നു. പോരാട്ടത്തിലെ വിജയം തന്നെ, ലക്ഷ്യത്തിന്റെ സാമ്പത്തികമോ മറ്റുതരത്തിലുള്ളതോ ആയ നേട്ടങ്ങളെക്കാള്‍ അവര്‍ക്കു പ്രധാനമാവുന്നു. അവര്‍ക്കു തങ്ങളുടെ ജീവിതത്തിന് ഒരു പുതിയ മാനം സൃഷ്ടിക്കാന്‍ കഴിയുന്നു. ലോകം ആകെ മാറുമ്പോള്‍ മീഡിയയും മാറുന്നു എന്നു സമാധാനിക്കുകയേ നമുക്കു നിവൃത്തിയുള്ളൂ.

(കടപ്പാട്: മീഡിയ, 2016 മാര്‍ച്ച്)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss