|    Nov 19 Mon, 2018 7:35 pm
FLASH NEWS

പറക്കാനൊരുങ്ങി കണ്ണൂര്‍; കുതിപ്പിനൊരുങ്ങി മട്ടന്നൂര്‍

Published : 9th July 2018 | Posted By: kasim kzm

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ആദ്യവിമാനം പറന്നുയരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ സമീപനഗരമെന്ന നിലയില്‍ അടിമുടി മാറാന്‍ ഒരുങ്ങുകയാണ് മട്ടന്നൂര്‍. ഇടുങ്ങിയ റോഡുകളും ഗതാഗതക്കുരുക്കും പഴഞ്ചന്‍ കെട്ടിടങ്ങളുമെല്ലാം മാറ്റി വിമാനത്താവള നഗരമെന്ന നിലയില്‍ വികസിക്കാന്‍ കടമ്പകള്‍ ഏറെയുണ്ട്.
വിമാനത്താവളത്തിലെത്തുന്ന നൂറുകണക്കിന് യാത്രക്കാര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും സുഗമമായ യാത്രാസംവിധാനങ്ങളും ഒരുക്കാന്‍ ഇനി യുദ്ധകാല അടിസ്ഥാനത്തിലുള്ള നടപടികളാണ് ആവശ്യം. മികച്ച പൊതു ആതുരാലയമില്ലെന്ന മട്ടന്നൂരിന്റെ വര്‍ഷങ്ങളായുള്ള പരാധീനതയാണ് ആദ്യം മാറ്റേണ്ടത്. ഇതിന്റെ പ്രാരംഭ നടപടികളും തുടങ്ങിയിട്ടുണ്ട്. സ്ഥലപരിമിതി മൂലം വീര്‍പ്പുമുട്ടുന്ന ഗവ. ആസ്പത്രിക്ക് പകരം മട്ടന്നൂര്‍ കോടതിക്ക് സമീപത്താണ് സ്‌പെഷ്യാലിറ്റി ആസ്പത്രി നിര്‍മിക്കാന്‍ നീക്കം നടക്കുന്നത്. പഴശ്ശി പദ്ധതിയുടെ മൂന്നേക്കര്‍ സ്ഥലം ഇതിനായി വിട്ടുനല്‍കിയിട്ടുണ്ട്. കിയാലിന്റെ സിഎസ്ആര്‍ ഫണ്ടുപയോഗിച്ച് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നടപടി വേഗത്തിലാക്കാന്‍ ഇരിട്ടി തഹസില്‍ദാരെ ചുമതലപ്പെടുത്തി.
നഗരത്തിന്റെ മുഖം മിനുക്കാന്‍ സൗന്ദര്യവല്‍ക്കരണ പദ്ധതികള്‍ നഗരസഭാ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നടപ്പാത, പാര്‍ക്കിങ് സൗകര്യങ്ങള്‍, മേല്‍പ്പാലം, ട്രാഫിക് ഐലന്റ് എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് പദ്ധതി. എന്നാല്‍ ഇതിന്റെ പ്രവര്‍ത്തനം തുടങ്ങാന്‍ കെഎസ്ടിപി റോഡ് വികസന പ്രവൃത്തി പൂര്‍ത്തിയാകണം. താമസ സൗകര്യങ്ങളുടെ അപര്യാപ്തതയാണ് വിമാനത്താവളത്തിലെത്തുന്ന യാത്രക്കാര്‍ക്കുണ്ടാവുന്ന മറ്റൊരു പ്രശ്‌നം. ഉരുവച്ചാലില്‍ മുനിസിപ്പല്‍ ഗസ്റ്റ് ഹൗസ് സ്ഥാപിക്കാന്‍ നഗരസഭ 10 ലക്ഷം രൂപ നീക്കിവച്ചിട്ടുണ്ട്. ഇവിടെത്തന്നെ വനിതാ ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഹോട്ടല്‍ മേഖലയില്‍ കൂടുതല്‍ സ്വകാര്യ സംരംഭങ്ങള്‍ വരാതെ നിര്‍വാഹമില്ല. സ്വകാര്യ-സഹകരണ മേഖലകളുടെ സഹകരണം ഉറപ്പാക്കാന്‍ നിക്ഷേപക സംഗമം നടത്താനും നഗരസഭ പദ്ധതിയിടുന്നു. നഗരസഭയുടേതടക്കം മൂന്നു വന്‍കിട വ്യാപാരസമുച്ഛയങ്ങളാണ് നഗരമധ്യത്തില്‍ രണ്ടു വര്‍ഷത്തിനിടെ ഉയര്‍ന്നത്. മാലിന്യസംസ്‌കരണ പ്ലാന്റിനുള്ള പദ്ധതി റിപോര്‍ട്ട് തയ്യാറായിട്ടുണ്ട്. നഗരസഭാ ഓഫിസിനു മുന്നിലൂടെയുള്ള റോഡ് വികസിപ്പിക്കാന്‍ ടെന്‍ഡര്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ ബൈപാസ് റോഡുകള്‍ നിര്‍മിച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുകയാണ് ലക്ഷ്യം. നഗരത്തില്‍ പാര്‍ക്കിങിന് പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. പുതിയ ബസ് സ്റ്റാന്റിന് സ്ഥലം ലഭ്യമാക്കാനുള്ള ശ്രമം തുടരുകയാണെന്ന് നഗരസഭാധ്യക്ഷ അനിതാ വേണു പറഞ്ഞു.
വിമാനത്താവളം സ്ഥിതി ചെയ്യുന്ന കീഴല്ലൂര്‍ പഞ്ചായത്തിലും വന്‍ വികസന സാധ്യതകളാണ് തുറക്കുന്നത്. വെള്ളിയാംപറമ്പ് കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്ത് റോഡുകളുടെ നിര്‍മാണം തുടങ്ങി. വ്യവസായ പദ്ധതികള്‍ക്കു അടിസ്ഥാന സൗകര്യമൊരുക്കി സംരംഭകരെ ആകര്‍ഷിക്കാന്‍ 140 ഏക്കര്‍ സ്ഥലമാണ് ഇവിടെ വ്യവസായ പാര്‍ക്കിനായി ഏറ്റെടുത്തിട്ടുള്ളത്.
പഞ്ചായത്തിലെ പനയത്താംപറമ്പ് മേഖലയില്‍ വ്യവസായ മേഖലയ്ക്കായി കൂടുതല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലാണ് കിന്‍ഫ്ര. വിമാനത്താവളത്തിന്റെ വിപണന സാധ്യതകള്‍ മുതലാക്കാന്‍ ഹോട്ടല്‍ ടൂറിസം സംരംഭങ്ങളും പഞ്ചായത്ത് ആവിഷ്‌കരിക്കുന്നുണ്ട്. കുടുംബശ്രീ യൂനിറ്റുകളുടെ നേതൃത്വത്തില്‍ കാറ്ററിങ്, കരകൗശല വസ്തുക്കളുടെ വിപണനം എന്നിവയാണ് ലക്ഷ്യമിടുന്നത്. ഇതിനായി കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. പഞ്ചായത്തിലെ ശോച്യാവസ്ഥയിലുള്ള റോഡുകള്‍ പുതുക്കിപ്പണിയാന്‍ കിയാലിന്റെ സഹായം തന്നെയാണ് പഞ്ചായത്ത് പ്രതീക്ഷിക്കുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss