|    Aug 21 Mon, 2017 12:07 pm

പര്‍ചേസ് ബില്ലുകള്‍ കൈമാറികൊണ്ടുള്ള മേയറുടെ ഉത്തരവ് ചട്ടവിരുദ്ധമെന്ന്

Published : 9th August 2017 | Posted By: fsq

 

തൃശൂര്‍: പൊതുമരാമത്തുകമ്മിറ്റി പരിഗണിക്കേണ്ട പര്‍ചേ യ്‌സ് ബില്ലുകള്‍ ധനകാര്യകമ്മിറ്റിക്കു കൈമാറികൊണ്ടുള്ള മേയറുടെ ഉത്തരവ് ചട്ടവിരുദ്ധമാണെന്ന് വിദഗ്ദര്‍. തെരഞ്ഞെടുക്കപ്പെട്ട സ്ഥിരം സമിതിയുടെ അധികാരങ്ങള്‍ വെട്ടികുറച്ചുള്ള മേയറുടെ ഉത്തരവ് അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്-ബി.ജെ.പിയും. ഇതോടെ നിയമപരമായും പ്രായോഗികമായും മേയറുടെ ഉത്തരവ് ചാപിള്ളയാകും. മുനിസിപ്പല്‍ ചട്ടത്തില്‍ ഓരോ കമ്മിറ്റിയുടേയും അധികാരങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഏതെങ്കിലും കമ്മിറ്റി പരിഗണിക്കുന്ന ഫയല്‍ മറ്റൊരു കമ്മിറ്റിക്കു കൈമാറാന്‍ അധികാരം കൗണ്‍സിലില്‍ മാത്രം നിക്ഷിപ്തമാണെന്ന് കോര്‍പ്പറേഷന്‍ മുന്‍ സെക്രട്ടറിയും ഹൈക്കോടതിയിലെ അഭിഭാഷകനുമായ അഡ്വ.കെ എം ബഷീര്‍ പറഞ്ഞു. അടിയന്തിര സാഹചര്യത്തിലുള്ള ചില നടപടികള്‍ക്കൊഴികെ നയപരമായ കാര്യങ്ങളില്‍ മുന്‍കൂര്‍ അനുമതിക്കും മേയര്‍ക്കും അധികാരമില്ല. ഫയല്‍ കൈമാറണമെങ്കില്‍ വിഷയം അജണ്ടയില്‍പെടുത്തി കൗണ്‍സില്‍ യോഗം ചര്‍ച്ച ചെയ്ത് ഭൂരിപക്ഷം പ്രകാരം തീരുമാനമെടുക്കണം. ഈ സാഹചര്യത്തില്‍ മേയറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്ന് അഡ്വ.ബഷീര്‍ വിശദീകരിച്ചു. മേയറുടെ ജനാധിപത്യ വിരുദ്ധ ഉത്തരവ് അംഗീകരിക്കില്ലെന്ന് ആറംഗ ധനകാര്യ കമ്മിറ്റിയിലെ കോണ്‍ഗ്രസ് അംഗങ്ങളായ മുന്‍മേയര്‍ രാജന്‍ പല്ലന്‍, മുന്‍ ഡെപ്യൂട്ടി മേയര്‍ അഡ്വ.സുബി ബാബു, ജോര്‍ജ് ചാണ്ടി എന്നിവരും ബി.ജെ.പി കൗണ്‍സിലര്‍ എം എസ് സമ്പൂര്‍ണ്ണയും അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ അധ്യക്ഷനായ ആറംഗസമിതിയില്‍ എല്‍.ഡി.എഫില്‍നിന്ന് ഒരംഗംകൂടിയേയുള്ളൂ.സി.പി.ഐയിലെ ബീന മുരളി. ആറംഗസമിതിയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി നാലംഗങ്ങള്‍ എതിര്‍ത്താല്‍ ധനകാര്യ കമ്മിറ്റിക്ക് ഒരു തീരുമാനവും എടുക്കാനാകില്ല. മരാമത്ത് കമ്മിറ്റിയുടെ അവകാശങ്ങള്‍ ജനാധിപത്യ വിരുദ്ധമാര്‍ഗ്ഗത്തിലൂടെ കവരാനില്ലെന്നാണിവരുടെ നിലപാട്. മരാമത്ത് കമ്മിറ്റി പരിഗണിക്കുന്ന റിലയന്‍സ് കേബിള്‍ ഇടപാട് സംബന്ധിച്ച ഫയല്‍ അംഗീകാരത്തിനായി മേയര്‍ നേരത്തെ ധനകാര്യകമ്മിറ്റിക്കയച്ചെങ്കിലും ധനകാര്യകമ്മിറ്റി ഫയല്‍ നിരാകരിക്കുകയായിരുന്നു. ഫയല്‍ മരാമത്ത് കമ്മിറ്റിതന്നെ പരിഗണിക്കണമെന്നായിരുന്നു കമ്മിറ്റി തീരുമാനം. നാലംഗങ്ങള്‍ ഇതുസംബന്ധിച്ച് വിയോജനകുറിപ്പും നല്‍കിയിരുന്നു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക