|    Jul 19 Thu, 2018 5:53 am
FLASH NEWS

പരീക്ഷ എഴുതാന്‍ അനുവദിച്ചില്ല : വിദ്യാര്‍ഥി അത്മഹത്യയ്ക്ക് ശ്രമിച്ചു

Published : 20th September 2017 | Posted By: fsq

 

പാലാ: നഗരത്തിലെ പ്രമുഖ കോളജില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്കു ശ്രമിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കോളജ് മാനേജ്‌മെന്റും പ്രിന്‍സിപ്പലും മാനസിക പീഡനം നടത്തുകയാണെന്ന് ആരോപിച്ച് സമരത്തിനിടെ സസ്‌പെന്‍ഡ് ചെയ്ത വിദ്യാര്‍ഥികളിലൊരാള്‍ കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സമരക്കാരും കോളജ് അധികൃതരും ഇടപെട്ട് ഞരമ്പു മുറിച്ച ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലെ ഒന്നാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയായ കുമളി സ്വദേശി ശ്രീജിത്തി(19)നെ പാലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോളജ് യൂനിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്ന പ്രശ്‌നങ്ങളാണ് വിദ്യാര്‍ഥി സമരത്തിലേക്കും ആത്മഹത്യ ശ്രമത്തിലേക്കും വഴിയൊരുക്കിയത്. കഴിഞ്ഞ മാസം കോളജില്‍ വിവിധ യൂനിയനുകളിലേക്ക് തിരഞ്ഞെടുപ്പ് നടന്നിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സമരപരിപാടികള്‍ക്കും മറ്റും നേതൃത്വം നല്‍കിയ എട്ട് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. നാല് എസ്എഫ്‌ഐ പ്രവര്‍ത്തകരും മറ്റു നാലുപേരെയുമാണു ശിക്ഷാ നടപടിക്ക് വിധേയരാക്കിയത്. എന്നാല്‍ ഇന്ന് ഇന്റേണല്‍ പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ സമീപിക്കുകയായിരുന്നു. പ്രിന്‍സിപ്പലുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ശിക്ഷാ നടപടികള്‍ പിന്‍വലിക്കാന്‍ അദ്ദേഹം കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് വിദ്യാര്‍ഥികളും വിവിധ ഡിപാര്‍ട്ട്‌മെന്റ് തലവന്‍മാരും തമ്മില്‍ വാക്കേറ്റം നടന്നു. തുടര്‍ന്ന് 50ഓളം വരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പല്‍ ജോയി ജോസഫിനെ പുറത്തിറങ്ങാന്‍ അനുവദിക്കാത്ത വിധം ഓഫിസിനു പുറത്ത് മുദ്രാവാക്യം വിളികളോടെ സമരം ചെയ്യുകയായിരുന്നു. ഓഫിസ് ഉപകരണങ്ങള്‍ക്ക് കേടുവരുത്തിയതായും പറയപ്പെടുന്നു. സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ പാലായില്‍ നിന്നും വന്‍ പോലിസ് സംഘം കോളേജിലെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു. ഇതിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിന്റെ ഓഫിസിലേക്ക് സമരവുമായി എത്തി. പോലിസ് ഇടപെട്ട് സമരക്കാരെ പിന്നീട് പിരിച്ചുവിട്ടതോടൊയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss