|    Dec 14 Fri, 2018 3:16 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥിനി ട്രെയിനിന് മുന്നില്‍ ചാടി മരിച്ചു

Published : 29th November 2018 | Posted By: kasim kzm

കൊല്ലം: കോപ്പിയടിച്ചതായി ആരോപിച്ച് പരീക്ഷാ ഹാളില്‍ നിന്ന് ഇറക്കിവിട്ട വിദ്യാര്‍ഥിനി ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. കൊല്ലം ഫാത്തിമ മാത നാഷനല്‍ കോളജിലെ ബിഎ ഇംഗ്ലീഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി ഇരവിപുരം കൂട്ടിക്കട രാഖി ഭവനില്‍ രാഖി കൃഷ്ണയാണ് മരിച്ചത്. ഉച്ചയ്ക്ക് 12.30ഓടെ തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് വന്ന കേരള എക്‌സ്പ്രസിന് മുന്നിലാണ് ചാടിയത്. തല്‍ക്ഷണം മരിച്ചു. എആര്‍ ക്യാംപിനു സമീപത്തെ ട്രാക്കിലാണ് അപകടം.
സംഭവത്തെക്കുറിച്ച് വിദ്യാര്‍ഥികള്‍ പറയുന്നത്: രാവിലെ 10ന് കോളജിലെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ തുടങ്ങി. മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞപ്പോ ള്‍ രാഖിയുടെ ചുരിദാറിന്റെ ടോപ്പില്‍ എന്തോ എഴുതിയിരിക്കുന്നത് ക്ലാസില്‍ നിന്ന് അധ്യാപികയുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന്, അവര്‍ രാഖിയെ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും ശാസിക്കുകയും ചെയ്തു. കോളജ് പരീക്ഷാ സ്‌ക്വാഡ് അംഗത്തെ വിളിച്ചു വരുത്തിയപ്പോള്‍ ചുരിദാറിന്റെ ടോപ്പില്‍ എഴുതിയ ഭാഗം ഫോട്ടോയെടുക്കുകയും ഡീബാര്‍ ചെയ്യുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന്, സ്‌ക്വാഡ് അംഗം രാഖിയെയും കൂട്ടി സ്റ്റാഫ് റൂമിലേക്കു പോയെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു.
സ്റ്റാഫ് റൂമിലെത്തിയപ്പോള്‍ കോളജില്‍ നിന്നു വീട്ടിലേക്ക് വിളിച്ച് ആരെങ്കിലും ഉടന്‍ വരാന്‍ ആവശ്യപ്പെട്ടു. കുറച്ചു നേരം സ്റ്റാഫ് റൂമിലിരുന്ന രാഖി പിന്നീട് അവിടെ നിന്ന് ഇറങ്ങിപ്പോയി. കോളജ് അധികൃതര്‍ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ഉച്ചയ്ക്ക് ഒന്നോടെയാണ് ട്രെയിന്‍ തട്ടി വിദ്യാര്‍ഥിനി മരിച്ച വിവരം കോളജില്‍ അറിഞ്ഞത്.
രാഖിയുടെ ചുരിദാറില്‍ എഴുതിയിരുന്നത് ബുധനാഴ്ചത്തെ പരീക്ഷയുമായി ബന്ധമില്ലാത്തതാണെന്നു സഹപാഠികള്‍ പറഞ്ഞു. അധ്യാപകരുടെ പെരുമാറ്റമാണ് പഠിക്കാന്‍ മിടുക്കിയായ രാഖി ആത്മഹത്യ ചെയ്യാന്‍ കാരണമായതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. അപകടം നടന്ന സ്ഥലത്തേക്ക് കോളജില്‍ നിന്ന് ഒന്നര കിലോമീറ്ററിലധികം ദൂരമുണ്ട്. ഇത്രയും ദൂരം വിദ്യാര്‍ഥിനി പോവുന്നതിനിടെ കോളജ് അധികൃതര്‍ പോലിസിനെയോ മറ്റു വിദ്യാര്‍ഥികളെയോ അറിയിച്ചില്ലെന്നും ആരോപണമുണ്ട്. സംഭവത്തില്‍ വിദ്യാര്‍ഥികള്‍ കോളജില്‍ പ്രതിഷേധിച്ചു. രാഖിയുടെ മരണത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss