|    Oct 22 Mon, 2018 10:10 pm
FLASH NEWS
Home   >  Life  >  Career  >  

പരീക്ഷാ പേടിയും ആശങ്കയും മാറ്റി പഠനം മികച്ചതാക്കാം

Published : 6th March 2018 | Posted By: G.A.G

പരീക്ഷ എന്ന കല

പരീക്ഷ ഒരു കലയാണ്. അതിനെ പേടിക്കരുത്. ധൈര്യത്തോടെ പരീക്ഷയെ നേരിടാന്‍ മനക്കരുത്തും തയ്യാറെടുപ്പും വേണം. തയ്യാറെടുപ്പ് കുറഞ്ഞാലും നല്ല മനോധൈര്യവും ആശയങ്ങള്‍ ക്രീകരിക്കാനുള്ള നൈപുണ്യവും ഉണ്ടെങ്കില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ കഴിയും. പരീക്ഷയെ ഒരു തലവേദനയായി കാണാന്‍ പാടില്ല. നിങ്ങളുടെ പ്രഭാതത്തിലെ ഒരു ശുഭചിന്ത ദിവസത്തിലെ മുഴുവന്‍ കാര്യങ്ങളെയും നന്നാക്കുന്നതാണ്. അതിനാല്‍ പരീക്ഷാ ദിവസം നല്ല ചിന്തയോടെ സന്തോഷത്തോടെ പരീക്ഷയ്ക്ക് പോവണം.

മാതൃകാ പരീക്ഷകള്‍ ഒഴിവാക്കരുത്
അധ്യാപകരും മാതാപിതാക്കളും നടത്തുന്ന പരീക്ഷകളിലും മാതൃകാ പരീക്ഷളിലും വരുന്ന തെറ്റുകളെയും മാര്‍ക്ക് കുറവിനെയും പറ്റി ടെന്‍ഷന്‍ ഉണ്ടാവരുത്. തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് പോവുമ്പോള്‍ ഒരാള്‍ മുഴുവന്‍ സത്യത്തെ കണ്ടുപിടിക്കുന്നു എന്നാണ് പ്രശസ്ത മനശ്ശാസ്ത്രജ്ഞന്‍ സിഗ്്മണ്ട് ഫ്രോയ്ഡ് പറഞ്ഞത്. തെറ്റുപറ്റിയാല്‍ വിഷമിക്കരുത്. തെറ്റുകള്‍ ശരിയിലേക്കുള്ള, തെറ്റുതിരുത്തി പഠിക്കാനുള്ള ഒരു ചവിട്ടുപടി കൂടിയാണ്.

പഠനത്തിനിടയ്ക്ക് വിശ്രമിക്കുക
നാലുമണിക്കൂര്‍ പഠിക്കുകയാണെങ്കില്‍ നാല് മണിക്കൂറും തുടര്‍ച്ചയായി പഠിക്കരുത്. അരമണിക്കൂര്‍ പഠിച്ച് കഴിഞ്ഞ് കുറച്ച് വിശ്രമമെടുത്ത് പിന്നെയും പഠിക്കുക. നിശ്ചിതസമയം പഠിച്ച് വിശ്രമം എടുക്കുന്നത് തലച്ചോറിലെ വൈദ്യുത പ്രവാഹങ്ങള്‍ക്കും ആന്തരീകാവയവങ്ങള്‍ക്കും നന്നായി പഠിക്കാനുള്ള ഊര്‍ജം കിട്ടും. നിരന്തരം പഠിച്ച് തളര്‍ന്ന് കിടക്കുന്ന ഒരാള്‍ മണിക്കൂറുകളോളം പുസ്തകം തുറന്നുവച്ചാലും പഠിക്കാന്‍ കഴിയണമെന്നില്ല. പഠനത്തിനിടയ്ക്കുള്ള ഇടവേളകള്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ധ്യാനം ശീലമാക്കുക.
പഠിക്കുന്നതിനുമുമ്പ് അരമണിക്കൂറെങ്കിലും ധ്യാനം ചെയ്യുന്നത് പഠനത്തിന് വളരെ ഉപകാരം ചെയ്യും. അരമണിക്കൂറില്‍ പഠിക്കുന്ന കാര്യങ്ങള്‍ അഞ്ചുമിനിറ്റുകൊണ്ട് പഠിക്കാനുള്ള മാനസികശക്തിയും ഊര്‍ജവും ധ്യാനത്തിലൂടെ നേടാന്‍ കഴിയും. ബോധമനസ്സിനെ ചങ്ങലക്കിട്ട് അതിന്റെ ചാഞ്ചാട്ടങ്ങളെ നിശ്ചലമാക്കി ഉപബോധമനസ്സിനെ ശക്തിപ്പെടുത്താനുള്ള ഒരു മാനസിക വ്യായാമമാണ് ധ്യാനം.

സമയക്രമം ഉണ്ടാക്കുക
കൃത്യമായ ഒരു സമയക്രമ പട്ടിക പരീക്ഷാ സമയങ്ങളില്‍ ഉണ്ടാവണം. അതില്‍ ഉറക്കത്തിനും വ്യായാമത്തിനും സമയം വേണം. വിവിധ വിഷയങ്ങള്‍ പഠിക്കുന്നതിന് അതില്‍ പ്രത്യേകം സമയം വേണം. കൃത്യത സമയവും ഊര്‍ജവും പാഴായി പോവുന്നത് തടയുന്നു. പഠന പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു പൊതുസ്വഭാവം കൈവരിക്കാനും ടൈംടേബിള്‍ ഉപകരിക്കുന്നു.

ചോദ്യങ്ങള്‍ ഉണ്ടാക്കി പഠിക്കുക
ഓരോ പാഠഭാഗത്തിന്റെയും ചോദ്യങ്ങളുണ്ടാക്കി പഠിക്കുക. മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തി പഠിക്കുക. ഇത് പരീക്ഷാ പേടി ഇല്ലാതാക്കും. പരീക്ഷയെപ്പറ്റിയുള്ള ആത്മവിശ്വാസവും എളുപ്പവും വളരെയേറെ വര്‍ധിക്കാന്‍ ഇത് ഉപകരിക്കും.

എല്ലാം മനപ്പാഠമാക്കുന്നത് ശരിയല്ല
കാണാപ്പാഠം പഠിക്കുന്നതിന് പകരം കാര്യങ്ങള്‍ ഗ്രഹിച്ച് ആശയം മനസ്സിലാക്കി പഠിക്കണം. ബൈഹാര്‍ട്ടായി പഠിക്കുന്നത് ശരിയാവുകയില്ല. ഒരു വാക്ക് കിട്ടാതിരുന്നാല്‍ എല്ലാം കുഴഞ്ഞു. കാര്യങ്ങള്‍ ഭാവനാരൂപത്തില്‍ രൂപകല്‍പന ചെയ്ത് പഠിക്കുന്നതാണ് ഉത്തമം. നമ്മളൊരു സിനിമ കണ്ടാല്‍ അത് ഓര്‍മയില്‍ നില്‍ക്കുന്നത് സിനിമയിലെ വ്യത്യസ്ത രംഗങ്ങള്‍ ചിത്രമായി നമ്മുടെ മനസ്സില്‍ പതിയുന്നതുകൊണ്ടാണ്. ഭാവനയില്‍ കണ്ട് ആശയങ്ങള്‍ ഗ്രഹിച്ച് ഒരു സ്വപ്‌നം കാണാന്‍ പറ്റുന്ന രീതിയില്‍ പഠിക്കുക. ഇത് പഠനം വിജയകരമാക്കും.

വിഷയങ്ങള്‍ ചെറിയ ഭാഗങ്ങളാക്കി ആവര്‍ത്തിച്ച് പഠിക്കുക
വിഷയങ്ങള്‍ ചെറിയ ഭാഗങ്ങളാക്കി ആവര്‍ത്തിച്ച് പഠിക്കുന്നത് നല്ലതാണ്. ആവര്‍ത്തനം ഓര്‍മശക്തി വര്‍ധിപ്പിക്കും. നമ്മുടെ പേര്, നമ്മുടെ അധ്യാപകരുടെ പേരുകള്‍, കൂട്ടുകാരുടെ പേരുകള്‍ എന്നിവ നമ്മള്‍ മറന്നുപോവാത്തത് അത് നമ്മള്‍ ആവര്‍ത്തിച്ച് പരിചിതമാവുന്നതുകൊണ്ടാണ്. നമ്മുടെ ദീര്‍ഘകാല ഓര്‍മ ആവര്‍ത്തിച്ച് പഠിക്കുന്നതിലൂടെ വര്‍ധിക്കും എന്നതിന് ഒരു ഉദാഹരണമാണിത്. പരീക്ഷാ തലേന്ന് വിദ്യാര്‍ഥികള്‍ മനസ്സിനെ ശാന്തമാക്കി വളരെ പ്രധാനപ്പെട്ട പാഠഭാഗങ്ങള്‍ മാത്രം ആവര്‍ത്തിച്ച് പഠിക്കുകയാണ് വേണ്ടത്. മുഴുവന്‍ പാഠഭാഗങ്ങളും ഒരു രാത്രികൊണ്ട് പഠിക്കാന്‍ ശ്രമിക്കുന്നത് ശരിയാവുകയില്ല.

ചെറിയ ചെറിയ കുറിപ്പുകള്‍ ഉണ്ടാക്കി പഠിക്കുക
പഠിക്കുന്ന പാഠഭാഗങ്ങള്‍ ചെറിയ ചെറിയ കുറിപ്പുകള്‍ ഉണ്ടാക്കി പഠിക്കുക. സൂത്രവാക്യങ്ങള്‍ എഴുതി കണക്ക് ചെയ്ത് പഠിക്കുക. വേറെ വേറെ വിഷയങ്ങളില്‍ ഒരു ചോദ്യ പേപ്പര്‍ ഉണ്ടാക്കി പഠിക്കുക. ഇത് പഠനത്തെ കൂടുതല്‍ എളുപ്പത്തിനും വിജയത്തിനും ആക്കും.

പഠനം ആനന്ദമാക്കുക
പഠനം ആസ്വാദ്യകരമാക്കണം. പഠിക്കാന്‍ ഏറ്റവും ആവശ്യമുള്ളത് പ്രചോദനമാണ്. മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, ബന്ധുമിത്രാദികള്‍, സമപ്രായക്കാര്‍, നാട്ടുകാര്‍ തുടങ്ങിയവര്‍ നല്‍കുന്ന പ്രചോദനം വിദ്യാര്‍ഥികളുടെ മനസ്സിന് പുത്തനുണര്‍വും പഠനാവേശവും ഉണ്ടാക്കും. പ്രചോദനം വിജയത്തിലേക്കുള്ള രാജകീയ പാതയാണ്. പ്രചോദനമെന്നത് എല്ലാ തടസ്സങ്ങളാലും വിഷമങ്ങളാലും അടഞ്ഞുകിടക്കുന്ന മനസ്സിന്റെ പൂട്ടിനെ തുറക്കുന്ന താക്കോലാണ്. കായികതാരങ്ങള്‍ വിയര്‍പ്പിലാഹ്ലാദിക്കുന്നതുപോലെ നൃത്തം ചെയ്യുമ്പോള്‍ ആനന്ദിക്കുന്നതുപോലെ പഠനം ആസ്വാദ്യകരമാക്കണം.

വ്യായാമം ശീലമാക്കുക.
യോഗാസനം വ്യായാമങ്ങള്‍, ധ്യാനങ്ങള്‍ എന്നിവ പരീക്ഷാഭയം ഇല്ലാതാക്കി മനസ്സിനെ ശാന്തമാക്കാന്‍ സഹായിക്കും. വ്യായാമം ശരീരത്തിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുക മാത്രമല്ല ശാരീരികവും മാനസികവുമായ സമ്മര്‍ദങ്ങളെ ലഘൂകരിക്കുന്ന ‘എന്‍ഡോര്‍ഫിന്‍സ്’ എന്ന ഇനത്തില്‍പ്പെട്ട ഹോര്‍മോണുകളെ ഉല്‍പാദിപ്പിക്കാനും കാരണമാവുന്നു. 1,2,3,4 വരെ എണ്ണി ശ്വാസം മുകളിലോട്ടെടുത്ത് 4 സെക്കന്റ് ശ്വാസം പിടിച്ചുനിര്‍ത്തി പിന്നെ 1,2,3,4 എണ്ണി മെല്ലെ ശ്വാസം താഴോട്ട് വിട്ട് ശ്വസനക്രിയ വ്യായാമങ്ങള്‍ പഠനക്രിയ എളുപ്പമാക്കും. മാതാപിതാക്കള്‍ തങ്ങളുടെ മക്കളുടെ കാര്യങ്ങള്‍ എ മുതല്‍ Z വരെ അറിയുകയും സധൈര്യം പങ്കുവയ്ക്കുകയും വേണം. തങ്ങളുടെ കാര്യങ്ങള്‍ പങ്കുവയ്ക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് മാതാപിതാക്കള്‍ തന്നെയാവണം.

മാതാപിതാക്കളുടെ പ്രചോദനം പ്രധാനം
മാതാപിതാക്കള്‍ വേണ്ടസമയത്ത് വേണ്ട രീതിയില്‍ വേണ്ടുന്ന വിധത്തില്‍ തങ്ങളുടെ മക്കള്‍ക്ക് നല്‍കുന്ന പ്രചോദനങ്ങള്‍ അവരുടെ ഉല്‍കണ്ഠകള്‍ അകറ്റാനും പഠനം വിജയകരമാക്കാനും ഉപകരിക്കുന്നു. മാതാപിതാക്കളുടെ വാക്ക്, നോട്ടം, ശ്രദ്ധ എല്ലാം അവനെ അനുകൂലിക്കാനും സഹായിക്കാനുമാണെന്ന് അവന് മനസ്സിലാവണം. മാതാപിതാക്കള്‍ സ്വാനുകമ്പയോടെ സ്‌നേഹത്തില്‍ ചാലിച്ച വാക്കുകളും മാതൃകകളും കുട്ടികള്‍ക്ക് നല്‍കണം.
പഠിക്ക് പഠിക്ക് എന്ന് പറഞ്ഞ് കുട്ടികളെ വെറുപ്പിക്കരുത്. അപ്പോള്‍ വെറുപ്പിക്കല്ലെ എന്ന് പറഞ്ഞ് ഉറങ്ങാനോ സീരിയല്‍ കാണാനോ അവര്‍ പോകും. മോനെ എല്ലാവര്‍ക്കും പ്രിയമാണ്. എല്ലാവരും നിന്നെപ്പറ്റി ചോദിക്കുന്നു, ഇളയച്ചന്‍ ഇന്നലെ നിന്നെ അമേരിക്കയിലേക്ക് ഉയര്‍ന്ന പഠനത്തിനയക്കണം എന്ന് പറഞ്ഞിട്ടുണ്ട്. ഇങ്ങനെയൊക്കെ ഉള്ള സംസാരങ്ങളും വാര്‍ത്തകളും അവനില്‍ ആവേശവും പ്രതീക്ഷയും പഠനപ്രേരണയും ഉണ്ടാക്കും. ഇങ്ങനെയുള്ള വാര്‍ത്തകള്‍ കുട്ടികളെ അറിയിച്ച് അമ്മമാരും ഉമ്മമാരും കുട്ടികളിലൊരാളാകുമ്പോള്‍ അവര്‍ക്കത് ഒരു വിജയപാതയാവുന്നതാണ്. കാലിഫോര്‍ണിയായിലെ ഏള്‍ നൈറ്റിംഗേല്‍ പറഞ്ഞതും അതുതന്നെയാണ്. സ്വാനുകമ്പ സന്തോഷത്തില്‍ കുഴി തീര്‍ക്കുന്ന അമ്ലമാണ്.
അവസാനമായി വിദ്യാര്‍ഥികള്‍ അറിയേണ്ടത് പഠനത്തിന്റെയും വിജയത്തിന്റെയും പ്രേരണകള്‍ നിങ്ങളിലേക്ക് വരില്ല. അത് നിങ്ങളില്‍ നിന്ന് തന്നെ വരേണ്ടതാവുന്നു.

അലി പി എന്‍ പാലേരി, ചെറിയ കുമ്പളം

(Former Faculty Member
University College , Kadmat, UT of India)

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss