|    Jun 26 Tue, 2018 1:20 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പരീക്ഷാരീതിയില്‍ മാറ്റംവരുത്തും: വിദ്യാഭ്യാസ മന്ത്രി

Published : 21st January 2017 | Posted By: fsq

 

കണ്ണൂര്‍: കുട്ടികളെ ഭയപ്പെടുത്തുന്ന പരീക്ഷാരീതി മാറ്റി അവരെ മനസ്സിലാക്കാന്‍ ഉതകുന്ന മൂല്യനിര്‍ണയ രീതിയും അടുത്ത വര്‍ഷത്തോടെ നടപ്പാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. കല്യാശ്ശേരി മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തിയ വിദ്യാഭ്യാസ സംഗമവും വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പിലും വെബ്‌സൈറ്റിലും ലഭ്യമാക്കുന്ന ലെന്‍സ് കല്യാശ്ശേരി പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളുടെ പഠന നിലവാരമുയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പാഠ്യപദ്ധതികള്‍ അടുത്തവര്‍ഷത്തോടെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കും. ആഗോള പ്രസിദ്ധിയാര്‍ജിച്ച കേരളത്തിന്റെ മതനിരപേക്ഷ-ജനാധിപത്യ വിദ്യാഭ്യാസം ഇന്ന് പ്രതിസന്ധി നേരിടുകയാണ്. വര്‍ഗീയതയും കച്ചവട താല്‍പര്യവും വലിയ ഭീഷണിയായിത്തീര്‍ന്നിട്ടുണ്ട്. കേരള വിദ്യാഭ്യാസ മാതൃകയുടെ ഈ സവിശേഷത തിരിച്ചുപിടിക്കുകയാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ജനകീയ സംരക്ഷണത്തിലാണെന്ന സന്ദേശം നല്‍കുകയാണു ലക്ഷ്യം. വിദ്യാലയങ്ങള്‍ ജനകീയവും മതനിരപേക്ഷവുമാവുമ്പോള്‍ മാത്രമേ വിദ്യാഭ്യാസത്തിലൂടെ കുട്ടികളെ നല്ല മനുഷ്യരാക്കി മാറ്റാനാവൂ. മൂന്ന് വര്‍ഷത്തിനകം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍ വിദ്യാഭ്യാസ സംസ്ഥാനമാക്കി കേരളത്തെ മാറ്റും. അടുത്ത വര്‍ഷത്തോടെ മണ്ഡലത്തിലെ എട്ടുമുതല്‍ 12 വരെ മുഴുവന്‍ ക്ലാസുകളും ഹൈടെക്കാക്കി മാറ്റും. വിദ്യാര്‍ഥികളുടെ അക്കാദമിക നിലവാരം അന്താരാഷ്ട്ര തലത്തിലേക്കുയര്‍ത്താന്‍ സാങ്കേതികവിദ്യയുടെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമിടുന്നത്. മാടായി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷത വഹിച്ചു. വെബ്-മൊബൈല്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ച ടി പി ഷാജി, വിദ്യാഭ്യാസ വികസന ഡോക്യുമെന്ററി തയ്യാറാക്കിയ രാജേഷ് നിറം, ലോഗോ തയ്യാറാക്കിയ സന്തോഷ് ചുണ്ട എന്നിവരെ മന്ത്രി ആദരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss