|    Jul 22 Sat, 2017 2:17 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പരീക്ഷയൊന്നും നടത്തിയില്ല: ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെലവ് 1.35 കോടി

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചതിനു ശേഷം ഇതുവരെ ഒരു പരീക്ഷയും നടത്തിയിട്ടില്ലെന്നും ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നും വിവരാവകാശ രേഖ. കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന് നല്‍കിയ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2015 മാര്‍ച്ച് മാസത്തിലാണ് ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് രൂപീകരിച്ചത്. ചെയര്‍മാനും അഞ്ച് അംഗങ്ങളുമാണ് ബോര്‍ഡിലുള്ളത്.
ശരാശരി 1,47,952 രൂപയാണ് റിട്ട. ഐപിഎസുകാരനായ ചെയര്‍മാന്‍ പി ചന്ദ്രശേഖരന്റെ ശമ്പളം. എന്‍ പരമേശ്വര കുമാര്‍ അഡീഷനല്‍ സെക്രട്ടറി- 74,386 രൂപ, അനില്‍ ടി വി- 82,100, ആശ സിജി- 96,283  , എച്ച് ഗണേഷ്-97,864, രുഗ്മിണി ഭാസ്‌കരന്‍- 96,599 രൂപ എന്നിങ്ങനെയാണ് മറ്റു അംഗങ്ങള്‍ക്കുള്ള പ്രതിമാസ ശമ്പളം. ബോര്‍ഡ് രൂപീകരിച്ച് 2016 ജൂണ്‍ 25 വരെ ചെയര്‍മാനും അംഗങ്ങളും ശമ്പള ഇനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 70,82,071 രൂപയാണെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
ബോര്‍ഡില്‍ അഡീഷനല്‍ സെക്രട്ടറി റാങ്ക് മുതല്‍ ഓഫിസ് അറ്റന്‍ഡര്‍ വരെ ഒമ്പത് ജീവനക്കാരും കരാര്‍ വ്യവസ്ഥയില്‍ മൂന്നു ജീവനക്കാരും കോ-ടെര്‍മിനന്‍സ് വ്യവസ്ഥയില്‍ മൂന്നു ജീവനക്കാരും കാഷ്വല്‍ സ്വീപറായി ഒരാളും ജോലി ചെയ്യുന്നു. ഫിനാന്‍സ് ഓഫിസര്‍ -ഒന്ന്, അസി. സെക്രട്ടറി, മാനേജര്‍ ഒന്ന്, ക്ലാര്‍ക്ക്- രണ്ട്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്- ഒന്ന്, ഓഫിസ് അറ്റന്റര്‍- ഒന്ന്, കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്‍സ് ഒന്ന്, ക്ലാര്‍ക്ക് കാഷ്യര്‍ ഒന്ന്, ഡ്രൈവര്‍ കം ഓഫിസ് അറ്റന്റര്‍ -മൂന്ന് എന്നിങ്ങനെയാണ് ജീവനക്കാരുടെ തസ്തികകള്‍. ജീവനക്കാര്‍ ജൂണ്‍ 25 വരെ ശമ്പളയിനത്തില്‍ കൈപ്പറ്റിയിരിക്കുന്നത് 48,46,939 രൂപയാണെന്ന് രേഖ വ്യക്തമാക്കുന്നു.
ഒരു ക്ലാര്‍ക്കും ഒരു അസിസ്റ്റന്റ് സെക്രട്ടറിയും ശമ്പളം ഇതുവരെ കൈപ്പറ്റിയിട്ടില്ല. സ്വന്തമായി ആസ്ഥാനമില്ലാത്ത ബോര്‍ഡ്, പ്രതിമാസം 12,500 നിരക്കില്‍ രണ്ടു മാസത്തെ വാടക ടിഡിഎസ് കുറവ് ചെയ്ത് 2,25,000 രൂപ നല്‍കിയിട്ടുണ്ട്. ചെയര്‍മാന് ഔദ്യോഗിക വാഹനമുണ്ട്. ചെയര്‍മാനും അംഗങ്ങള്‍ക്കും പ്രതിമാസ ലാന്‍ഡ് ഫോണ്‍ ബില്ലിനു സര്‍ക്കാര്‍ നിരക്കില്‍ തുക അനുവദിക്കുന്നതിനും വ്യവസ്ഥയുണ്ട്.
പരീക്ഷ ആവശ്യത്തിനും മറ്റു ഔദ്യോഗിക ആവശ്യത്തിനുമായി പരമാവധി 750 രൂപ വരെ ടോപ്പ് അപ്പ് ചെയ്യാവുന്ന ഒരു ബിഎസ്എന്‍എല്‍ സിം കണക്ഷന്‍ നല്‍കാനും വ്യവസ്ഥയുണ്ട്. ബോര്‍ഡ് രൂപീകരിച്ച് ഇതുവരെയായിട്ടും ഒരു പരീക്ഷ നടത്തുവാനോ ഒരാളെ പോലും നിയമിക്കാനോ കഴിയാത്ത ഈ ബോര്‍ഡിനു വേണ്ടി സര്‍ക്കാര്‍ ചെലവഴിച്ചിരിക്കുന്നത് ഒരു കോടി 35 ലക്ഷം രൂപയുടെ അടുത്താണെന്നും രേഖകള്‍ വ്യക്തമാക്കുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക