|    Apr 23 Mon, 2018 11:33 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പരിഹാരമാര്‍ഗങ്ങള്‍ അകലെ

Published : 4th February 2016 | Posted By: SMR

ഗൗതം നവ്‌ലാഖ

കശ്മീരില്‍ സുരക്ഷാ സൈന്യത്തിനു നേരെ കല്ലെറിഞ്ഞ കുട്ടികളെ നേരിട്ട സൈന്യത്തിന്റെ നടപടിയെപ്പറ്റി നമുക്കൊന്ന് ഓര്‍ത്തുനോക്കാം. സൈന്യം ചില കുട്ടികളെ അടിച്ചുകൊല്ലുകയും മറ്റു ചിലര്‍ക്കെതിരേ വെടിവയ്പ്പു നടത്തുകയുമാണുണ്ടായത്. ചില കുട്ടികള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മറ്റു ചിലര്‍ അംഗവൈകല്യമുള്ളവരായി.
ഈ നിഷ്ഠുരമായ ആക്രമണത്തെ പരസ്യമായി പിന്തുണയ്ക്കുകയാണ് മുതിര്‍ന്ന പോലിസ് ഓഫിസര്‍മാര്‍ ചെയ്തത്. എന്നാല്‍, 2008ലും 2015ലും ജമ്മുവില്‍ നടന്ന അക്രമാസക്തരായ ജനപ്രക്ഷോഭകരുടെ നേര്‍ക്കു വെടിവയ്ക്കാന്‍ ഈ പോലിസ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പ്രത്യക്ഷത്തില്‍ കശ്മീരികള്‍ എന്നു തോന്നുന്നവര്‍ക്കു നേരെ മാരകമായ ആക്രമണം അഴിച്ചുവിടുകയാണ് പോലിസ് ചെയ്യുന്നത്. 2008ലും 2015ലും ഹിന്ദുത്വശക്തികള്‍ നടത്തിയ പ്രക്ഷോഭത്തില്‍ ജമ്മുകശ്മീര്‍ പോലിസ് സേനയിലെ മുസ്‌ലിം സമുദായക്കാരെയാണ് ഹിന്ദുത്വര്‍ ആക്രമിച്ചത്. ഈ വിഭാഗത്തിന്റെ പ്രക്ഷോഭങ്ങള്‍ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന പോലിസ് കശ്മീര്‍ മുസ്‌ലിംകളുടെ ചെറു പ്രതിഷേധങ്ങള്‍ പോലും അനുവദിച്ചിരുന്നില്ല. സുരക്ഷാ സൈന്യം നടത്തിയ കൊലപാതകത്തിനെതിരേ നീതി ആവശ്യപ്പെട്ട് ഓരോ തവണ പ്രതിഷേധിക്കുമ്പോഴും അവരെ ദേശദ്രോഹികളായി ചിത്രീകരിക്കുകയാണ് പോലിസ് ചെയ്യുന്നത്. അവര്‍ക്കെതിരേ, ഇന്ത്യന്‍ സായുധസേനയെ ആക്രമിച്ചതിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും അവരെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയുമാണു ചെയ്യുന്നത്. നിശ്ശബ്ദരായിരിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശമാണ് കശ്മീരി യുവാക്കള്‍ക്ക് ഔദ്യോഗികമായി നല്‍കുന്ന സന്ദേശം. കുട്ടികളുള്‍പ്പെടെയുള്ള സാധാരണക്കാരെ കൊലപ്പെടുത്തിയതിനും സ്ത്രീകളെ ബലാല്‍സംഗം ചെയ്തതിനും അപൂര്‍വമായി മാത്രമേ സായുധസേനയ്‌ക്കെതിരേ കേസെടുത്തിട്ടുള്ളൂ. ഇവരില്‍ വളരെ കുറച്ച് പേര്‍ക്കു മാത്രമാണ് ശിക്ഷ ലഭിച്ചത്.
അതേസമയം ജമ്മുവില്‍ ബജ്‌റംഗ്ദളിലെയും ശിവസേനയിലെയും പ്രവര്‍ത്തകരെ ഗ്രാമപ്രതിരോധ സമിതിയില്‍ ഉള്‍പ്പെടുത്തി അവര്‍ക്ക് സായുധസേന ആയുധങ്ങള്‍ നല്‍കുകയും പരിശീലനം കൊടുക്കുകയും ചെയ്യുന്നു. ദോഡ, രജൗരി, പൂഞ്ച്, ദാദര്‍വാ, കിശ്റ്റ്‌വര്‍ തുടങ്ങിയ ഹിന്ദുക്കളും മുസ്‌ലിംകളും താമസിക്കുന്ന പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാനാണിവരെ നിയോഗിക്കുന്നത്. ഈ ക്രൂരമായ യാഥാര്‍ഥ്യം ആര്‍ക്കെങ്കിലും കണ്ടില്ലെന്നു നടിക്കാന്‍ സാധിക്കുമോ? അല്ലെങ്കില്‍ 2008ല്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനെക്ഷായുടെ പേരില്‍ ആദ്യത്തെ പ്രഭാഷണം നടത്തിയ മുന്‍ ജമ്മുകശ്മീര്‍ ഗവര്‍ണര്‍ ലഫ്. ജനറല്‍ (റിട്ട.) എസ് കെ സിന്‍ഹയെപ്പോലെ ദേശീയപതാകയില്‍ ആവരണം ചെയ്ത എല്ലാ ഹീന കുറ്റകൃത്യങ്ങള്‍ക്കും ജനാധിപത്യ ഇന്ത്യയില്‍ മാപ്പു നല്‍കേണ്ടതാണെന്ന അഭിപ്രായമാണോ വേണ്ടത്?
അവസരത്തിനൊത്ത് ഉയരാന്‍ നാം മടികാണിക്കുന്നു എന്നതാണു സത്യം. അധികൃതരുടെ നടപടിയെ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുകൊണ്ടുവന്ന് ഇന്ത്യന്‍ സര്‍ക്കാരിനെതിരേ പ്രതിരോധം തീര്‍ക്കുകയാണു വേണ്ടത്. നിയമപരിരക്ഷയുള്ള ആറു ലക്ഷത്തിലധികമുള്ള സായുധസേനയ്ക്ക് 150 പ്രക്ഷോഭകാരികളെ എതിര്‍ത്തു തോല്‍പിക്കാന്‍ സാധിക്കാത്തത് എന്തുകൊണ്ടാണ് ?
പ്രക്ഷോഭകാരികള്‍ ജനങ്ങളുടെ ഇടയില്‍ സുരക്ഷിതരാണെന്നും അവരെ തിരിച്ചറിയുന്നതില്‍ അവര്‍ക്കു ഭയമില്ലാത്തതാണ് ഇതിനു കാരണമെന്നുമാണ് രാഷ്ട്രീയ വിശദീകരണം. ഇതൊരു വീരവാദമല്ല. പ്രക്ഷോഭകരെ പിന്തുണയ്ക്കുന്നതില്‍ സന്തോഷിക്കുന്നുണ്ടെന്ന് ലോകത്തെ അറിയിക്കുന്ന രാഷ്ട്രീയ വിവേകത്തോടെയുള്ള സന്ദേശമാണിത്. മുന്‍ റോ മേധാവി എ എസ് ദുലത് ഇതിനെക്കുറിച്ച് നന്നായി എഴുതിയിട്ടുണ്ട്.
പ്രായംചെന്ന ഒരു കശ്മീരി സ്ത്രീ പോലും താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്നു വെളിപ്പെടുത്തും. എന്നാല്‍, അവര്‍ ഒരു ആസാദിയെ (സ്വാതന്ത്ര്യസമര പ്രവര്‍ത്തകനെ) കൈവെടിയുകയില്ല. തിടുക്കത്തില്‍ അടിയറവു പറയുന്നവരല്ല കശ്മീരികള്‍ എന്നാണദ്ദേഹം എഴുതിയത്.
ഒരിന്ത്യക്കാരനു ചെയ്യാനുള്ളത് ഒന്നുകില്‍ കശ്മീരികളെ സായുധസേന ഒരിക്കല്‍ക്കൂടി അടിച്ചമര്‍ത്തുന്ന ശബ്ദവും ദൃശ്യവും ദൂരെനിന്നു വീക്ഷിക്കുയോ അതല്ലെങ്കില്‍ കുഴഞ്ഞുമറിയുന്ന പ്രശ്‌നങ്ങള്‍ക്ക് രാഷ്ട്രീയമായ പരിഹാരത്തിന്റെ അഭാവത്തില്‍ പുതിയൊരു നീക്കം വിജയിക്കുന്നത് ജാഗ്രതയോടെ പ്രതീക്ഷിക്കുകയോ ചെയ്യുക എന്നതാണ്. അതുകൊണ്ട് കശ്മീര്‍ ജനതയുടെ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പോരാട്ടങ്ങളെ അടിച്ചമര്‍ത്തുന്നത് ആഘോഷിക്കുകയും തിരഞ്ഞെടുപ്പ് വിജയവും വിനോദസഞ്ചാരികളുടെ എണ്ണത്തിലുള്ള വര്‍ധനയും സായുധസേനയുടെ വിജയമായി കൊണ്ടാടുന്നതും ഉപേക്ഷിക്കാന്‍ തയ്യാറുണ്ടോ എന്നാണ് നയരൂപീകരണം നടത്തുന്ന അധികാരികളോടു ചോദിക്കാനുള്ള പ്രധാന കാര്യം. തിരഞ്ഞെടുപ്പിലൂടെ ജനങ്ങള്‍ ഇന്ത്യയോടുള്ള കൂറും വിഘടനവാദികളോടുള്ള വെറുപ്പും പ്രകടിപ്പിച്ചതാണെന്നും പിന്നെന്തിനാണ് സ്വാതന്ത്ര്യ പ്രക്ഷോഭത്തെ ഭയപ്പെടുന്നതെന്നുമാണ് ഔദ്യോഗിക ദേശീയ പ്രചാരകര്‍ നമ്മോടു ചോദിക്കുന്നത്. ഇന്നത്തെ സ്ഥിതിവിശേഷത്തിനു കാരണമായ സര്‍ക്കാര്‍ സ്ഥാപനത്തിന് അവരുടെ ഗുപ്തസ്ഥാനത്തിരുന്ന് യഥാര്‍ഥ വസ്തുതകള്‍ കാണാന്‍ ശക്തിയില്ല എന്നതാണു പ്രശ്‌നം. രാഷ്ട്രീയ പരിഹാരത്തിനുള്ള സാധ്യത അവര്‍ നിരാകരിക്കുകയാണ്. ആഭ്യന്തര വിഷയങ്ങള്‍ ശ്രദ്ധിക്കാതെ അകലെ നടക്കുന്ന സംഭവങ്ങളെയും അയല്‍ രാജ്യങ്ങളെയും കുറ്റപ്പെടുത്തുകയാണ് അവര്‍ ചെയ്യുന്നത്. വിഘടനവാദത്തിനും റാഡിക്കലൈസേഷനും വഴിവച്ചത് അവരാണ്.
വിജയാഘോഷം ഉന്മാദത്തിലെത്തിയ വളഞ്ഞവഴി നാം മുമ്പും കണ്ടതാണ്. യാഥാര്‍ഥ്യത്തെ തെറ്റിദ്ധരിപ്പിക്കുന്നത് ബുദ്ധിപരമായും രാഷ്ട്രീയപരമായുമുള്ള ഭീരുത്വത്തിലേക്കാണു നയിക്കുന്നതെന്ന സത്യം നമുക്ക് അംഗീകരിക്കാതെ പറ്റില്ല. കൃത്രിമങ്ങളുടെയും അടിച്ചമര്‍ത്തലിന്റെയും നയങ്ങളില്‍ നിന്നു വ്യത്യസ്തമായി ജനാധിപത്യരീതിയില്‍ പ്രശ്‌നം പരിഹരിക്കാനുള്ള ഒരു നീക്കം ആര്‍എസ്എസ് നിയന്ത്രിക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് ഉണ്ടാവുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല.
ഒരു പ്രദേശത്ത് പ്രശ്‌നങ്ങളുണ്ടാവുന്നതിനു കാരണം ആഭ്യന്തര കാര്യങ്ങളാണെന്ന കാര്യം മറക്കാന്‍ പാടില്ല. ബാഹ്യശക്തികള്‍ക്ക് കലങ്ങിയ വെള്ളത്തില്‍ മീന്‍പിടിക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. 1947 ഒക്ടോബര്‍ 27 മുതലാണ് ജമ്മുകശ്മീരിനു മേല്‍ ഇന്ത്യ പട്ടാളനിയന്ത്രണം നടപ്പാക്കിയത്. പട്ടാളനടപടിക്ക് ഇരയായ ജനങ്ങളുടെ ഹൃദയം കീഴടക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ പ്രാഥമിക ഉത്തരവാദിത്തം ഇന്ത്യക്കാണ്. ജനങ്ങള്‍ അനുഭവിക്കുന്ന അന്യവല്‍ക്കരണം സാമ്പത്തിക സഹായപദ്ധതികളിലൂടെ മറികടക്കാന്‍ സാധിക്കാത്തതുപോലെ തന്നെയാണ് ജനാധിപത്യ പരിഹാരമാര്‍ഗത്തിലൂടെയല്ലാതെ വിഘടനവാദത്തെയും എതിര്‍ക്കാന്‍ ശ്രമിക്കുന്നത്.

  (അവസാനിച്ചു) 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss