|    Apr 22 Sun, 2018 3:03 am
FLASH NEWS

പരിഹാരം ഖുര്‍ആനിക സന്ദേശങ്ങളിലൂടെ മാത്രം: ക്യുഎല്‍എസ് സംഗമം

Published : 17th April 2016 | Posted By: SMR

കൊച്ചി: സമകാലിക ലോകം നേരിടുന്ന പ്രതിസന്ധികള്‍ക്കുള്ള പരിഹാരം ഖുര്‍ആനിക സന്ദേശങ്ങളിലൂടെ മാത്രമാണെന്ന് എറണാകുളം ജില്ലാ ക്യൂഎല്‍എസ് സംഗമം അഭിപ്രായപ്പെട്ടു. പുണ്യത്തിലും ഭക്തിയിലും പരസ്പരം സഹകരിക്കാനും പാപത്തിലും അതിക്രമത്തിലും നിസ്സഹകരിക്കാനുമാണ് ഖുര്‍ആന്‍ മാനവസമൂഹത്തോട് ആവശ്യപ്പെടുന്നത്. ധാര്‍മികതയിലൂന്നിയ ജീവിതക്രമം അനുവര്‍ത്തിക്കുന്നതിലൂടെ മാത്രമേ ലോകത്ത് സമാധാനവും ശാന്തിയും ഉറപ്പുവരുത്താനാവൂ. മതത്തെ പൗരോഹിത്യവല്‍ക്കരിക്കുന്ന പ്രവണതകള്‍ക്കെതിരേ ജാഗ്രത വേണമെന്ന് സംഗമം ആവശ്യപ്പെട്ടു.
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സമൂഹത്തെ പ്രശ്‌നസങ്കീര്‍ണമാക്കുകയാണ് ചെയ്യുന്നത്. കരിമരുന്ന് പ്രയോഗവും വെടിക്കെട്ടും ആനഎഴുന്നള്ളിപ്പ് ഉള്‍പ്പെടെയുള്ള അനാചാരങ്ങള്‍ ആരാധനയുടെ ഭാഗമാക്കുന്നതിനെ മതനേതൃത്വങ്ങളില്‍നിന്ന് തന്നെ എതിര്‍പ്പുയര്‍ന്ന സാഹചര്യത്തില്‍ അവ നിരോധിക്കാന്‍ കൂട്ടായ ആലോചനകള്‍ ഉണ്ടാവണമെന്നും സംഗമം നിര്‍ദേശിച്ചു.
ഖുര്‍ആന്‍ മാനവര്‍ക്ക് മാര്‍ഗദീപം എന്ന പ്രമേയത്തില്‍ ഐഎസ്എം ജില്ലാ കമ്മിറ്റി ഫോര്‍ട്ടുകൊച്ചി പള്ളത്ത് രാമന്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ ലേണിങ് സ്‌കൂള്‍ ജില്ലാ സംഗമം കെഎന്‍എം ജനറല്‍ സെക്രട്ടറി എം സ്വലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു.
കെഎന്‍എം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ഗനി സ്വലാഹി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ ടൗണ്‍ പ്ലാനിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഐഎസ്എം മുന്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കരിയാട് മുഖ്യപ്രഭാഷണം നടത്തി. കെഎന്‍എം ജില്ലാ വൈസ് പ്രസിഡന്റ് വി മുഹമ്മദ് സുല്ലമി, കൗണ്‍സിലര്‍ ടി കെ അഷ്‌റഫ്, സജ്ജാദ് ഫാറൂഖി, സുബൈദ സുല്ലമിയ്യ, സിയാസ് ബി എം അയ്യൂബ് എടവനക്കാട് സംസാരിച്ചു. ക്യുഎല്‍എസ് പഠിതാക്കളുടെ അനുഭവ സെഷന് ഐഎസ്എം ജില്ലാ ട്രഷറര്‍ സാബിഖ് മാഞ്ഞാലി നേതൃത്വം നല്‍കി. ഖുര്‍ആന്‍ ആസ്വാദന സെഷനില്‍ നൗഷാദ് കാക്കവയല്‍ അബ്ദുല്ല തിരൂര്‍ക്കാട് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ സംസാരിച്ചു. ഷിയാസ് സലഫി അധ്യക്ഷത വഹിച്ചു.
വൈകീട്ട് നടന്ന സമാപന സമ്മേളനം പ്രൊഫ കെ വി തോമസ് എം പി ഉദ്ഘാടനം ചെയ്തു. ഐ എസ് എം ജില്ല പ്രസിഡന്റ് കെ കെ ഹുസൈന്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഖുര്‍ആന്‍ പഠിതാക്കളായ 100 ഐഎസ്എം പ്രവര്‍ത്തകര്‍ അവയവദാന സമ്മതപത്രം പ്രഫ. കെ വി തോമസ് എംപിക്ക് കൈമാറി. ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഫൈസല്‍ നന്മണ്ട മുഖ്യപ്രഭാഷണം നടത്തി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss