|    Nov 16 Fri, 2018 6:32 am
FLASH NEWS

പരിഹാരം കാണാനാവാതെ ഭാരത് ആശുപത്രി നഴ്‌സുമാരുടെ സമരം

Published : 10th November 2017 | Posted By: fsq

 

കോട്ടയം: ഭാരത് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം 95ാം ദിനത്തിലേക്കു കടക്കുമ്പോഴും ഒത്തുതീര്‍പ്പ് ചര്‍ച്ചകളെല്ലാം പ്രഹസനമാവുന്നു. ജില്ലാ ഭരണകൂടവും ലേബര്‍ വകുപ്പും ഇടപെട്ടു നടത്തിയ ചര്‍ച്ചകള്‍ മാനേജ്‌മെന്റ് ബഹിഷ്‌കരിച്ചതോടെയാണു പ്രശ്‌ന പരിഹാരം വഴിമുട്ടിയത്. പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളും സര്‍ക്കാരും സമരത്തോടു മുഖംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇതുവരെ സ്വീകരിച്ചുപോരുന്നത്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ജോസ് കെ മാണി എംപി അടക്കമുള്ള വിരലിലെണ്ണാവുന്ന ജനപ്രതിനിധികള്‍ സമരപ്പന്തലിലെത്തിയെങ്കിലും ഇവരുടെ ഭാഗത്തു നിന്ന് കാര്യമായ ഇടപെടലുണ്ടായില്ലെന്നതാണു യാഥാര്‍ഥ്യം. ഭാരത് ആശുപത്രിയില്‍ നിന്നു പിരിച്ചുവിട്ട 58 നഴ്‌സുമാരെ തിരിച്ചെടുക്കണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യമുന്നയിച്ചാണു തിരുനക്കര ബസ് സ്റ്റാന്‍ഡിനു മുന്നില്‍ യുഎന്‍എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്. എന്നാല്‍, നഴ്‌സുമാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ മാനേജ്‌മെന്റ് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവാതെ വന്നതോടെയാണു രണ്ടാംഘട്ട സമരവുമായി നഴ്‌സുമാര്‍ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചത്. അതിപ്പോള്‍ 24 ദിവസം പിന്നിട്ടിരിക്കുകയാണ്. നിരവധി നഴ്‌സുമാര്‍ ഇതിനകം നിരാഹാരം അനുഷ്ടിച്ചു കഴിഞ്ഞു. ആരോഗ്യനില മോശമായെന്ന ഡോക്ടറുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഓരോഘട്ടത്തിലും നിരാഹാരം കിടക്കുന്ന നഴ്‌സുമാരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. നിഷ സജീവ് എന്ന നഴ്‌സാണ് ഇപ്പോള്‍ നിരാഹാരം ആരംഭിച്ചത്. കഴിഞ്ഞ ദിവസം വരെ നിരാഹാരം കിടന്ന അശ്വതിയുടെ നില വഷളായതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് നിഷ നിരാഹാരം തുടങ്ങിയത്. പിരിച്ചുവിട്ടവരെ തിരിച്ചെടുക്കും വരെ നിരാഹാരം തുടരുമെന്നാണ് യുഎന്‍എ അറിയിച്ചിരിക്കുന്നത്. അതിനിടെ, ഭാരത് ആശുപത്രി മാനേജ്‌മെന്റുമായി ഒത്തുകളിച്ച് സമരത്തെ തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ആശുപത്രിയിലെ യുഎന്‍എ യൂനിറ്റംഗം കൂടിയായ വിജിതാ വിജയകുമാറിനെ പുറത്താക്കി. മാനേജ്‌മെന്റുമായും ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായും ഗൂഢാലോചന നടത്തിയെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് യുഎന്‍എ ജില്ലാ പ്രസിഡന്റ് സെബിന്‍ സി മാത്യുവിന്റെയും ജില്ലാ സെക്രട്ടറി കിരണ്‍ ജോഷിയുടെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗം വിജിതയെ പുറത്താക്കാന്‍ തീരുമാനിച്ചതെന്ന് യുഎന്‍എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇനി മുതല്‍ വിജിതാ വിജയകുമാറിന്റെ ഒരുവിധ പ്രവര്‍ത്തനങ്ങളിലും യുഎന്‍എയ്ക്ക് ഉത്തരവാദിത്വം ഉണ്ടായിരിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു. അതേസമയം, ഭാരത് ആശുപത്രിയിലെ നഴ്‌സുമാര്‍ നടത്തിവരുന്ന ‘മരണം വരെ നിരാഹാരം’ സമരത്തെ പിന്തുണച്ച് നാളെ വൈകീട്ട് നാലിന് കോട്ടയത്തെ ജനങ്ങള്‍ പാട്ടുകളും നാടകങ്ങളും മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും നൃത്തവും ചിത്രവുമൊക്കെയായി ‘ഗാന്ധി സ്‌ക്വയര്‍ സംഗമം’ സംഘടിപ്പിക്കും. സമരത്തിന് ഐക്യദാര്‍ഢ്യവുമായി നിരവധിപേര്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss