|    Jan 23 Mon, 2017 12:15 pm
FLASH NEWS

പരിസ്ഥിതി സൗഹൃദ കോഴിക്കോടിനായി ഗ്രീന്‍ ക്ലീന്‍ കോഴിക്കോട്

Published : 2nd October 2016 | Posted By: SMR

കോഴിക്കോട്:  ജില്ലയെ ഹരിതാഭമാക്കുന്നതിനും മാലിന്യ മുക്തമാക്കുന്നതിനും കുടുംബശ്രീ ജില്ലാ മിഷനും ജിസം ഫൗണ്ടേഷനും സംയുക്തമായി നടപ്പാക്കുന്ന ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിക്ക് ഒക്ടോബര്‍ 3-ന് തുടക്കമാകും. ബഹുജന പങ്കാളിത്തത്തോടെ ഒരു ലക്ഷത്തിലധികം വൃക്ഷത്തൈകള്‍ നട്ടുപരിപാലിക്കാനും ഉറവിട മാലിന്യപരിപാലന സംവിധാനമുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളുമടങ്ങുന്ന ബൃഹദ്പദ്ധതിയാണ്  ആസൂത്രണം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം മൂന്നിന് കാലത്ത് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി നിര്‍വഹിക്കും. പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. ടി ശോഭീന്ദ്രന്‍ ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തും. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ 2015ല്‍ തുടക്കം കുറിച്ച മണ്ണോളം, സമാന്തരമായിതന്നെ നല്ല ആരോഗ്യം, ശുദ്ധജലം, നല്ല ജീവിതശൈലി, വൃത്തിയുള്ള പരിസരം, മാലിന്യ സംസ്‌കരണം എന്നീ പഞ്ചശീലങ്ങളിലൂന്നി കുടുംബശ്രീ സംസ്ഥാനമിഷന്‍ ആവിഷ്‌ക്കരിച്ച പൊലിവ് പദ്ധതികളും ജിസം ഫൗണ്ടേഷന്‍ നടപ്പിലാക്കുന്ന ഹരിത പുരസ്‌ക്കാരം സമ്മാന പദ്ധതിയും സംയോജിപ്പിച്ചാണ് ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതി  വിഭാവനം ചെയ്തിരിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ പ്രവര്‍ത്തകര്‍ വൃക്ഷത്തൈ നടുന്നതിന്റേയും പരിപാലിക്കുന്നതിന്റേയും ഫോട്ടോ എടുത്ത് ജിസം ഫൗണ്ടേഷന്റെ വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്യുന്ന മുറയ്ക്ക് ഓരോ മാസവും നറുക്കെടുപ്പിലൂടെ സ്വര്‍ണനാണയങ്ങള്‍ നല്‍കുന്നതാണ് പദ്ധതി.   പദ്ധതിയനുസരിച്ച് ഈ വര്‍ഷം നട്ടുവളര്‍ത്തി കൊണ്ടിരിക്കുന്ന ഒരു വൃക്ഷത്തൈയുടെ ചിത്രം ംംം.ഴൃലലിരഹലമിലമൃവേ.ീൃഴ എന്ന വെബ്‌സൈറ്റില്‍ ഓരോ മാസവും അപ്‌ലോഡ് ചെയ്യണം. 2016 ജൂണ്‍ 5ന് ആരംഭിച്ച ഈ പദ്ധതിയില്‍ 2017 ജൂണ്‍ 5 വരെ ഏറ്റവും ചുരുങ്ങിയത് 1000 വ്യക്തികളാല്‍ വൃക്ഷതൈകള്‍ നടുന്ന ഫോട്ടോ അപ്‌ലോഡ് ചെയ്യപ്പെടുന്ന മാസങ്ങളിലെല്ലാം നറുക്കെടുപ്പ് നടത്തി സമ്മാനങ്ങള്‍ നല്‍കുമെന്നതാണ് പ്രത്യേകത. ഈ പദ്ധതിയുടെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന, കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് മാത്രമായി 25 പവന്‍ സ്വര്‍ണനാണയങ്ങളാണ് ഗ്രീന്‍ ക്ലീന്‍ കോഴിക്കോട് പദ്ധതിയിലൂടെ നല്‍കപ്പെടുന്നത്.
കൂടാതെ ജനറല്‍ കാറ്റഗറിയില്‍ പെട്ട മുഴുവന്‍ സമ്മാനങ്ങളും ലഭിക്കാനുള്ള അവസരവും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ലഭിക്കുന്നുണ്ട്. മികച്ച പ്രകടനം കാഴ്ച വെക്കുന്ന വ്യക്തികള്‍ക്കും അയല്‍ക്കൂട്ടങ്ങള്‍ക്കും ഹരിതപുരസ്‌ക്കാരവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.ഉറവിട മാലിന്യ യൂനിറ്റ് നിര്‍മിച്ച് പരിപാലിക്കല്‍, ജൈവ പച്ചക്കറിത്തോട്ട മല്‍സരം, ഗൃഹാങ്കണ പൂന്തോട്ട മല്‍സരം, മട്ട്പ്പാവ് കൃഷി മല്‍സരം തുടങ്ങിയവയും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്. ഒരു വൃക്ഷതൈ നട്ട് അതിന്റെ ഫോട്ടോ ഹരിത പുരസ്‌കാരം പദ്ധതിയില്‍ അപ്‌ലോഡ് ചെയ്തവര്‍ക്ക് മാത്രമേ മല്‍സരത്തില്‍ പങ്കെടുക്കാന്‍ യോഗ്യതയുള്ളൂ. കുടുംബശ്രീയുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലയില്‍ പൈലറ്റ് പ്രൊജക്ട് ആയി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ മറ്റ് ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ കൂടി ഉദ്ദേശിക്കുന്നു. 2020 ആകുമ്പോള്‍ ഇതേ രീതിയില്‍ കേരളത്തില്‍ ഒരു കോടി മരങ്ങള്‍ നട്ട് പരിപാലിച്ച് അതിന്റെ ചിത്രങ്ങള്‍ യുനൈറ്റഡ് നാഷന്‍സ് എന്‍വയണ്‍മെന്റല്‍ പ്രോഗ്രാം (ഡചഋജ) യിലേക്ക് കേരള ജനതയുടെ സംഭാവനയായി സമര്‍പ്പിക്കാനും ഉദ്ദേശിക്കുന്നു. അന്ന് 20 ലക്ഷം മലയാളികള്‍ അവര്‍ നട്ട് വളര്‍ത്തുന്ന വൃക്ഷത്തൈയുടെ കൂടെ നിന്ന് സെല്‍ഫിയെടുത്ത് മരത്തിന്റെ പേരും ശാസ്ത്രീയ നാമവും ഗുണങ്ങളും വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു ലോക റിക്കാര്‍ഡ് സ്ഥാപിക്കാനും പദ്ധതി വഴി ലക്ഷ്യ മിടുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 26 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക