|    Nov 15 Thu, 2018 1:46 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പരിസ്ഥിതി പ്രശ്‌നം ഗൗരവമേറിയ പഠനം ആവശ്യം :തോമസ് ഐസക്

Published : 6th June 2017 | Posted By: fsq

 

കൊച്ചി: പരിസ്ഥിതിയെ സംബന്ധിച്ച കാതലായ പ്രശ്‌നങ്ങളില്‍ ഗൗരവമായ ചര്‍ച്ചകളും പഠനവും ആവശ്യമെന്നു മന്ത്രി ഡോ. ടി എം തോമസ് ഐസക്. ബിഷപ്മാര്‍ തോമസ് ചക്യത്ത് രചിച്ച “ഞാനും എന്റെ ഭൂമിയും, ഞാനും എന്റെ സമൂഹവും’ പുസ്തകത്തിന്റെ പ്രകാശനം കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവയ്ക്കുന്ന പൊതുഭവനമെന്ന ആശയം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കു പുതിയ ദര്‍ശനവും ശക്തമായ പിന്‍ബലവും നല്‍കുന്നു. ഉപഭോഗാസക്തിയുടെ ലോകത്തി ല്‍ പരിസ്ഥിതി നശീകരണം കുറയ്ക്കുന്നതിനായി വ്യക്തിതലത്തില്‍ നടത്താവുന്ന ഇടപെടലുകളെ കുറിച്ചുള്ള വിവരണമാണ് മാര്‍ തോമസ് ചക്യത്തിന്റെ ഗ്രന്ഥമെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു. എറണാകുളം അങ്കമാലി അതിരൂപത സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അധ്യക്ഷത വഹിച്ചു. ഗൃഹാതുരത്വമുണര്‍ത്തുന്ന പ്രകൃതിസൗഹൃദത്തിന്റെ ഗതകാല സ്മരണകളില്‍ നിന്ന് ഇന്നത്തെ സമൂഹം പരിസ്ഥിതി സംരക്ഷണത്തിന്റെ പാഠങ്ങള്‍ ഉള്‍ക്കൊള്ളണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. സാധാരണക്കാരെ ബാധിക്കുന്ന പ്രശ്‌നങ്ങളില്‍ തലച്ചോറിന്റെ ഭാഷയേക്കാള്‍ ഹൃദയത്തിന്റെ ഭാഷയിലുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ പാരിസ്ഥിതികവും സാംസ്‌കാരികവുമായ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍ ജാഗ്രതയോടെ ഇടപെടാനുള്ള മനസ്സ് രൂപപ്പെടുത്തുകയാണ് എഴുത്തുകാരന്റെ ധര്‍മമെന്ന് പുസ്തകം പരിചയപ്പെടുത്തിയ പിഎസ്‌സി  മുന്‍ ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണന്‍ പറഞ്ഞു. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി കെ ജോസ് പുസ്തകത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. എംഎല്‍എമാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ. സൗജത്ത് അബ്ദുല്‍ ജബ്ബാര്‍, കൊച്ചിന്‍ ഷിപ്‌യാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ എം ഡി വര്‍ഗീസ്, തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി പി സി സിറിയക്, സഹൃദയ ഡയറക്ടര്‍ ഫാ. പോള്‍ ചെറുപിള്ളി, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്ത്,  ജീസ് പി പോള്‍ സംസാരിച്ചു. അതിരൂപതയുടെ സാമൂഹിക പ്രവര്‍ത്തന വിഭാഗമായ സഹൃദയ നടപ്പാക്കുന്ന “സുകൃതം പ്രകൃതിവിചാരം’ പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി തോമസ് ഐസക് നിര്‍വഹിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss