|    Dec 14 Fri, 2018 10:37 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പരിസ്ഥിതി നയങ്ങള്‍ക്ക് അംഗീകാരം

Published : 16th November 2018 | Posted By: kasim kzm

പ്രഫ. കെ അരവിന്ദാക്ഷന്‍

2018ലെ ധനശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം രണ്ട് അമേരിക്കന്‍ ധനശാസ്ത്ര പണ്ഡിതന്‍മാര്‍ക്കാണെന്ന പ്രഖ്യാപനത്തെ മാധ്യമലോകം ഏകകണ്ഠമായി വിശേഷിപ്പിച്ചത്, ഇത് ധനശാസ്ത്ര നൊബേല്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് എന്നായിരുന്നു. ഇക്കുറി റോയല്‍ സ്വീഡിഷ് അക്കാദമി അവാര്‍ഡ് ജേതാക്കളായി പ്രഖ്യാപിച്ചത് കാലികപ്രാധാന്യമുള്ള വിഷയങ്ങളില്‍ പ്രാവീണ്യം തെളിയിച്ച വില്യം നോര്‍ഡൗസ്, പോള്‍ റോമര്‍ എന്നിങ്ങനെ രണ്ടു പേരെയാണ് എന്നതാണ് പ്രാധാന്യം അര്‍ഹിക്കുന്നത്. ധനശാസ്ത്ര സിദ്ധാന്തത്തിനുള്ള അംഗീകാരത്തോടൊപ്പം ഇത്തരം സിദ്ധാന്തങ്ങളുടെ പ്രായോഗികതല പ്രസക്തി കൂടി കണക്കിലെടുത്താണ് ജേതാക്കളെ തിരഞ്ഞെടുത്തിരിക്കുന്നതെന്ന മാനം കൂടി ഈ വര്‍ഷത്തെ പ്രഖ്യാപനത്തിനുണ്ട്.
പ്രായോഗിക പ്രസക്തിയോടൊപ്പം രാഷ്ട്രീയ പ്രാധാന്യം കൂടി സ്വീഡിഷ് അക്കാദമിയുടെ തീരുമാനത്തെ സ്വാധീനിച്ചിരിക്കുന്നു. ദീര്‍ഘകാലം മാക്രോ-ഇകണോമിക് സൈദ്ധാന്തിക വിശകലനത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ കഴിയുന്ന സംഭാവന നല്‍കി എന്നതാണ് രണ്ടു പണ്ഡിതന്‍മാരെയും ഈ ബഹുമതിക്ക് അര്‍ഹരാക്കിയതെന്ന് റോയല്‍ സ്വീഡിഷ് അക്കാദമി അടിവരയിട്ടു പറയുന്നു. എന്താണ് ഇതെന്നോ? കാലാവസ്ഥാ വ്യതിയാനത്തെയും സാങ്കേതിക കണ്ടുപിടിത്തങ്ങളെയും സമ്പദ്‌വ്യവസ്ഥയുടെ സമഗ്രമായ ദീര്‍ഘകാല വികസന പരിപ്രേക്ഷ്യവുമായി ബന്ധപ്പെടുത്തുക എന്നതാണിത്.
വരുംവര്‍ഷങ്ങളില്‍ ഇന്ത്യ അടക്കമുള്ള ലോകരാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ആഗോളതാപനം അതീവ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഉളവാക്കുക എന്ന യുഎന്‍ പഠന റിപോര്‍ട്ട് പുറത്തുവന്ന ദിവസം തന്നെയാണ് (2018 ഒക്ടോബര്‍ 8) സ്വീഡിഷ് അക്കാദമി ധനശാസ്ത്രത്തിനുള്ള പുരസ്‌കാര പ്രഖ്യാപനം- ഇതൊരു യാദൃച്ഛികതയാണെങ്കില്‍ കൂടി- നടത്തിയതെന്ന് ഓര്‍ക്കുക. അതേസമയം, രണ്ടു പ്രഖ്യാപനങ്ങളിലെയും സമാനതകള്‍ ശ്രദ്ധേയമായി കാണണം. നൊബേല്‍ ജേതാക്കളായ നോര്‍ഡൗസിനെയും പോള്‍ റോമറെയും വ്യത്യസ്തരാക്കുന്നത് അവരിരുവരും തങ്ങളുടെ പഠനത്തിനായി തിരഞ്ഞെടുക്കുന്നതും കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും സാമ്പത്തിക വികസനത്തിനു പ്രതിസന്ധി സൃഷ്ടിക്കുന്ന ഘടകങ്ങളാണെന്ന നിഗമനത്തെ അടിസ്ഥാനമാക്കിത്തന്നെയാണ് എന്നതാണ്. സമകാലിക ലോകമാകെത്തന്നെ അഭിമുഖീകരിക്കുന്ന പ്രശ്‌നവും മറ്റൊന്നല്ല.
ധനശാസ്ത്രം എന്ന വിജ്ഞാനശാഖയെ പ്രായോഗികതലത്തിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതില്‍ നോര്‍ഡൗസും റോമറും പ്രത്യേക പ്രശംസ അര്‍ഹിക്കുകയും ചെയ്യുന്നു. നോര്‍ഡൗസ് അടിയുറച്ചു വിശ്വസിക്കുന്നത് കാലാവസ്ഥാ വ്യതിയാനം ഉളവാക്കുന്ന നിഷേധ ആഘാതങ്ങള്‍ ഒഴിവാക്കാനോ ലഘൂകരിക്കാനോ ആത്മാര്‍ഥമായ സഹകരണത്തോടെയുള്ള പരിശ്രമങ്ങള്‍ കൊണ്ട് സാധ്യമാവുമെന്നാണ്. അതേയവസരത്തില്‍ റോമറിന്റെ ലക്ഷ്യവും നിര്‍ദേശവും സാങ്കേതിക കണ്ടുപിടിത്തങ്ങളും മാനുഷിക മൂലധനവും തമ്മില്‍ വികസിത-വികസ്വര രാജ്യങ്ങളുടെ സാമ്പത്തിക പുരോഗതിക്കായി സമന്വയിപ്പിക്കുക എന്നതുതന്നെ. ചുരുക്കത്തില്‍, സുസ്ഥിര വികസനം സാധ്യമാക്കുന്നതിന് ആവശ്യമായ പ്രായോഗിക കാഴ്ചപ്പാടുകളാണ് ഇരു ധനശാസ്ത്ര ചിന്തകരും കാഴ്ചവയ്ക്കുന്നത്.
നോര്‍ഡൗസിന്റെയും റോമറിന്റെയും ചിന്ത പാരമ്പര്യ സ്വഭാവമുള്ള വികസന മാതൃകകള്‍ക്ക് എതിരായിട്ടായിരുന്നു. 1950കളില്‍ ഇത്തരം വികസന മാതൃകകള്‍ക്കാണ് മേല്‍ക്കൈ ഉണ്ടായിരുന്നത്. ഇന്ത്യ അടക്കമുള്ള വികസ്വര രാജ്യങ്ങളും ഇതിന് അപവാദമായിരുന്നില്ല. നോര്‍ഡൗസിന്റെയും റോമറിന്റെയും ഇടപെടലുകളെ തുടര്‍ന്നാണ് ഈ മനോഭാവത്തില്‍ മാറ്റമുണ്ടാവുന്നത്. ഈ ഇടപെടലുകള്‍ ഉണ്ടാവുന്നത് യഥാക്രമം 1970കളിലും 1980കളിലുമാണ്. ഈ കാലഘട്ടം വരെ പാശ്ചാത്യ വികസന മാതൃകകള്‍ പൊതുവില്‍ രൂപപ്പെടുത്തപ്പെട്ടിരുന്നത് 1987ലെ നൊബേല്‍ ജേതാവ് റോബര്‍ട്ട് സോളോവിന്റെ വളര്‍ച്ചാ മാതൃകയെ അടിസ്ഥാനമാക്കിയായിരുന്നു.
ഈ മാതൃകയുടെ സവിശേഷത എന്തായിരുന്നുവെന്നോ? ദീര്‍ഘകാല സാമ്പത്തിക വളര്‍ച്ചയാണ് ലക്ഷ്യമെങ്കില്‍, അധ്വാനശക്തിയുടെ വര്‍ധനവിനെയും ലഭ്യമായ മൂലധനത്തെയും കോര്‍ത്തിണക്കിക്കൊണ്ടുള്ള ഒരു വികസന പരിപ്രേക്ഷ്യത്തിനു രൂപം നല്‍കുക. അതായത്, വെറുമൊരു അക്കൗണ്ടിങിന്റേതായൊരു അഭ്യാസമായി സാമ്പത്തിക വളര്‍ച്ചയെയും വികസനത്തെയും കണക്കാക്കുക. മൊത്തത്തിലുള്ള ഉല്‍പാദനശക്തികളുടെ ഉല്‍പാദനക്ഷമത മാത്രമായിരിക്കും യഥാര്‍ഥ സാമ്പത്തിക വളര്‍ച്ചയെ നിര്‍ണയിക്കുക. ഉല്‍പാദനക്ഷമത ഏറെ താമസിയാതെ മുരടിപ്പു നേരിട്ടേക്കാം. അപ്പോള്‍ അത് വികസനത്തെ പ്രതികൂലമായി ബാധിക്കും.
ഇവിടെയാണ് പോള്‍ റോമര്‍ തന്റെ സിദ്ധാന്തവുമായി രംഗത്തുവരുന്നത്. സ്ഥായിയായ വികസന മാതൃകയാണ് നമുക്ക് ആവശ്യമെങ്കില്‍ നവംനവങ്ങളായ കണ്ടുപിടിത്തങ്ങളും മാനുഷിക മൂലധനവും അനിവാര്യ ഘടകങ്ങളായിരിക്കും. ഇതാണ് റോമറിന്റെ വികസന മാതൃകയുടെ അസ്സല്‍ സ്വഭാവം. ഇതോടെ റോബര്‍ട്ട് സോളോവിന്റെ തീര്‍ത്തും യാന്ത്രികമായ വികസന മാതൃകയുടെ സ്വീകാര്യതയ്ക്ക് ആദ്യത്തെ പ്രഹരമേല്‍ക്കുകയായിരുന്നു.
വില്യം നോര്‍ഡൗസിന്റെ സംഭാവന കൂടിയായതോടെ സോളോ മാതൃകയുടെ പ്രസക്തി തന്നെ നഷ്ടപ്പെടുമെന്ന സാഹചര്യം നിലവില്‍ വരുകയും ചെയ്തു. സാമ്പത്തിക വളര്‍ച്ച എന്നത് വെറുമൊരു അക്കൗണ്ടിങ് അഭ്യാസമല്ലെന്നും അതിലൂടെ മനുഷ്യജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാവണമെന്നുമുള്ള ചിന്താഗതിക്ക് പിന്തുണ വര്‍ധിക്കുകയുമാണ് ഉണ്ടായത്. മൊത്തം ആഭ്യന്തര ഉല്‍പന്നം (ജിഡിപി) എന്ന ആശയം തന്നെ ഒരു പ്രശ്‌നമാണ്. കാരണം, ഇതു ഗുണമേന്‍മയെന്ന മാനം കണക്കിലെടുക്കുന്നു പോലുമില്ല.
മാത്രമല്ല, ജിഡിപി വര്‍ധന മാത്രമാണ് വളര്‍ച്ചയുടെ മാനദണ്ഡമായി പരിഗണിക്കപ്പെടുക എങ്കില്‍, ഉല്‍പാദന വര്‍ധനവിനും ഉല്‍പാദനക്ഷമതാ വര്‍ധനവിനുമായി ദുര്‍ബലമായ പ്രകൃതിവിഭവങ്ങള്‍ അമിതമായ തോതില്‍ വിനിയോഗിക്കുക എന്ന പ്രക്രിയക്ക് പ്രോല്‍സാഹനം നല്‍കുക എന്നതായിരിക്കും ഫലം. ഇത് ദീര്‍ഘകാല വികസന ലക്ഷ്യങ്ങള്‍ നേടുന്നതിനും സ്ഥായിയായ വികസനത്തിനും പ്രതിബന്ധമാവും. ലഭ്യമായ വിഭവങ്ങള്‍ യുക്തിസഹമായും കാര്യക്ഷമമായും വിനിയോഗിക്കുകയാണ് വേണ്ടത്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിന്റെ പശ്ചാത്തലം കണക്കിലെടുക്കുമ്പോള്‍ ഇതിന്റെ അര്‍ഥമെന്തെന്നോ? നോര്‍ഡൗസിന്റെ അഭിപ്രായത്തില്‍ രണ്ടക്ക വികസനമെന്ന ലക്ഷ്യം തന്നെ ശരിയല്ലെന്നാണ്. വനസമ്പത്ത് അടക്കമുള്ള പ്രകൃതിവിഭവങ്ങള്‍ ശരിയാംവണ്ണം വിനിയോഗിക്കപ്പെടാതിരുന്നാല്‍ അവ സ്ഥിരമായി നഷ്ടപ്പെടുന്ന അവസ്ഥയായിരിക്കും സംജാതമാവുക. ഈ വസ്തുതയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക നയരൂപീകരണം നടക്കുന്നതെങ്കില്‍ മാറിമാറി അധികാരത്തില്‍ വന്ന സര്‍ക്കാരുകളുടെ വളര്‍ച്ചാസംബന്ധമായ അക്കൗണ്ടിങ് അപ്പാടെ ചോദ്യം ചെയ്യപ്പെടുമെന്നത് ഉറപ്പാണ്.
നോര്‍ഡൗസിനു മുമ്പ് കാള്‍ മാര്‍ക്‌സും മഹാത്മാ ഗാന്ധിയും പ്രകൃതിവിഭവങ്ങളുടെ യുക്തിസഹവും കാര്യക്ഷമവുമായ വിനിയോഗത്തിന്റെ പ്രാധാന്യം പ്രത്യേകം പരാമര്‍ശിച്ചിരുന്നു. മാര്‍ക്‌സിന്റെ അഭിപ്രായം, ഇപ്പോള്‍ ലഭ്യമായ പ്രകൃതിവിഭവങ്ങള്‍ നമ്മുടെ തലമുറയ്ക്കു മാത്രം അവകാശപ്പെട്ടതല്ല, ഭാവിതലമുറകള്‍ക്കുകൂടി അവകാശപ്പെട്ടതാണെന്ന യാഥാര്‍ഥ്യം വിസ്മരിക്കരുത് എന്നായിരുന്നു. ഗാന്ധിജിയാവട്ടെ, പ്രകൃതിവിഭവ വിനിയോഗത്തിന്റെ പരിമിതിയിലേക്കാണ് വിരല്‍ ചൂണ്ടിയത്. അദ്ദേഹം പറഞ്ഞത്, പ്രകൃതി മനുഷ്യന്റെ ആഗ്രഹങ്ങള്‍ സാധിച്ചുതരും, എന്നാല്‍ അത്യാഗ്രഹം സാധിച്ചുതന്നെന്നു വരില്ല എന്നായിരുന്നു.
അതേയവസരത്തില്‍, കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവും ആഗോളതലത്തില്‍ ഒരു ചര്‍ച്ചാവിഷയമാവുന്നതിനു മുമ്പുതന്നെ നോര്‍ഡൗസ് അതേപ്പറ്റിയെല്ലാം ബോധവാനായിരുന്നു. 1970കളുടെ ആരംഭം മുതല്‍ തന്നെ അദ്ദേഹം കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്‌നമാണെന്ന നിലപാടുകാരനായിരുന്നു. അദ്ദേഹത്തിന്റെ വളര്‍ച്ചാ മാതൃകകളുടെ സവിശേഷത തന്നെ, അവയില്‍ ജനസംഖ്യാ വളര്‍ച്ച, ജീവാവശിഷ്ടങ്ങള്‍ വിനിയോഗിച്ചു നിര്‍മിക്കുന്ന ഇന്ധനങ്ങളുടെ വിനിയോഗം, വരുമാന വളര്‍ച്ച, ആഗോളതാപനം തുടങ്ങിയവ കോര്‍ത്തിണക്കിക്കൊണ്ടുള്ളതായിരുന്നു എന്നതാണ്. വികസനപ്രക്രിയയുടെ ചെലവുകളോടൊപ്പം അവയില്‍ നിന്ന് സമൂഹത്തിനു ലഭ്യമാവുന്ന പ്രയോജനം കൂടി കണക്കിലെടുത്തുകൊണ്ടായിരിക്കണം വികസന നയരൂപീകരണം നടത്താന്‍. ി

(അവസാനിക്കുന്നില്ല)

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss