|    Jan 21 Sat, 2017 5:45 am
FLASH NEWS

പരിസ്ഥിതി ദുരന്തം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തും: ചെന്നിത്തല

Published : 5th September 2016 | Posted By: SMR

റാന്നി: പാറമട ലോബികള്‍ക്കെതിരേ അതിജീവനസമരം നടക്കുന്ന ചെമ്പന്‍മുടിമലയില്‍ പ്രതിപക്ഷനേതാവ്  രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ചെമ്പന്‍മുടിമലയിലെ പാറമടകളും ക്രഷറും ഉയര്‍ത്തുന്ന പരിസ്ഥിതി ദുരന്തവും ജനങ്ങളുടെ ആവശ്യവും വിശദമായി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ചെമ്പന്‍മുടിമല സന്ദര്‍ശിച്ചശേഷം അത്തിക്കയത്ത് നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെമ്പന്‍മുടിമലയിലെ ജനങ്ങളുടെ സമരം തികച്ചും ന്യായമാണ്. സമരവിഷയത്തില്‍ ജനങ്ങളുടെ ഒറ്റക്കെട്ടായ തീരുമാനത്തിനു മുന്നില്‍ ഒരുകോടതിയും നടപടിയെടുക്കില്ല. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് ഭരണസമിതി പാറമട വിഷയത്തില്‍ ജനങ്ങളുടെ പക്ഷത്തുനില്‍ക്കണമെന്നും നേരായവഴിയില്‍ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പഞ്ചായത്ത് കമ്മിറ്റി ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന പക്ഷം താന്‍ നേരിട്ടുവന്ന ജനങ്ങള്‍ക്കൊപ്പം പഞ്ചായത്തിനു മുന്നില്‍ സമരത്തിനുണ്ടാകുമെന്നും ചെന്നിത്തല ഉറപ്പുനല്‍കി. ചെമ്പന്‍മുടിമലയിലെ സാഹചര്യങ്ങള്‍ കണ്ടാല്‍ അവിടെ പാറഖനനത്തിന് ഒരു പഞ്ചായത്ത് ഭരണസമിതിയും അനുമതി നല്‍കില്ല. എന്നാല്‍, ഇക്കാര്യത്തില്‍ നാറാണംമൂഴി പഞ്ചായത്ത് ഭരണസമിതിക്ക് തെറ്റുപറ്റിയിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കണം. തിരുത്താന്‍ പഞ്ചായത്തിന് ഇനിയും സമയമുണ്ട്. കോടതി നടപടിയുടെ പേരുപറഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കാനാണെങ്കില്‍ ഹൈക്കോടതിക്കു മുകളിലും കോടതികളുണ്ടെന്നും ആവശ്യമെങ്കില്‍ ജനങ്ങള്‍ക്കുവേണ്ടി പഞ്ചായത്ത് സുപ്രിംകോടതിയില്‍ പോവണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. പാറമട വിഷയത്തില്‍ കോടതിയലക്ഷ്യമെന്നു പറഞ്ഞ് ഒരു നടപടിയുമുണ്ടാവില്ല.
രാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ജനങ്ങള്‍ക്ക് നീതിയും ന്യായവും നടത്തിക്കൊടുക്കേണ്ട പോലിസ് പാറമട മുതലാളിമാര്‍ക്കൊപ്പം നിലകൊള്ളരുത്. സമരക്കാരോടുള്ള പോലിസിന്റെ സമീപനം മാറണം. സമരസമിതി ഇതിനോടകം നല്‍കിയിട്ടുള്ള പരാതികള്‍ പരിശോധിക്കാന്‍ ജില്ലാ കലക്ടറോ ജില്ലാ പോലിസ് സൂപ്രണ്ടോ തയാറാവാത്തത് ജനങ്ങളോടു കാണിക്കുന്ന നീതിനിഷേധമാണ്.
ഒന്നോ രണ്ടോ പാറമട മുതലാളിമാരുടെ ആവശ്യത്തേക്കാളേറെ ജനങ്ങളുടെ ആവശ്യത്തിന് പോലിസ് വില നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. സമരസമിതി നേതാവ് ഷാജി പതാലില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പി മോഹന്‍രാജ്, ബാബു ജോര്‍ജ്, എം ജി കണ്ണന്‍, പ്രഫ.തോമസ് അലക്‌സ്, സമരസമിതി നേതാക്കളായ സജി കൊട്ടാരം, ഷാജി ഈറയ്ക്കല്‍, പ്രിന്‍സ് ജോസഫ് സംസാരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക