|    Jun 28 Wed, 2017 10:44 am
FLASH NEWS

പരിസ്ഥിതി ജാഗ്രതയുടെ അനിവാര്യത വിളിച്ചറിയിച്ച് ക്ലൈമറ്റ് മാര്‍ച്ച് സമാപിച്ചു

Published : 6th November 2016 | Posted By: SMR

കോഴിക്കോട്: ആസന്നമായ പ്രകൃതി നാശത്തെ കുറിച്ച് ഓരോ മനുഷ്യനും ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ക്ലൈമറ്റ് മാര്‍ച്ച് സമാപിച്ചു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് മൊറോക്കോവില്‍ നടക്കുന്ന അന്താരാഷ്ട കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് പിന്തുണ അറിയിച്ചാണ് പരിസ്ഥിതി പ്രവര്‍ത്തകരും വിദ്യാര്‍ഥികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ക്ലൈമറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്. തുടര്‍ന്ന് മുതലക്കുളത്ത് നടന്ന പൊതു സമ്മേളനം സാമൂഹ്യ പ്രവര്‍ത്തകനും മാഗ്‌സാസെ അവാര്‍ഡ് ജേതാവുമായ ഡോ.സന്ദീപ് പാണ്ഡേ ഉദ്ഘാടനം ചെയ്തു. സാധാരണ മനുഷ്യരുടേയും പ്രകൃതിയുടേയും വിഭവങ്ങള്‍ അപഹരിക്കുന്ന വികസനമാണ് നാട്ടില്‍ നടക്കുന്നതെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. മുതലാളിത്ത കാഴ്ചപ്പാടിലുള്ള വികസനമാണ് പ്രോല്‍സാഹിക്കപ്പെടുന്നത്. ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളത്തില്‍, ഖനന-മണല്‍- കെട്ടിട മാഫിയ പ്രകൃതിയെ ചൂഷണം ചെയ്തുകൊണ്ടേയിരിക്കുകയാണ്. ഉദ്യോഗസ്ഥരുടെ പ്രത്യേകിച്ച് പോലിസിന്റെ ഒത്താശയോടെയാണ് ഈ മാഫിയ കുന്നുകള്‍ ഇടിച്ചു നിരത്തി നെല്‍വയലുകള്‍ നികത്തിക്കൊണ്ടിരിക്കുന്നത്. കേരളത്തിലെ സമ്പന്നമായ 44 പുഴകളും ഇതിനകം മലിനമാക്കപ്പെട്ടു എന്നത് കേരളത്തിന്റെ ഭാവിയെ വലിയ പ്രതിസന്ധിയിലാക്കുമെന്നും സന്ദീപ് പാണ്ഡേ പറഞ്ഞു.വലിയ ശാസ്ത്രബോധമൊന്നും ഇല്ലാതെ തന്നെ കേരളത്തിന്റെ കാലാവസ്ഥാ വ്യതിയാനങ്ങളെ ഇന്ന് അനുഭവിക്കാന്‍ സാധിക്കുന്നുണ്ടെന്ന് ചരിത്രകാരന്‍ എംജിഎസ് നാരായണന്‍ പറഞ്ഞു. പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ഏതാണ്ട് 30 വര്‍ഷം മുമ്പ് തന്നെ കേരളത്തിന്റെ ഇന്നത്തെ ദുരവസ്ഥ പ്രവചിച്ചിരുന്നു. അന്നൊന്നും ഈ മുന്നറിയിപ്പിനു നേരെ കണ്ണടച്ചതിന്റെ പരിണിത ഫലമാണ് ഇന്ന് കേരളീയര്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഡോ.എ അച്യുതന്‍ അധ്യക്ഷനായിരുന്നു. പ്രഫ. ശോഭീന്ദ്രന്‍ വിഷയാവതരണം നടത്തി. തായാട്ട് ബാലന്‍, ഡോ.വിഎസ് വിജയന്‍, പ്രൊഫ.എസ് സീതാരാമന്‍, കുമാര്‍ കലാന്ദമണി, പാണ്ഡുരംഗ ഹെഗ്‌ഡേ, ജോണ്‍ പെരുവന്താനം, ടി വി രാജന്‍, അഡ്വ. ഇ പ്രദീപ് കുമാര്‍ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക