|    Apr 27 Fri, 2018 12:06 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

പരിസ്ഥിതിയില്‍ പോര്; പിണറായിയും കാനവും നേര്‍ക്കുനേര്‍

Published : 6th June 2016 | Posted By: SMR

kanampinarayi

തിരുവനന്തപുരം: പരിസ്ഥിതിയെച്ചൊല്ലി എല്‍ഡിഎഫിലെ പ്രമുഖ ഘടകകക്ഷികള്‍ തമ്മില്‍ രൂക്ഷമായ വാക്‌പോര്. ആതിരപ്പിള്ളി പദ്ധതി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തമ്മില്‍ കൊമ്പുകോര്‍ത്തതിനു പിന്നാലെയാണ് പരിസ്ഥിതിദിനത്തില്‍ ഇരുവരും ഫേസ്ബുക്കില്‍ ഏറ്റുമുട്ടിയത്.


സര്‍ക്കാര്‍ അധികാരത്തിലെത്തി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എല്‍ഡിഎഫില്‍ ഉടലെടുത്തിരിക്കുന്ന പാളയത്തില്‍ പട മുന്നണിനേതൃത്വത്തിന് തലവേദനയായിരിക്കുകയാണ്. പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് ശനിയാഴ്ചയാണ് കാനം ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനാണ് പരിസ്ഥിതിദിനത്തില്‍ തന്നെ പിണറായിയുടെ മറുപടി. പരിസ്ഥിതി മറന്നുള്ള വികസനം ആപത്താണെന്ന നിലപാടില്‍ കാനം ഉറച്ചുനില്‍ക്കുമ്പോള്‍ വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നാണ് മുഖ്യമന്ത്രിയുടെ വാദം.
ജീവജാലങ്ങളുടെ നിലനില്‍പിന് ആധാരമായ പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ അനിവാര്യത ലോകം ഗൗരവപൂര്‍വം ചര്‍ച്ചചെയ്യുന്ന വേളയിലാണ് ഇക്കൊല്ലത്തെ പരിസ്ഥിതിദിനം എത്തുന്നതെന്നു പറഞ്ഞാണ് കാനത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ഒരുകാലത്ത് ബുദ്ധിജീവികളുടെ ചര്‍ച്ചകളിലും മറ്റുമായി തളയ്ക്കപ്പെട്ടിരുന്ന പരിസ്ഥിതി ഇന്ന് സാധാരണക്കാരന്റെ വിഷയമായി. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലും ആറന്‍മുള വിമാനത്താവള വിരുദ്ധ സമരത്തിലും ഇതാണു കാണുന്നത്. വികസനം സാമൂഹികനീതിക്ക് നിരക്കുന്നതായിരിക്കണം. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനത്തിന് മാത്രമേ സുസ്ഥിരതയെ സംഭാവന ചെയ്യാനാവൂ. ഇതാണ് അഭികാമ്യമെന്ന് ലോകം തിരിച്ചറിയുമ്പോള്‍ മാറിച്ചിന്തിക്കാനും പ്രവര്‍ത്തിക്കാനും മലയാളിക്കാവില്ല.
എല്ലാറ്റിലും ലാഭം മാത്രം ദര്‍ശിക്കുന്ന മുതലാളിത്ത വികസന രീതികളാണ് പ്രകൃതിയെ തകര്‍ത്തെറിഞ്ഞതെന്ന് തിരിച്ചറിയുന്നിടത്താണ് ഇടതുപക്ഷരാഷ്ട്രീയം അര്‍ഥപൂര്‍ണമാവുന്നത്. സുസ്ഥിര വികസനമാതൃകകളെ സ്വീകരിക്കണം. എങ്കില്‍ മാത്രമേ വെല്ലുവിളികളെ അതിജീവിക്കാനാവൂ. എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പിന് ആധാരമായ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടേ നമുക്കൊരു ജീവിതമുള്ളൂവെന്നും കാനം കുറിക്കുന്നു.
എന്നാല്‍, അന്ധവും അശാസ്ത്രീയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകള്‍ നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതുരണ്ടും ഒരു നാണയത്തിന്റെ രണ്ടുവശമാണ്. പരിസ്ഥിതി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ ഗവേഷണസംവിധാനങ്ങള്‍ ആവശ്യമുണ്ട്. ഈ മേഖലയില്‍ പ്രാവീണ്യം നേടിയവരാണ് ഇക്കാര്യത്തില്‍ മാതൃകാപരമായ അഭിപ്രായം രേഖപ്പെടുത്തേണ്ടത്.
അത്തരം അഭിപ്രായങ്ങളും പൊതുവികാരങ്ങളും പഠിച്ച് വിവേകപൂര്‍വം ഇടപെടുമ്പോഴാണ് ശാശ്വത പരിഹാരം കണ്ടെത്താനാവുക. മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെയായാലും പരിഹരിക്കണം. കാലാനുസൃത മാറ്റങ്ങള്‍ ആവശ്യമാണ്. പരിസ്ഥിതി വിഷയങ്ങളില്‍ നിയമം കര്‍ശനമാക്കണം. ഒപ്പം പരിസ്ഥിതി പ്രശ്‌നത്തിന്റെ ദുരുപയോഗം തടയുകയും വേണം- പിണറായി നിലപാട് വ്യക്തമാക്കി.
അതേസമയം, കാനം രാജേന്ദ്രന് പിന്തുണയുമായി സിപിഐ നേതാവും മുന്‍ വനം മന്ത്രിയുമായ ബിനോയ് വിശ്വം രംഗത്തെത്തി. മാര്‍ക്‌സിസ്റ്റ് പക്ഷത്തുനില്‍ക്കുന്ന ആര്‍ക്കും വലതുപക്ഷ വികസന കാഴ്ചപ്പാട് അംഗീകരിക്കാനാവില്ല. മുഖ്യമന്ത്രി ഇടതുപക്ഷ വികസനത്തിനൊപ്പം നില്‍ക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പ്രത്യാശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss