|    Jul 16 Mon, 2018 10:29 am

പരിസര ശുചിത്വം ഉറപ്പുവരുത്തുന്നതില്‍ സര്‍ക്കാര്‍ ഓഫിസുകള്‍ മാതൃകയാവണം: കലക്ടര്‍

Published : 24th September 2017 | Posted By: fsq

 

കോട്ടയം: പരിസര ശുചിത്വവും സമൂഹ ശുചിത്വവും ഉറപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഓഫിസുകളും ഉദ്യോഗസ്ഥരും മാതൃകയാകണമെന്ന് കലക്ടര്‍ ഡോ. ബി സ്  തിരുമേനി പറഞ്ഞു. സിറോ വേസ്റ്റ് സിവില്‍ സ്‌റ്റേഷന്‍ ക്യാംപയിന്റെ ഭാഗമായി കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഓഫിസുകള്‍ക്ക് ഐഇസി സാമഗ്രികള്‍ വിതരണം ചെയ്ത ശേഷം ഉദ്യോഗസ്ഥരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒക്‌ടോബര്‍ രണ്ടിനു മുമ്പായി സിവില്‍ സ്‌റ്റേഷനിലെ എല്ലാ ഓഫിസുകളും പൂര്‍ണമായും മാലിന്യ മുക്തമാകണം. ഉല്‍പാദിപ്പിക്കപ്പെടുന്ന മാലിന്യം എങ്ങനെ ശേഖരിക്കണമെന്നും സംസ്‌ക്കരിക്കണമെന്നും വ്യക്തത വരുത്തി പ്രായോഗികതയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന  മാലിന്യ സംസ്‌ക്കരണ പദ്ധതികള്‍ മാത്രമേ വിജയിപ്പിക്കാനാകൂ. ഇതനുസരിച്ച് മാലിന്യ സംസ്‌ക്കരണത്തിന്റെ  അവസാന ഘട്ടത്തെക്കുറിച്ചാണ് ആദ്യം ചിന്തിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ഐഡിബിഐ ബാങ്കാണ് ഐഇസി സാമഗ്രികള്‍ വാങ്ങുന്നതിന് സഹായം നല്‍കിയത്. ജൈവ മാലിന്യം, കടലാസ്, പ്ലാസ്റ്റിക് എന്നിങ്ങനെ തരം തിരിച്ച് മാലിന്യം നിക്ഷേപിക്കുന്നതിന് മൂന്നിനം ബിന്നുകളാണ് ഇതുവരെ പദ്ധതി നടപ്പാക്കാത്ത ജില്ലാ ഓഫിസുകള്‍ക്ക് വിതരണം ചെയ്തത്. ക്യാംപയിന്‍ ലഘുലേഖകളും വിതരണം ചെയ്തു. ചടങ്ങില്‍ എഡിഎം കെ രാജന്‍, എഡിസി ശുചിത്വ മിഷന്‍ ഫിലിപ്പ് ജോസഫ്, എഡിസി ജനറല്‍ പി എസ് ഷിനോ, ജില്ലാ പ്ലാനിങ് ഓഫിസര്‍ കെ എസ് ലതി, ഐഡിബിഐ ബാങ്ക് മാനേജര്‍ കിരണ്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss