|    Oct 15 Mon, 2018 4:42 pm
FLASH NEWS

പരിശോധന കര്‍ശനമാക്കുമ്പോഴും പാന്‍മസാല വില്‍പന വ്യാപകം

Published : 29th September 2017 | Posted By: fsq

 

സുല്‍ത്താന്‍ ബത്തേരി: ജില്ലയില്‍ എക്‌സൈസും പോലിസും പരിശോധനകള്‍ കര്‍ശനമാക്കുമ്പോഴും പാന്‍മസാല വില്‍പന തകൃതി. ഇത്തരത്തില്‍ വില്‍പനയ്ക്കായി എത്തിച്ച നിരോധിത പാന്‍മസാലയുടെ വന്‍ ശേഖരം പോലിസ് പരിശോധനയില്‍ കണ്ടെത്തി. കക്കോടന്‍ പമ്പിന് മുന്നിലുള്ള സ്‌റ്റേഷനറി ഷോപ്പില്‍ നിന്നാണ് നിരോധിത പാന്‍മസാലകളായ കൂള്‍ലിപും ഹാന്‍സുമുള്‍പ്പടെയുള്ളവ പിടികൂടിയത്. ഇന്നലെ ഉച്ചയോടെയാണ് സുല്‍ത്താന്‍ ബത്തേരി എസ്‌ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ കടയില്‍ നിന്നു നിരോധിത നിരോധിത പാന്‍ ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തത്. 780 പാക്കറ്റ് നിരോധിത പാന്‍മസാലകളാണ് പിടിച്ചത്. സംഭവത്തില്‍ കട നടത്തിപ്പുകാരന്‍ സുല്‍ത്താന്‍ ബത്തേരി കട്ടയാട് സ്വദേശി കാവുങ്കല്‍ മുജീബിനെ (41) കസ്റ്റഡിയിലെടുത്ത് കട അടപ്പിച്ചു. കൂടുതല്‍ നടപടികള്‍ക്കായി മുനിസിപ്പാലിറ്റി അധികൃതര്‍ക്ക് റിപോര്‍ട്ട് നല്‍കുമെന്ന് എസ്‌ഐ പറഞ്ഞു. കടയുടെ അകത്ത് രഹസ്യ അറകളിലാണ് നിരോധിത പാന്‍മസാലകള്‍ സൂക്ഷിച്ചിരുന്നത്. പാന്‍മസാലകള്‍ സൂക്ഷിക്കുന്നതിന് വേണ്ടി മാത്രം പ്രത്യേക അറകള്‍ തന്നെ നിര്‍മിച്ചിരുന്നു. വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പാന്‍മസാല വില്‍പന. ആറു മാസത്തിനിടെ ഇതു നാലാം തവണയാണ് ഇവിടെ നിന്നു പാന്‍മസാലകള്‍ പിടികൂടുന്നത്. കര്‍ണാടകയില്‍ നിന്നു കുറഞ്ഞ വിലയ്ക്ക് എത്തിക്കുന്ന പാന്‍മസാലകള്‍ 30-40 രൂപ തോതിലാണ് വില്‍പന നടത്തുന്നത്. വന്‍ ലഭം മുന്നില്‍ക്കണ്ടാണ് പരിശോധന കര്‍ശനമാക്കിയിട്ടും ചില വ്യാപാരികള്‍ പാന്‍മസാല വില്‍പന തുടരുന്നത്. കടകള്‍ കേന്ദ്രീകരിച്ചും അല്ലാതെയും ആവശ്യക്കാര്‍ക്ക് എത്തിച്ചുനല്‍കുന്ന സംഘവും സജീവമാണ്. ഇതര സംസ്ഥാനത്തേക്ക് സ്ഥിരമായി പോയിവരുന്ന ചില പഴം, പച്ചക്കറി വാഹനത്തിലാണ് പാന്‍മസാല എത്തിക്കുന്നതെന്നും പോലിസ് പറയുന്നു. വില എത്ര വര്‍ധിച്ചാലും വാങ്ങാന്‍ ആളെത്തുമെന്നതിനാല്‍ വിതരണക്കാര്‍ പരിശോധന പോലും കാര്യമാക്കാതെയാണ് കച്ചവടം നടത്തുന്നത്. ജില്ലയിലെ മിക്ക ടൗണുകളിലും രഹസ്യമായി വില്‍പന നടക്കുന്നുണ്ട്. രഹസ്യകോഡുകള്‍ അറിയുന്നവര്‍ക്കും പരിചയമുഖങ്ങള്‍ക്കും മാത്രമാണ് വില്‍പന. റെയ്ഡിന് ജൂനിയര്‍ എസ്‌ഐമാരായ പ്രശാന്ത്, ജയന്‍ എന്നിവരും സിപിഒമാരായ അബാസ്, ഹസന്‍, പ്രവീണ്‍ എന്നിവരും നേതൃത്വം നല്‍കി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss