|    Aug 16 Thu, 2018 10:09 am

പരിശോധനകളില്ലാത്ത കുപ്പിവെള്ളം നഗരത്തില്‍ വ്യാപകം

Published : 22nd April 2018 | Posted By: kasim kzm

ചങ്ങനാശ്ശേരി:  വേനല്‍ച്ചൂട് ശക്തമായതോടെ വേണ്ടത്ര പരിശോധനകള്‍ ഇല്ലാത്ത കുപ്പി വെള്ളം നഗരത്തിലും പരിസര പ്രദേശങ്ങളിലും വ്യാപക വില്‍പന നടത്തുന്നതായി ആക്ഷേപം.  ഒപ്പം ടാങ്കറുകളില്‍ ശുദ്ധജലമെന്ന പേരില്‍ വില്‍പനയ്ക്കുകൊണ്ടുവരുന്ന കുടിവെള്ളവും വേണ്ടത്രശുദ്ധിയില്ലാത്തതാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇത്തരം വെള്ളത്തിന്റെ വില്‍പന തകൃതിയായി നടക്കുന്നതു കാരണം ജലജന്യ രോഗങ്ങളായ അതിസാരം, മഞ്ഞപ്പിത്തം, കോളറ, ടൈഫോയ്ഡ് തുടങ്ങിയവ പടരാനുള്ള സാധ്യതയും ഏറെയാണ്.
നഗരത്തിലും സമീപ പഞ്ചായത്തുകളുടെ പല ഭാഗങ്ങളിലും ഇത്തരം ജലജന്യ രോഗങ്ങളും ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.  ജലാശയങ്ങളിലെ കോളിഫോം ബാക്ടീരിയയുടെ  അളവിലെ വ്യത്യാസവും ആശങ്കപരത്തുന്നുണ്ട്. നഗരത്തിന്റെ പല പ്രദേശങ്ങളിലും മറ്റും  കുടിവെള്ള ക്ഷാമം രൂ—ക്ഷമായ സാഹചര്യത്തിലാണ് ടാങ്കറുകളില്‍ എത്തിക്കുന്ന വെള്ളം വലിയ വിലകൊടുത്തു വീട്ടുകാര്‍ വാങ്ങേണ്ട—തായി വന്നിരിക്കുന്നത്.  എന്നാല്‍ ഇതിന്റെ പരിശുദ്ധി പരിശോധിക്കാന്‍ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതും  ബന്ധപ്പെട്ട അധികാരികള്‍ ഇക്കാര്യത്തില്‍ വേണ്ടത്ര താല്‍പര്യം കാണിക്കാത്തുമാണ് ഇ—ത്തരത്തില്‍ ടാങ്കറുകളില്‍ വെള്ളം എത്തിച്ചു വിതരണം ചെയ്യാന്‍ പലരും മുന്നോട്ടു വന്നിട്ടുള്ളത്.  പലപ്പോഴും പമ്പ മണിമലയാറുകളില്‍ നിന്നും മറ്റും പമ്പുകള്‍ ഉപയോഗിച്ചു ടാങ്കറുകളില്‍ ശേഖരിക്കുന്ന  വെള്ളമാണ് ഇങ്ങനെ പഞ്ചായത്തുകളുടെ പ്രാന്തപ്രദേശങ്ങളില്‍ വില്‍പനയ്ക്കു കൊണ്ടുവരുന്നത്. ദിവസേന ആയിരക്കണക്കിനു ലിറ്റര്‍ വെള്ളമാണ് ഇങ്ങനെ വില്‍പന നടത്തുന്നത്. എന്നാല്‍ കുളിക്കാനും പാത്രങ്ങള്‍ കഴുകാനും ഉപയോഗിക്കാം എന്ന നിലയിലാണ് പലപ്പോഴും ഇവ വീട്ടുകാര്‍ ഉപയോഗിക്കുന്നത്. അതേസമയം തന്നെ കുടിക്കാനും ഉപയോഗിക്കുന്നുണ്ട്. ഇതിനിടിയില്‍ വ്യാപാര സ്ഥാപനങ്ങളിലും മറ്റും കുടിവെള്ളമെന്ന നിലയില്‍ ചില കമ്പനികളുടെ  ലേബല്‍ ഒട്ടിച്ചു കൊണ്ടുവരുന്ന വെള്ളത്തിന്റെ പരിശുദ്ധിയിലും  ഉപഭോക്താക്കള്‍ക്കിടയില്‍  വ്യാപക സംശയവും ഉയര്‍ന്നിട്ടുണ്ട്.
ജില്ലയില്‍ കുപ്പിവെള്ളം ഉല്‍പാദിപ്പിക്കപ്പെടുന്ന എത്ര കമ്പനികള്‍ ഉണ്ടെന്നോ അവ എവിടെയെല്ലാമാണെന്നോ ഒരു വ്യക്തതയും ആര്‍ക്കുമില്ല. തൊടുപുഴ, കോലഞ്ചേരി, പെരുമ്പാവൂര്‍, തലയോലപ്പറമ്പ്, തിരുവല്ലാ തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നാണ് പ്രധാനമായും ജില്ലയുടെ പല ഭാഗങ്ങളിലും  കുപ്പിവെള്ള വിതരണം നടക്കുന്നത്. കൂടാതെ വേനല്‍ ശക്തിപ്രാപിക്കുന്നതോടെ ഒട്ടേറെ കമ്പനികളും പുതുതായി രൂപപ്പെടുകയും ചെയ്യും. എന്നാല്‍ കുടിവെള്ളം വിതരണം ചെയ്യുന്ന കമ്പനികള്‍ക്കു രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണെങ്കിലും പലപ്പോഴും ഇവ എടുക്കാറുമില്ല. ഇതിനായി പ്രത്യേക ര—ജിസ്റ്റര്‍ സൂക്ഷിക്കണമെന്നും വെള്ളം എവിടെ നിന്നു ശേഖരിക്കുന്നു, എത്രലിറ്റര്‍ വെള്ളം ഏതെല്ലാം മേഖലകളില്‍ വില്‍പന നടത്തുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം  രജിസ്റ്ററില്‍ സൂക്ഷിച്ചിരിക്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതൊന്നും ആരും ചെയ്യാറില്ല. കൂടാതെ അനുമതിയുള്ള ജലസ്രോതസുകളില്‍ നിന്നുമാത്രമെ ജലം ശേഖരിക്കാവൂ എന്നും  ആറുമാസത്തിലൊരിക്കല്‍ ഇവ പരിശോധനക്കു വിധേയമാക്കണമെന്നും നിബന്ധനയുണ്ട്.
ഇത് അംഗീകൃത ലാബുകളില്‍ വേണമെന്നതും നിര്‍ബന്ധമാണ്. പലപ്പോഴും നദീതീരങ്ങളില്‍  പമ്പുകളും ഫാക്ടറികളും സ്ഥാപിച്ചു ആരുടേയും അനുമതിയില്ലാതെ ആറ്റില്‍ നിന്നും വെള്ളം ശേഖ—രിച്ചു വില്‍പന നട—ത്തുകയാണ് പതി—വ്. കൂടാതെ അടുത്ത കാലത്തായി ഇതില്‍ മല്‍സരം വന്നതോടെ ഓരോ കമ്പനികളും ഓരോ വിലയാണ് ഈടാക്കുന്നതെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss