|    Jan 21 Sat, 2017 12:03 pm
FLASH NEWS

പരിശീലനത്തിനിടെ മരിച്ച ജവാന്റെ സഹോദരനു ജോലിതേടി മാതാവിന്റെ കത്ത്

Published : 19th August 2016 | Posted By: SMR

ഉരുവച്ചാല്‍: സൈനിക ക്യാംപില്‍ പരിശീലനത്തിനിടെ മരിച്ച ജവാന്റെ സഹോദരനു ജോലി തേടി മാതാവ് പ്രധാനമന്ത്രിക്ക് കത്തയച്ചു. ഉരുവച്ചാലിലെ ഇ എം പ്രസന്നയാണ് രണ്ടാമത്തെ മകന്‍ നിഖിലിന്റെ ജോലിക്കാര്യം ആവശ്യപ്പെട്ട് കത്തയച്ചത്. ഇവരുടെ മകന്‍ ഇ എം റിജിലാണ് പരിശീലനത്തിനിടെ മരണപ്പെട്ടത്. തന്റെ രണ്ടാമത്തെ മകന് ജവാനായി രാജ്യത്തെ സേവിക്കാന്‍ ഒരു ജോലി കൊടുക്കണമെന്നാണ് കത്തിലെ ആവശ്യം. എന്റെ നാടിന് നന്മയും ഒപ്പം തന്റെ കുടുംബത്തിന്റെ സുരക്ഷയും അതുവഴി കിട്ടുമെങ്കിലെന്ന് ആശിച്ചു പോവുന്നു.
വാര്‍ധക്യത്തില്‍ ആശ്രയമാവുകയായിരുന്ന മകന്റെ ആശ്രിത നിയമനത്തിന് വാതിലുകളില്‍ മുട്ടി മാതാപിതാക്കള്‍ക്ക് മടുത്തു. ഇതേത്തുടര്‍ന്നാണ് പ്രധാനമന്ത്രിക്ക് നിജിലിന്റെ അമ്മ തന്നെ നേരിട്ട് കത്തയച്ചത്. കത്തിന്റെ മറുപടിക്കായി കാത്തിരിക്കുകയാണ് കുടുംബം. ഗുര്‍ഖാ റജിമെന്റിലെ സിഗ്‌നല്‍സില്‍ സോള്‍ജിയര്‍ ടെക്‌നീഷ്യനായിരുന്ന ഇ എം റിജിലിന്റെ കുടുംബത്തിനാണ് കരസേനാധികൃതരുടെ കനിവ് ഇനിയുമെത്താത്തത്.  2011 ജുലൈ 27നാണ് വാരണസിയിലെ സൈനിക ക്യാംപില്‍ ട്രെയിനിങിനിടെയാണ് റിജില്‍ മരിച്ചത്.
അസുഖത്തെ തുടര്‍ന്ന് അലഹബാദ് മിലിറ്ററി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതായാണ് വീട്ടില്‍ കിട്ടിയതെങ്കിലും തൊട്ടു പിന്നാലെ തന്നെ മരണ വാര്‍ത്തയും എത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പോലും നാളിതുവരെയായിട്ടും ബന്ധുക്കള്‍ക്ക് ലഭിച്ചിട്ടില്ല. മകന്റെ മരണം കൃത്യമായ ചികില്‍സ ലഭിക്കാത്തതിനെ തുടര്‍ന്നാണെന്ന പരാതിയും മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും ഉണ്ടായിരുന്നു.
എന്നാല്‍ പരാതി പറയാനോ നിയമ പോരാട്ടത്തിനോ ഇവര്‍ തയ്യാറായില്ല. എല്ലാം സഹിച്ചു. കുടുംബത്തിന്റെ ആശ്രിത നിയമനമെന്ന ആവശ്യം ഇനിയും അനുവദിച്ചില്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, പ്രതിരോധ മന്ത്രി എ കെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ക്ക് 2012 മുതല്‍ നിരന്തരം നിവേദനവും പരാതിയും അയച്ചെങ്കിലും ഒരു പരിഹാരവുമുണ്ടായിട്ടില്ല. മരിച്ച റിജിലിന്റെ പേരില്‍ ഉരുവച്ചാലില്‍ ബസ് കാത്തരിപ്പ് കേന്ദ്രം വീട്ടുകാര്‍ നിര്‍മിച്ചുനല്‍കി. മന്ത്രി കെ കെ ശൈലജ ടീച്ചറായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ കുടുംബത്തിന്റെ ആശ്രിതനിയമനം ഇപ്പോഴും നടക്കാത്തതിനാലാണ് പ്രധാനമന്ത്രിക്കു കത്തയച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക