|    Jan 19 Fri, 2018 10:57 am
FLASH NEWS
Home   >  Editpage  >  Lead Article  >  

പരിവാര പ്രശ്‌നം തല തന്നെയാണ്

Published : 27th February 2016 | Posted By: SMR

slug-vijuദോഷം പറയരുതല്ലോ, മന്ത്രിപ്പണിക്ക് കൊള്ളില്ലെങ്കിലും സ്മൃതി ഇറാനി തന്റെ പഴയ പണിയില്‍ ഇപ്പോഴും കെങ്കേമി തന്നെ- ടിവി സീരിയല്‍ അഭിനയം. പാര്‍ലമെന്റിന്റെ നടപ്പു സമ്മേളനത്തിന്റെ തുടക്കത്തില്‍ പൊടിതട്ടിയെടുത്ത ടി വൈഭവം രാജ്യത്തെ ടിവി ചാനലുകള്‍ ഒപ്പിയെടുത്ത് പ്രചരിപ്പിച്ചു. പൊതുസമൂഹത്തെയാകെ അസ്വസ്ഥമാക്കിയിരിക്കുന്ന പുതിയ പുകിലുകളുടെ ചര്‍ച്ചയ്ക്ക് വജ്രായുധങ്ങള്‍ പ്രയോഗിച്ചുകൊള്ളാന്‍ മോദി തന്റെ കിങ്കരപ്പടയോട് ആഹ്വാനം ചെയ്തതും, ശ്രീമതി തനിക്കു വശമുള്ള ഉരുപ്പടി എടുത്തങ്ങു പയറ്റി. എന്നാല്‍, നടിയും കോറസും സ്വയമറിയാതെ നടപ്പുകഥയുടെ സാരാംശം വെളിപ്പെടുത്തുകയായിരുന്നു എന്നതാണ് ഫലിതം.
ജെഎന്‍യു, ഹൈദരാബാദ് പ്രമേയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാന്‍ ഭരണകക്ഷി വഴങ്ങിയത് ബജറ്റും ചില അത്യാവശ്യ ബില്ലുകളും പാസാക്കാന്‍ വേണ്ടിയാണെന്ന ലളിതചിന്തയിലാണ് പല പ്രതിപക്ഷ തലകളും. അതുകൊണ്ടുതന്നെ, സഭ തുടങ്ങിയതും കോണ്‍ഗ്രസ് തൊട്ട് സഖാക്കള്‍ വരെ പതിവു ലിബറല്‍ ഗീര്‍വാണവുമായിറങ്ങി. മായാവതിക്കു മാത്രമാണ് ഭരണകക്ഷി വച്ച കെണി തിരിഞ്ഞത്. ഭരണകക്ഷിയും പ്രതിപക്ഷവും ജെഎന്‍യു പ്രശ്‌നത്തില്‍ കൊമ്പുകോര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ മായാവതി ശഠിച്ചു, രോഹിത് വെമുല പ്രശ്‌നം ആദ്യം ചര്‍ച്ചചെയ്യണമെന്ന്. കൂട്ടുകക്ഷികള്‍ക്കുപോലും മനസ്സിലായതായി തോന്നിയില്ല, ഈ വാശിയുടെ ചേതോവികാരം.
ജെഎന്‍യു പ്രശ്‌നത്തിനാണ് മുഖ്യധാരയില്‍ താരമൂല്യം. അമ്മാതിരി താരപ്രഭ വച്ച് നിര്‍ണായക പ്രമേയങ്ങളെ തമസ്‌കരിക്കുന്ന പരമ്പരാഗത രീതി മാത്രമായിരുന്നില്ല ഇവിടെ ഉദ്യമിച്ചത്. രോഹിതിന്റെ ആത്മഹത്യയും അതിനു പിന്നിലെ ഭരണകൂട പങ്കും ഇന്ത്യന്‍ വലതുപക്ഷ രാഷ്ട്രീയത്തിന് ഏല്‍പിച്ചിരിക്കുന്ന ആഘാതം ചില്ലറയല്ല. മുഖം രക്ഷിക്കാന്‍ അവര്‍ കണ്ടെത്തിയ ആസൂത്രിത പരിചയാണ് ജെഎന്‍യു എന്നത് മുഖ്യധാരയുടെ ആവേശത്തിമര്‍പ്പില്‍ മിക്കവരും കാണാതെ പോവുന്നു. ജാതിവര്‍ഗീയതയും ബ്രാഹ്മണിക്കല്‍ ഹിന്ദുത്വവും പ്രതിക്കൂട്ടിലായിരിക്കെ തീവ്രദേശീയതകൊണ്ട് ബദലൊരുക്കി തലയൂരാനുള്ള അടവിന്റെ ഭാഗമാണ് പാര്‍ലമെന്റിലെ ചര്‍ച്ചാതന്ത്രം. ആ കെണി പൊളിയുന്നു എന്നു കണ്ടതും രോഹിത് കേസില്‍ പ്രതിക്കൂട്ടിലാവുന്നവരില്‍ പ്രമുഖയായ മന്ത്രിശ്രീമതി പൊടുന്നനെ സീരിയല്‍ താരമായി.
തന്ത്രം വ്യക്തമായിരുന്നു. ദേശദ്രോഹം ഇന്റു ദേശഭക്തി എന്ന ദ്വന്ദ്വത്തിലേക്ക് ചര്‍ച്ച ചുരുക്കുക. ഈ ലളിതവല്‍ക്കരണത്തിനുള്ള പാരയാണ് രോഹിത് വെമുല. അതുകൊണ്ട്, പാരയ്ക്കിട്ട് പാരവയ്ക്കുക. ഒപ്പം ജെഎന്‍യു പ്രമേയത്തില്‍ മുക്കി ദലിത് പ്രമേയത്തെ തമസ്‌കരിച്ചെടുക്കുക.
ഇനി, ജെഎന്‍യു വച്ചുള്ള ചര്‍ച്ചാലഹളയില്‍ത്തന്നെ എളുപ്പത്തില്‍ തമസ്‌കരിക്കപ്പെടുന്ന ചില അടിസ്ഥാന നേരുകളുണ്ട്. ഒന്ന്, വിലയിരുത്തലിന്റെയും രാഷ്ട്രീയ വിഭാവനകളുടെയും പ്രതിസന്ധികള്‍. ഭരണഘടനാനുസൃതമായ അഭിപ്രായസ്വാതന്ത്ര്യവും അതിനു വിരുദ്ധമായ ഭാഷണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച വസ്തുനിഷ്ഠമായ വകതിരിവ് ജെഎന്‍യു തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടുപക്ഷങ്ങള്‍ക്കും ഇല്ല എന്നതാണ് ദയനീയം. വലതുപക്ഷത്തിന്റെ ശക്തിവേലായ തീവ്രദേശീയതയും ദേശഭക്തിയും എടുത്തിട്ട് ഭൂരിപക്ഷ മുഷ്‌ക്കിന്റെ പ്രയോഗത്തിന് അവര്‍ ഒരുമ്പെടുമ്പോള്‍ അതേ പ്രയോഗം ഭരണഘടനാവിരുദ്ധമാവുന്നു എന്ന യാഥാര്‍ഥ്യം ഈ കമ്പക്കെട്ടില്‍ മുങ്ങിപ്പോവുന്നു. കനയ്യ എന്ന ഒരിടതുപക്ഷക്കാരന്‍ വിദ്യാര്‍ഥി നടത്തിയ തുറന്ന ആഹ്വാനം രാഷ്ട്രത്തിനെതിരായ പോര്‍വിളിയായിരുന്നില്ല. മറിച്ച്, രാഷ്ട്രത്തെ നശിപ്പിക്കുന്ന വര്‍ഗീയവും വര്‍ഗപരവുമായ വിഭാഗീയതകള്‍ക്കെതിരായ വിമോചനാഹ്വാനമായിരുന്നു. ആര്‍എസ്എസ് തൊട്ട് മനുവാദവും ഫ്യൂഡലിസവും മുതലാളിത്തവും വരെയുള്ള ‘ക്ഷുദ്രത’കളില്‍നിന്ന് ‘ആസാദി’ വേണമെന്ന് തുറന്നുപറയുന്നയാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തുമ്പോള്‍ ഭരണകൂടം ഇപ്പറഞ്ഞ ‘ക്ഷുദ്രത’യുടെ സംരക്ഷകനാണ്. അതാവട്ടെ ഭരണഘടനാവിരുദ്ധവുമാണ്. മാത്രമല്ല, വിദ്യാര്‍ഥി നടത്തിയ സ്വാതന്ത്ര്യാഹ്വാനം അക്രമമോ കലാപമോ ഉണ്ടാവാത്തപക്ഷം നിലവിലുള്ള ദേശദ്രോഹക്കുറ്റത്തിന്റെ പരിധിയില്‍ (സാങ്കേതികമായിത്തന്നെ) വരുന്നില്ല. മറ്റു ചില വിദ്യാര്‍ഥികള്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണത്തെ ഈ കേസുമായി തുന്നിച്ചേര്‍ക്കുന്ന കലാപരിപാടിയാണ് അടുത്തത്. ടി അനുസ്മരണം തന്നെ രാജ്യത്തിനെതിരായ യുദ്ധപ്രഖ്യാപനമൊന്നുമല്ല. കോടതി തൂക്കുകയര്‍ നല്‍കുകയും രാഷ്ട്രപതി വരെ അതു ശരിവയ്ക്കുകയും ചെയ്ത ഒരാള്‍ രാജ്യശത്രുവായി ചരിത്രമുള്ളിടത്തോളം കാലം കണക്കാക്കപ്പെടണം എന്നതാണ് ഭരണകൂട നിലപാട്. അമ്മാതിരി സമീപനങ്ങളുടെ ചരിത്രപരമായ ബാലിശത പോട്ടെ. അഫ്‌സല്‍ ഗുരുവിന്റെ കേസില്‍ ശരിയായ വിചാരണ തന്ത്രപരമായി ഒഴിവാക്കിയാണ് പ്രോസിക്യൂഷന്‍ കാര്യം സാധിച്ചതെന്ന് ടി കേസറിയാവുന്ന ആര്‍ക്കുമറിയാം. സുപ്രിംകോടതി വരെ ശരിവച്ചു എന്ന ന്യായം, സത്യം പരിശോധിക്കപ്പെടാതിരിക്കാനുള്ള പുകമറ മാത്രമാണ്. അഫ്‌സല്‍ ഗുരു എന്നത് പാര്‍ലമെന്റ് ആക്രമണക്കേസിലെ തൂക്കിലേറ്റപ്പെട്ട കുറ്റവാളി എന്ന ഭരണകൂട ലേബലിനപ്പുറം, ഇന്ത്യന്‍ ജുഡീഷ്യറിയുടെ നീതിന്യായ ധാര്‍മികതയ്ക്കു നേരെ ഉയരുന്ന ചോദ്യചിഹ്‌നങ്ങളിലൊന്നായി തുടരുന്നു എന്നതാണു സരളമായ നേര്. തലച്ചോറ് എവിടെയും പണയപ്പെടുത്താത്ത പൗരനെ സംബന്ധിച്ച് അതൊരു കുത്തിനോവിക്കുന്ന ധാര്‍മികപ്രശ്‌നം തന്നെയാണ്. ജെഎന്‍യുവില്‍ ടി പ്രശ്‌നം മറ്റു പല പൗരധര്‍മപ്രശ്‌നങ്ങളെയുംപോലെ വിചിന്തനം ചെയ്യപ്പെടാറുണ്ട്. അവിടെ അഫ്‌സല്‍ ഗുരു ഒരു പ്രമേയമാവുന്നത് ഇതാദ്യമൊന്നുമല്ല. പൊടുന്നനെ പക്ഷേ, ആ ചര്‍ച്ച നടത്തിയവര്‍ രാജ്യദ്രോഹികളാക്കപ്പെടുന്നു. കാംപസിനു പുറത്ത് ഡല്‍ഹി പട്ടണത്തില്‍പ്പോലും ആരുമറിയാതെ കര്‍ട്ടനിടുന്ന ടി വിഷയത്തെ ദേശീയ പ്രതിസന്ധിയാക്കി ഭരണകൂടം തന്നെ ഊതിപ്പെരുപ്പിക്കുന്നു. സാധാരണഗതിയില്‍ ഏതു വന്‍കിട പ്രശ്‌നത്തെയും എത്രയും വേഗം ഒതുക്കാനും അവസാനിപ്പിക്കാനും ശ്രമിക്കുകയാണ് ഭരണകൂടങ്ങള്‍ ചെയ്യാറ്. ഇവിടെ ചെറിയ പ്രശ്‌നത്തെ പെരുപ്പിച്ചെടുക്കാന്‍ ഒരുമ്പെടുന്നു എന്നതിനര്‍ഥം തന്നെ അതിനു പിന്നിലൊരു വലിയ അജണ്ടയുെണ്ടന്നല്ലേ? കേവലമായ നിയമപ്രശ്‌നങ്ങള്‍ക്കും നിയമവാഴ്ചയുടെ ഉറപ്പിക്കലിനുമപ്പുറം പോവുന്ന ഒന്ന്?
അങ്ങനെയൊന്നുണ്ടെന്നതിന്റെ നഗ്നമായ തെളിവാണ് പട്യാല കോടതിവളപ്പില്‍നിന്നു കിട്ടിയത്. ടി കോടതിയിലെ തന്നെ ഒരുസംഘം അഭിഭാഷകര്‍ പരസ്യമായി ഗുണ്ടാക്കുപ്പായമിടുന്നു. പ്രതിയെ തല്ലുന്നു, മാധ്യമങ്ങളെ ആക്രമിക്കുന്നു, സുപ്രിംകോടതിയുടെ ദൂതരെ വരെ വിരട്ടുന്നു. ഭരണകൂടം എല്ലാറ്റിനും നോക്കുകുത്തി. ഇതിനപ്പുറം സുതാര്യത ആവശ്യമില്ല. ഇന്ത്യന്‍ വലതുപക്ഷത്തെ സംബന്ധിച്ച് ഹൈദരാബാദ് പ്രമേയം തമസ്‌കരിക്കാന്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു ജെഎന്‍യു കേസുകെട്ട്. ഇവിടെ ഒരു വെടിക്ക് പക്ഷികള്‍ പലതാണ്. ഒന്നാമത്, ഇന്ത്യന്‍ സര്‍വകലാശാലകളിലെ ധൈഷണികമണ്ഡലം വലതുപക്ഷത്തിന് അപ്രാപ്യമായിക്കിടക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. മിക്കപ്പോഴും ഇടതുപക്ഷാശയങ്ങളും മധ്യലിബറല്‍ പ്രകൃതങ്ങളുമാണ് ഈ മണ്ഡലത്തെ നിര്‍ണയിച്ചുപോരുന്നത്. സ്വാഭാവികമായും വലതുപക്ഷ ഭരണകൂടത്തിന് അതു കലശലായ കല്ലുകടിയാവുന്നു.
ഇന്ത്യന്‍ വലതുപക്ഷത്തിന്റെ കാതലായ പ്രതിസന്ധി അതിന്റെ രാഷ്ട്രീയഭാവനയുടെ കാര്യത്തിലാണ്. ഉന്നത വിദ്യാഭ്യാസ, അക്കാദമിക് മേഖലകള്‍ അവരുടെ വരുതിക്ക് നില്‍ക്കുന്നില്ല, ”ബദല്‍ ശബ്ദങ്ങള്‍ക്ക് ഇടം തരുന്നില്ല” എന്നാണ് അതിനവര്‍ പറയുന്ന ന്യായം. സംഘപരിവാരം സൃഷ്ടിച്ചെടുത്ത ധൈഷണിക ജീവിതം പാപ്പരത്തപൂരിതമാണെന്നതാണു പ്രശ്‌നം. തുറന്ന വിപണിയുടെ വക്താക്കളായ കുറേ സാമ്പത്തികവിദഗ്ധരെ വശത്താക്കി എന്നതിനപ്പുറം ബൗദ്ധിക മണ്ഡലത്തില്‍ കതിരും കാമ്പുമുള്ള ഒരൊറ്റ ശിരസ്സും ഈ തടിയിലില്ല.
രാഷ്ട്രീയമായി വലതുപക്ഷത്തിനു വേണ്ടത് വികാരരോഗികളുടെ ക്ഷുദ്രപ്പടയല്ല; വൈകാരികശേഷിയുള്ള ശിരസ്സാണ്. ആ തലയില്ലാത്തതിന്റെ ക്ഷിപ്രഫലമാണ് അസഹിഷ്ണുത. ഇന്ത്യന്‍ ടിവി ചാനലുകള്‍ മാത്രം നോക്കിയാല്‍ മതി വലതുപക്ഷത്തിന്റെ ഈ ഗതികേടറിയാന്‍. ബിജെപി വക്താക്കളായി വേഷമിടുന്നവരില്‍ ബഹുഭൂരിപക്ഷവും പ്രകോപനവും പ്രക്ഷുബ്ധതയുംകൊണ്ട് ധൈഷണിക ദാരിദ്ര്യം വെളിപ്പെടുത്തുന്ന ഒച്ചപ്പാടുകാര്‍.
ഈ ധൈഷണിക ദാരിദ്ര്യത്തിന്റെ ഒന്നാം ഫലവിത്തായിരുന്നു ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയിലെ പുകില്‍. അതുണ്ടാക്കിയ ക്ഷതം ദേശീയം മാത്രമായിരുന്നില്ല, അന്തര്‍ദേശീയം കൂടിയായി. ജെഎന്‍യുവില്‍നിന്ന് ചുരണ്ടിയെടുത്ത ബദല്‍ സൂത്രമാവട്ടെ ബൂമറാങ് ചെയ്തു തുടങ്ങുന്നു. ആദ്യമായി വെസ്റ്റേണ്‍ ക്ലോസറ്റില്‍ കയറിയ പഴയ നമ്പൂരിശ്ശനു പറ്റിയ പറ്റുകള്‍പോലെ; പ്രശ്‌നം, തലതന്നെയാണിഷ്ടാ. $

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day