|    Oct 19 Fri, 2018 10:58 pm
FLASH NEWS

പരിയാരം മെഡിക്കല്‍ കോളജ് ഏറ്റെടുക്കല്‍ ; പ്രാരംഭപ്രവൃത്തികള്‍ക്ക് ജീവന്‍വച്ചു

Published : 16th September 2017 | Posted By: fsq

 

കണ്ണൂര്‍: സിപിഎം നിയന്ത്രിത ഭരണസമിതിക്ക് കീഴിലുള്ള പരിയാരം സഹകരണ മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിന് പ്രധാന പ്രതിബന്ധമായി നില്‍ക്കുന്ന ഹഡ്‌കോ വായ്പ തിരിച്ചടക്കാന്‍ തുടങ്ങി. ഇതോടെ സ്ഥാപനം ഏറ്റെടുക്കല്‍ നടപടികളുടെ പ്രാരംഭപ്രവൃത്തികള്‍ക്ക് ജീവന്‍വച്ചു. 8 ഗഡുക്കളായി 262 കോടി രൂപയാണ് ഹഡ്‌കോയ്ക്ക് നല്‍കാനുള്ളത്. 2019 മാര്‍ച്ചിനു മുമ്പ് പൂര്‍ണമായും തിരിച്ചടയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും ഹഡ്‌കോ അധികൃതരും തമ്മില്‍ ധാരണയായിരുന്നു. ഇതുപ്രകാരം ആദ്യഗഡുവായി 50 കോടി രൂപ കഴിഞ്ഞ ദിവസം ഹഡ്‌കോയുടെ അക്കൗണ്ടിലേക്ക് സര്‍ക്കാര്‍ അടച്ചു. ഈ മാസം 30നകം 30 കോടി കൂടി അടയ്ക്കും. 119 ഏക്കര്‍ സ്ഥലവും കെട്ടിടസമുച്ചയങ്ങളും ഉള്‍പ്പെടെ 2000 കോടിയോളം രൂപയുടെ ആസ്തിയാണ് പരിയാരം മെഡിക്കല്‍ കോളജിനുള്ളത്. 1994-1995 കാലയളവിലാണ് 46.5 കോടി രൂപ പരിയാരം മെഡിക്കല്‍ കോളജിനുവേണ്ടി സഹകരണ ഹോസ്പിറ്റല്‍ കോംപ്ലക്‌സ് സൊസൈറ്റി ഹഡ്‌കോയില്‍നിന്ന് വായ്പയെടുത്തത്. പലിശയും പിഴപ്പലിശയും സഹിതം 700 കോടിയോളം രൂപയായി. ഇതു തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ഹഡ്‌കോ നിയമനടപടി സ്വീകരിച്ചു. ഇതിനിടയിലാണ് ആശുപത്രി സൊസൈറ്റിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയെ സമീപിച്ച് തിരിച്ചടവ് തുക കുറയ്ക്കാന്‍ അഭ്യര്‍ഥിച്ചത്. പിഴപ്പലിശ റദ്ദാക്കാന്‍ 2016 ഡിസംബറില്‍ ഹൈക്കോടതിയും ഉത്തരവിട്ടു. ഇതോടെ ഹഡ്‌കോയില്‍ നിന്നെടുത്ത കടം മുതലും പലിശയും ചേര്‍ത്ത് 262 കോടിയായി കുറയും. 1997ല്‍ എടുത്ത 46.5 കോടി രൂപയുടെ കടം തിരിച്ചടവുമായി ബന്ധപ്പെട്ട് എറണാകുളം ഡബ്റ്റ് റിക്കവറി ട്രൈബ്യൂണലും ചെന്നൈയിലെ അപലറ്റ് ട്രൈബ്യൂണലും പരിയാരം ഭരണ സമിതിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയായിരുന്നു ഹൈക്കോടതിയും ശരിവച്ചത്. ഇരു ട്രൈബ്യൂണലുകളും ഭരണസമിതിക്ക് അനുകൂലമായി വിധി പറഞ്ഞതോടെ ഹഡ്‌കോ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ കാലത്ത് മെഡിക്കല്‍ കോളജ് ഏറ്റെടുക്കാന്‍ നിരവധിതവണ തീരുമാനമെടുത്തിരുന്നെങ്കിലും നടപ്പായില്ല. കടബാധ്യതയും ജീവനക്കാരുടെ ബാഹുല്യവും ചൂണ്ടിക്കാട്ടി ധനവകുപ്പ് പുറംതിരിഞ്ഞുനിന്നതാണ് തീരുമാനം പാളാന്‍ കാരണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏറ്റവും ഒടുവിലത്തെ ഓഡിറ്റ് റിപോര്‍ട്ടില്‍ ഉള്‍പ്പെടെ ഹഡ്‌കോ കടം 600 കോടിയിലധികമായതായി ചൂണ്ടിക്കാട്ടിയിരുന്നു. ഈ റിപോര്‍ട്ടാണ് മെഡിക്കല്‍ കോളജ് ഏറ്റെടുക്കുന്നതിന് യുഡിഎഫ് സര്‍ക്കാരിന് മുന്നില്‍ കനത്ത വെല്ലുവിളി സൃഷ്ടിച്ചിരുന്നത്. എന്നാല്‍, പിണറായി സര്‍ക്കാര്‍ വന്നതോടെ കോളജ് ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി ആരോഗ്യവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉപസമിതിയെയും നിയോഗിച്ചു. സമിതി അംഗങ്ങള്‍ ഹഡ്‌കോ അധികൃതരുമായി ചര്‍ച്ച നടത്തി തിരിച്ചടവ് സംബന്ധിച്ച വിശദാംശങ്ങളില്‍ കരാറിലെത്തിയത് ഗുണകരമായി. ഇതുപ്രകാരം വായ്പത്തുകയും പലിശയും സര്‍ക്കാര്‍ അടയ്ക്കാന്‍ തുടങ്ങിയതോടെ ആസ്തികള്‍ കൈമാറുന്നതിന് ഹഡ്‌കോ തടസ്സം നില്‍ക്കില്ല. സര്‍ക്കാരിന്റെ കാലാവധി തീരുന്നതിനു മുമ്പ് അതായത്, 2019 മാര്‍ച്ചിന് മുമ്പ് കൊടുത്തുതീര്‍ക്കാനാണ് തീരുമാനം. ഹഡ്‌കോയ്ക്കുള്ള ബാധ്യതക്ക് പുറമെ എറണാകുളം ജില്ലാ സഹകരണ ബാങ്കില്‍നിന്ന് വായ്പയെടുത്ത 26.5 കോടിയും പലിശയും കുടിശ്ശികയായുണ്ട്. എല്ലാം ചേര്‍ത്ത് 70 കോടി നല്‍കണമെന്നാണ് എറണാകുളം ജില്ലാ ബാങ്ക് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാവും. സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് എന്നതിനു പകരം തിരുവനന്തപുരം റീജ്യല്‍ കാന്‍സര്‍ സെന്റര്‍ മാതൃകയില്‍ സ്വയംഭരണ സ്ഥാപനമാക്കാനാണ് ശ്രമം. അടുത്ത അധ്യയനവര്‍ഷത്തിനു മുമ്പ് മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഉടമസ്ഥതയിലാക്കും. നിയമസഭയുടെ ബജറ്റ് സമ്മേളനത്തില്‍ ഇതിനുള്ള ബില്ല അവതരിപ്പിക്കാനാണ് സാധ്യത. കോളജ് ഏറ്റെടുക്കുന്ന വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശപ്രകാരമാണ് സ്വയംഭരണ സ്ഥാപനമാക്കുന്നത്. എന്നാല്‍, കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇതിനെ സിപിഎം ശക്തമായി എതിര്‍ത്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss