|    Apr 29 Sat, 2017 5:18 am
FLASH NEWS

പരിയാരം മാതൃകയില്‍ പത്തനംതിട്ടയിലും സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി

Published : 22nd October 2016 | Posted By: SMR

പത്തനംതിട്ട: പരിയാരം മാതൃകയില്‍ പത്തനംതിട്ട കേന്ദ്രമാക്കി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കുന്നതിലേക്ക് സിപിഎം നേതാക്കള്‍ മുന്‍കൈയെടുത്ത് സഹകരണ സംഘം. കെ അനന്തഗോപന്‍, ടി കെ ജി നായര്‍ എന്നിവര്‍ക്കാണ് സംഘത്തിന്റെ ചുമതല. സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങള്‍ ഉള്‍പ്പെടുന്ന ഭരണസമിതിയെയാണ് സംഘത്തിനുവേണ്ടി നിയോഗിച്ചിരിക്കുന്നത്.  ഇവരുടെ നേതൃത്വത്തില്‍ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സംഘം രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനം തുടങ്ങിയതിനു പിന്നാലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി നിര്‍മാണത്തിനായി സ്ഥലം അന്വേഷിച്ചുവരികയാണ്. പരിയാരം മാതൃകയില്‍ സഹകരണ ആശുപത്രി പ്രവര്‍ത്തനം തുടങ്ങുകയും ഭാവിയില്‍ മെഡിക്കല്‍ കോളജായി രൂപപ്പെടുത്തുകയുമാണ് ലക്ഷ്യം. ആശുപത്രി സഹകരണസംഘത്തെ സംബന്ധിച്ച വിവരങ്ങള്‍ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ വൈദഗ്ധ്യമുള്ളവരെ കൂടി സംഘത്തിന്റെ പ്രമോട്ടര്‍മാരാക്കണമെന്ന നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഇതിനെ ഒരുവിഭാഗം എതിര്‍ത്തു. നിലവില്‍ സംഘത്തിന്റെ അംഗബലം, ഓഹരി തുടങ്ങിയ വിഷയങ്ങള്‍ അന്തിമമായി തീരുമാനിക്കപ്പെട്ടിട്ടില്ല. നഗരത്തില്‍ റിങ് റോഡിനോടു ചേര്‍ന്ന സ്ഥലം ആശുപത്രിക്കുവേണ്ടി നിര്‍ദേശിക്കപ്പെട്ടെങ്കിലും ഇത് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വ്യത്യസത് അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. സ്ഥലം വാങ്ങി നല്‍കുന്നതിലേക്ക് നഗരത്തിലെ പല ഇടനിലക്കാരും സിപിഎം നേതാക്കളുമായി സ്ഥാപിച്ചിട്ടുള്ള ചങ്ങാത്തവും ശ്രദ്ധേയമാണ്. വിവാദങ്ങളില്‍പെട്ടു കിടക്കുന്നതും നികത്തേണ്ട വയലുകളോടു ചേര്‍ന്ന പ്രദേശങ്ങളുമൊക്കെ നിര്‍ദിഷ്ട ആശുപത്രിക്കുവേണ്ടി വിട്ടുകൊടുക്കാന്‍ സന്നദ്ധരായി പലരും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ഭരണകാലങ്ങളില്‍ ആറന്മുളയില്‍ നിര്‍ദിഷ്ട സഹകരണ എന്‍ജിനിയറിങ്് കോളജിനും പിന്നീട് വിമാനത്താവളത്തിനും വേണ്ടി ഭൂമി നികത്താന്‍ സിപിഎം ഒത്താശ ചെയ്തു നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ നിലനില്‍ക്കെ പാടം നികത്തിയുള്ള പദ്ധതി വേണ്ടെന്ന നിര്‍ദേശം ചില നേതാക്കള്‍ മുന്നോട്ടുവച്ചിട്ടുണ്ട്. സിപിഎം ജില്ലാ കമ്മിറ്റിയുടെ പൂര്‍ണ പിന്തുണ നിര്‍ദിഷ്ട സഹകരണ ആശുപത്രിക്കില്ലെന്നും പറയുന്നു. നിലവില്‍ മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളജുകള്‍, പ്രശസ്തമായ നിരവധി ആശുപത്രികള്‍, ജനറല്‍, ജില്ലാ ആശുപത്രികള്‍ എന്നിവ പ്രവര്‍ത്തിക്കുന്ന പത്തനംതിട്ട ജില്ലയില്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലുമായി ഓരോ മെഡിക്കല്‍ കോളജുകള്‍ കൂടി നിര്‍മാണത്തിലുമാണ്. കുളനടയില്‍ മറ്റൊരു സഹകരണ ആശുപത്രിയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day