|    Dec 12 Tue, 2017 5:42 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പരിഭവങ്ങള്‍ മാറ്റി വിജയം ഉറപ്പിക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികള്‍

Published : 29th April 2016 | Posted By: SMR

പി എച്ച് അഫ്‌സല്‍

തിരുവനന്തപുരം: വിഭാഗീയതയും ഗ്രൂപ്പുതര്‍ക്കങ്ങളും തിരഞ്ഞെടുപ്പ് വിജയത്തെ ബാധിക്കുമെന്ന് തിരിച്ചറിഞ്ഞതോടെ തങ്ങള്‍ ഒറ്റക്കെട്ടാണെന്ന് വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപ്പാര്‍ട്ടികളും നേതാക്കളും. പോരടിച്ചവരും പരസ്യമായി വെല്ലുവിളിച്ചവരും പരിഭവങ്ങള്‍ മാറ്റിവച്ച് മലക്കംമറിയുന്ന കാഴ്ചയാണ് കഴിഞ്ഞദിവസങ്ങളില്‍ കണ്ടത്.
വിഎസിനെ തെക്കുവടക്ക് നടത്തി പിണക്കങ്ങള്‍ മാറ്റാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങളും വിഎം സുധീരനെ മെരുക്കാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമങ്ങളും വാര്‍ത്തയായി. ധര്‍മ്മടത്ത് പിണറായി വിജയന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വിഎസിനെ എത്തിച്ച് സിപിഎമ്മാണ് മുഖംമിനുക്കല്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്. വിവാദങ്ങളില്‍ തൊടാതെ സൂക്ഷ്മമായാണ് വിഎസ് സംസാരിച്ചത്. ബുധനാഴ്ച തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് വോട്ട് തേടി വിഎസും കോന്നിയില്‍ അടൂര്‍ പ്രകാശിനെ വാനോളം പുകഴ്ത്തി വി എം സുധീരനുമെത്തി. സ്വരാജിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ഥനയോടെയാണ് വിഎസ് പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും. സ്ഥാനാര്‍ഥി എം സ്വരാജ് മുമ്പ് നടത്തിയ ക്യാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശത്തിന്റെ പശ്ചാതലത്തില്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നവരെ നിരാശരാക്കി പാര്‍ട്ടിയുമായി ബന്ധപ്പെട്ട് ഒന്നും പറയാതെയായിരുന്നു വിഎസിന്റെ പ്രസംഗം.
കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിനു വേണ്ടി പ്രചാരണത്തിനെത്തിയതും വാര്‍ത്തയായി. ‘ഇനി കൊച്ചു കൊച്ചു പിണക്കങ്ങള്‍ക്കും പരിഭവങ്ങള്‍ക്കും സ്ഥാനമില്ല. ആഞ്ഞുപിടിച്ചാല്‍ വന്‍ ജയം നേടാം’. അടൂര്‍ പ്രകാശിന്റെ വികസന പദ്ധതികളില്‍ ഊന്നിക്കൊണ്ടാണ് സുധീരന്‍ സംസാരിച്ചത്. വേദിയിലെത്തിയ സുധീരനെ അടൂര്‍ പ്രകാശ് ഷാള്‍ അണിയിച്ചാണ് സ്വീകരിച്ചത്. യോഗം കഴിഞ്ഞുപോകുമ്പോള്‍ സുധീരന്‍ പ്രകാശിന്റെ തോളില്‍ തട്ടി സൗഹൃദം പങ്കിട്ടു.
മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കാനെത്തുന്നവരുടെ കൈ വെട്ടുമെന്ന് പറഞ്ഞ എം എം മണിക്കുവേണ്ടി വോട്ടുചോദിക്കാന്‍ വിഎസ് എത്തിയതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ മറ്റൊരു സംഭവം. മണി മല്‍സരിക്കുന്ന ഉടുമ്പന്‍ ചോലയിലെ തൂക്കുപാലത്ത് ഇന്നലെ വൈകീട്ട് നാലിനാണ് വിഎസ് എത്തിയത്. മൂന്നാറിലെ വിഎസിന്റെ ദൗത്യത്തെ പരസ്യമായി വെല്ലുവിളിച്ച എം എം മണിയെ മലയോര മേഖലയുടെ സംരക്ഷകനായി അവതരിപ്പിച്ചാണ് വിഎസ് പ്രസംഗിച്ചത്.
ടിപി വധക്കേസിലും വിഎസിന്റെ നിലപാടുകള്‍ക്കെതിരേ മണി രംഗത്തെത്തി. വിഎസുമായി പരസ്യമായി കൊമ്പുകോര്‍ത്ത പത്തനാപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗണേഷ്‌കുമാറിനു വേണ്ടിയും വിഎസ് എത്തുമെന്നാണ് പുതിയ വാര്‍ത്തകള്‍. വിഎസിനെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിക്കുമെന്നും ഇതില്‍ തീരുമാനമെടുക്കേണ്ടത് എകെജി സെന്ററിലാണെന്നും ഗണേഷ് പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമാക്കിയുള്ള മലക്കംമറിച്ചിലുകള്‍ക്കും നാടകങ്ങള്‍ക്കും രാഷ്ട്രീയ കേരളം വരുംദിവസങ്ങളിലും സാക്ഷിയാവുമെന്ന് ഇതോടെ ഉറപ്പായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക