|    Mar 20 Tue, 2018 3:54 am
FLASH NEWS
Home   >  National   >  

പരിപ്പിലെ മായം ആരോഗ്യപ്രദമെന്ന് കണ്ടെത്തല്‍

Published : 22nd January 2016 | Posted By: G.A.G

kesaripparippu

ഹൈദരാബാദ് : ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നത് വളരെ ആശങ്കയോടെയാണ് ജനങ്ങളും ആരോഗ്യപ്രവര്‍ത്തകരും കാണുന്നത്. എന്നാല്‍ തുവരപ്പരിപ്പില്‍ മായം കലര്‍ത്താനുപയോഗിക്കുന്ന കേസരിപ്പരിപ്പ് കുറഞ്ഞ അളവില്‍ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് കണ്ടെത്തിയിരിക്കുകയാണ് പോഷകാഹാരങ്ങളെക്കുറിച്ച് പഠനം നടത്തുന്ന ദേശീയ സ്ഥാപനമായ ഹൈദരാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ന്യൂട്രീഷന്‍.

2014ല്‍ അര്‍ജുന്‍ ഖന്‍ഗാരേ എന്ന ശാസ്ത്രജ്ഞന്‍ നടത്തിയ ഗവേഷണങ്ങളിലാണേ്രത ഈ കണ്ടെത്തലുള്ളത്.
കഴിക്കുന്നവരില്‍ തളര്‍വാതവും പക്ഷാഘാതവും ഉണ്ടാക്കുന്നുവെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കേസരിപ്പരിപ്പിന് 1961ല്‍ ഏര്‍പ്പെടുത്തിയ നിരോധനം ഭക്ഷ്യസുരക്ഷാ അതോറിറ്റി പിന്‍വലിക്കാന്‍ നീക്കം നടത്തുന്നതിനിടെയാണ് ഈ വിവരങ്ങള്‍ പുറത്തുവരുന്നത്. കേസരിപ്പരിപ്പില്‍ 31 ശതമാനം പ്രോട്ടീനും 41 ശതമാനം അന്നജവും 17 ശതമാനം നാരുകളും അടങ്ങിയിരിക്കുന്നു. പരിപ്പു വര്‍ഗങ്ങള്‍ക്ക് കടുത്ത ക്ഷാമവും വിലയുമുള്ള രാജ്യത്ത് ഇത്രയധികം പോഷകസമ്പന്നമായ കേസരിപ്പരിപ്പിനെ അവഗണിച്ചു കൂടാ എന്നാണ് ഗവേഷകര്‍ പറയുന്നത്. രക്തക്കുഴലുകള്‍ക്കും ധമനികള്‍ക്കും ഗുണകരമായ ഘടകങ്ങളും കേസരിപരിപ്പിലടങ്ങിയിരിക്കുന്നുവേ്രത.
എന്നാല്‍ കേസരിപ്പരിപ്പ് മറ്റുപരിപ്പുകളുടെ കൂടെച്ചേര്‍ത്ത് നന്നായി വേവിക്കണമെന്നും അതുമാത്രമായി കഴിക്കരുതെന്നും ഇതെ വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏറെക്കാലം തുടര്‍ച്ചയായി കേസരിപ്പരിപ്പ് കഴിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ഈര്‍പ്പമുള്ള മണ്ണില്‍ വളരുന്ന കേസരിപ്പരിപ്പില്‍ വിഷാംശം കുറവാണെന്നും ഗവേഷകര്‍ പറയുന്നു.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് രാജ്യത്ത് കേസരിപ്പരിപ്പിന് 55 വര്‍ഷം മുന്‍പ് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിച്ചു വരികയാണ്. നിരോധനം നീക്കുന്നതിനോട് അനുകൂല നിലപാടാണുള്ളതെന്ന് കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കിയിരിക്കുകയുമാണ്. കേസരിപ്പരിപ്പ് സുരക്ഷിതമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍)നടത്തിയ പഠനങ്ങളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം നീക്കുന്നകാര്യം ഭക്ഷ്യസുരക്ഷാ അതോറിറ്റി സജീവമായി പരിശോധിച്ചുവരുന്നത്.

ഡീ അമിനോ പ്രോ പയോനിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിധ്യമാണ് കേസരിപ്പരിപ്പ് കഴിക്കുന്നവരില്‍ തളര്‍വാതമുണ്ടാക്കുന്നതെന്ന് ഗവേഷകര്‍ നേരത്തേ കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ്് 1961ല്‍ പശ്ചിമബംഗാള്‍ ഒഴികെയുള്ള അന്നത്തെ സംസ്ഥാനങ്ങളെല്ലാം കേസരിപ്പരിപ്പ് നിരോധിച്ചത്. നിരോധനം വന്നതോടെ പരിപ്പില്‍ മായം ചേര്‍ക്കാനാണ് കേസരിപ്പരിപ്പ് ഇന്ന് വ്യാപകമായി ഉപയോഗിച്ചുവരുന്നത്. പരിപ്പുവര്‍ഗങ്ങള്‍ക്ക് രാജ്യത്ത് വന്‍തോതില്‍ വില വര്‍ധിച്ചതോടെ കേസരിപ്പരിപ്പ്കലര്‍ത്തിയ പരിപ്പ് വിപണിയില്‍ ധാരാളം വിറ്റഴിക്കപ്പെടുന്നുമുണ്ട്. ഇതിനിടയിലാണ് കേസരിപ്പരിപ്പിന് അധികൃതര്‍ ക്ലീന്‍ ചിറ്റ് നല്‍കാനൊരുങ്ങുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss