|    Jan 20 Fri, 2017 1:36 pm
FLASH NEWS

പരിധിവിടുന്ന യുഎപിഎ

Published : 8th May 2016 | Posted By: swapna en

അവകാശങ്ങള്‍ നിഷേധങ്ങള്‍

ബാബുരാജ്  ബി  എസ്

”ആ കുട്ടികളെ കണ്ടോ”- ഹോട്ടലില്‍ മേശ തുടയ്ക്കുന്ന കുട്ടികളെ നോക്കി അജിതന്‍ പറഞ്ഞു. ഷൈനയെയും രൂപേഷിനെയും സന്ദര്‍ശിക്കാനായി കോയമ്പത്തൂരിലെത്തിയതായിരുന്നു ഞങ്ങള്‍. എല്ലാം കഴിഞ്ഞപ്പോള്‍ ഉച്ചയായി. ”എത്ര വയസ്സായിക്കാണും ആ കുട്ടികള്‍ക്ക്? പന്ത്രണ്ട്, പതിമൂന്ന്്. പണിയെടുക്കുന്ന കുട്ടികളെ കാണുമ്പോള്‍ ചങ്ക് തകരും”- അജിതന്‍ സങ്കടപ്പെട്ടു. ഈ പ്രായത്തിലാണ് അയല്‍വാസിയോടൊപ്പം അജിതന്‍ സൂറത്തിലേക്കു പോയത്. എല്ലുമുറിയെ പണിയെടുത്തു. ആദ്യം ചെറിയചെറിയ ജോലികള്‍. പിന്നീട് വൈരക്കല്‍ കമ്പനിയിലേക്കു മാറി. മുതിര്‍ന്നവരായിരുന്നു അവനു കൂട്ട്. അവരോടൊപ്പം അവന്‍ ഭക്ഷണം വയ്ക്കുകയും അവര്‍ നാട്ടിലേക്കു പോരുമ്പോള്‍ കൂടെ പോവുകയും ചെയ്തു. അവര്‍ മടങ്ങുമ്പോള്‍ അവനും മടങ്ങി.ട്രൗസറില്‍നിന്ന് വളര്‍ന്നപ്പോള്‍ അവനു നാട്ടിലേക്കു പോരണമെന്നു തോന്നി. നാട്ടില്‍ ഒരു വൈരക്കല്‍ കമ്പനിയില്‍ത്തന്നെ  ജോലി കണ്ടെത്തി. ആ ഫാക്ടറികളില്‍ തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് അജിതന്‍ തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. തെരുവില്‍നിന്നാണ് അവന്‍ രാഷ്ട്രീയം പഠിച്ചത്. തൊഴിലാളികളായിരുന്നു അവന്റെ അധ്യാപകര്‍. സി കെ ജാനു ഭൂസമരം കണ്ടുപിടിക്കും മുമ്പ് അവന്‍ തൃശൂരിലെ ആദിവാസികളോടൊപ്പം ഭൂസമരങ്ങളില്‍ പങ്കുകൊണ്ടു. കുടിയൊഴിക്കപ്പെട്ടവരോടൊപ്പം നിരാഹാരമിരുന്നു. അതൊക്കെ പഴങ്കഥ. ഇപ്പോഴവന്‍ ജയിലിലാണ്. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. യുഎപിഎ തടവുകാരന്‍. പറയത്തക്ക കുറ്റമൊന്നും ചെയ്തതായി അറിവില്ല. സാബു എന്ന ചെറുപ്പക്കാരനാണ് ആദ്യം അറസ്റ്റിലായത്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ള ‘പോരാട്ട’ത്തിന്റെ ഏതാനും പോസ്റ്ററുകളും നോട്ടീസുകളും സാബുവില്‍ നിന്ന് ലഭിച്ചിരുന്നു. അജിതനാണ് പോസ്റ്റര്‍ നല്‍കിയതെന്ന് സാബു പറഞ്ഞു. അതുപ്രകാരമാണ് സാഹിത്യ അക്കാദമിയില്‍നിന്ന് അജിതനെ അറസ്റ്റ് ചെയ്തത്. പെരുമ്പാവൂരിലെ ജിഷയുടെ മരണത്തില്‍ പ്രതിഷേധിക്കാനുള്ള യോഗത്തിനായി അക്കാദമിയിലെത്തിയതായിരുന്നു അജിതന്‍.പുറത്തുണ്ടായിരുന്നെങ്കില്‍ അജിതന്‍ യുഎപിഎയുടെയും വില പോയെന്ന് കളിയാക്കി ചിരിക്കുമായിരുന്നു. അജിതനെ അറിയുന്നവര്‍ക്ക് അതില്‍ അദ്ഭുതം തോന്നില്ല. തിരക്കുപിടിച്ച രാഷ്ട്രീയജീവിതത്തിനിടയിലും കൈപ്പറമ്പിലും എടക്കളത്തൂരും സെവന്‍സ് മൈതാനങ്ങളില്‍ കുട്ടികളോടൊപ്പം അജിതന്‍ ആര്‍ത്തുതിമര്‍ക്കുമായിരുന്നു. ഗീവര്‍ഗീസച്ചന്റെ അപ്പനെപ്പോലെ സെവന്‍സ് അന്തിക്രിസ്തുവാണെന്ന് അജിതന്‍ കരുതിയിരുന്നില്ല. തന്നെ നിരീക്ഷിക്കാന്‍ മാത്രം പോലിസ് ഏര്‍പ്പെടുത്തിയ രഹസ്യപോലിസുകാരന്‍ തന്റെ കൂടെ നടന്ന് സെവന്‍സ് പ്രേമിയായെന്ന് അവന്‍ അടക്കംപറഞ്ഞു ചിരിച്ചു.ഒരു ജനാധിപത്യരാജ്യമായ ഇന്ത്യയില്‍ ഒരാള്‍ക്ക് എന്തിനോടും യോജിക്കാനും വിയോജിക്കാനുമുള്ള അവകാശമുണ്ട്. തിരഞ്ഞെടുപ്പ് ബഹിഷ്‌കരണാഹ്വാനത്തിന്റെ കാര്യവും വ്യത്യസ്തമല്ല. തിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനുള്ള അപരന്റെ അവകാശത്തെ ഹനിക്കാത്തിടത്തോളം ഇതൊരു കുറ്റകൃത്യമല്ല. വോട്ടവകാശം ഒരു രാഷ്ട്രീയ ആയുധമായിരിക്കുന്നതുപോലെ ബഹിഷ്‌കരണവും ആയുധമാണ്. ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് വോട്ടവകാശം ഒരു കടമയല്ല, അവകാശമാണ്. എവിടെയും അതങ്ങനെയായിരിക്കേണ്ടതുണ്ട്. നിര്‍ബന്ധിത വോട്ടവകാശത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ഭരണഘടനാനിര്‍മാണസഭയോളം പഴക്കമുണ്ട്. അവരത് മുളയിലേ തള്ളിക്കളയുകയായിരുന്നു. അജിതനെപ്പോലുള്ളവരുടെ അറസ്റ്റിലൂടെ ഭരണകൂടം അവകാശങ്ങളെയും കടമകളെയും കൂട്ടിക്കുഴയ്ക്കുകയാണു ചെയ്യുന്നത്. രാഷ്ട്രം ഏകാധിപത്യത്തിലേക്കു നീങ്ങുന്നതിന്റെ ലക്ഷണംകൂടിയാണ് ഇത്. ജനാധിപത്യം അവകാശങ്ങളില്‍ ഊന്നുമ്പോള്‍ ഏകാധിപത്യത്തിന് കടമകളിലാണു താല്‍പര്യം. വോട്ടവകാശം നിര്‍ബന്ധമാക്കിയ ആദ്യ സംസ്ഥാനം ഗുജറാത്തായത് യാദൃച്ഛികമായിരുന്നില്ല. അന്ന് മോദിയായിരുന്നു അവിടത്തെ മുഖ്യമന്ത്രി.തിരഞ്ഞെടുപ്പു ബഹിഷ്‌കരണത്തിന്റെ പേരില്‍ ആദ്യമായിട്ടല്ല അജിതന്‍ ജയിലിലാവുന്നത്. ഒരു ലോക്‌സഭാ തിരഞ്ഞെടുപ്പുസമയത്തും അജിതനെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് അജിതനും ഇപ്പോഴത്തെ എന്‍സിഎച്ച്ആര്‍ഒയുടെ നേതാവ് വിളയോടി ശിവന്‍കുട്ടിയുമടക്കം ഞങ്ങള്‍ എട്ടുപേരാണ് അറസ്റ്റിലായത്. ഏതാനും ദിവസത്തെ ജയില്‍ശിക്ഷയ്ക്കു ശേഷം ജാമ്യം കിട്ടി പുറത്തുവന്നു. പിന്നീട് ആ കേസ് വെറുതെവിടുകയും ചെയ്തു. അതേ ‘കുറ്റമാണ്’ ഇപ്പോള്‍ യുഎപിഎ പ്രകാരം ചാര്‍ജ് ചെയ്തിരിക്കുന്നത്. പത്തോ പന്ത്രണ്ടോ വര്‍ഷംകൊണ്ട് തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ പ്രചാരണം നാട്ടിലെ ഏറ്റവും കുപ്രസിദ്ധമായ നിയമത്തിന്റെ പരിധിയിലേക്കു വന്നിരിക്കുന്നു. നമ്മുടെ ജനാധിപത്യസംവിധാനത്തിനു സംഭവിച്ച ജീര്‍ണതയുടെ തെളിവായും ഇതു കാണാം. ഒപ്പം യുഎപിഎ പോലുള്ള നിയമങ്ങള്‍ എത്ര ജനാധിപത്യവിരുദ്ധമാണെന്നും ഇത് എടുത്തുകാട്ടുന്നു.             ി

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക