|    Jun 23 Sat, 2018 5:09 pm
FLASH NEWS
Home   >  Editpage  >  Lead Article  >  

പരിതസ്ഥിതിയുടെ ഗൂഢാലോചന

Published : 8th November 2016 | Posted By: SMR

എ പി കുഞ്ഞാമു

കശ്മീരിന്റെ മനസ്സ് കാണുക-2

അതിദയനീയമായ ഈ സാഹചര്യത്തിലാണ് ശെയ്ഖ് അബ്ദുല്ല മഹാരാജാവിന്റെ ഭരണത്തില്‍നിന്നുള്ള മോചനം ലക്ഷ്യമാക്കി ഓള്‍ ജമ്മു ആന്റ് കശ്മീര്‍ മുസ്‌ലിം കോണ്‍ഫറന്‍സ് ഉണ്ടാക്കിയത്. 1939ല്‍ ജാതിമതവിശ്വാസഭേദമെന്യേ ആര്‍ക്കും അംഗമാവാം എന്ന വ്യവസ്ഥയോടെ സംഘടന നാഷനല്‍ കോണ്‍ഫറന്‍സ് ആയി മാറി. പൂര്‍ണമായ തുല്യതയും ദാരിദ്ര്യത്തില്‍നിന്നും ചൂഷണത്തില്‍നിന്നുമുള്ള മോചനവും സ്ത്രീകള്‍ക്ക് തുല്യാവകാശവും വിഭാവന ചെയ്യുന്ന ദര്‍ശനമായിരുന്നു സംഘടനയുടേത്.
1946ല്‍ കാബിനറ്റ് മിഷന്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ ശെയ്ഖ് അബ്ദുല്ല മിഷന് അയച്ച സന്ദേശം കശ്മീരിന്റെ ചരിത്രത്തില്‍ വളരെ പ്രസക്തമാണ്. ഉത്തരവാദിത്ത ഭരണം സ്ഥാപിക്കുക എന്നതല്ല കശ്മീരി ജനതയുടെ ആവശ്യമെന്നും ഏകാധിപത്യത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അന്നത്തെ രാജാവ് ഹരിസിങിന്റെ കശ്മീര്‍ ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭയില്‍ ചേര്‍ന്നില്ലെന്നു മാത്രമല്ല, സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യയോട് തന്റെ പ്രവിശ്യയെ സംയോജിപ്പിച്ചതുമില്ല.
കശ്മീര്‍ രാജാവ് ഹരിസിങ് പാകിസ്താനുമായി തല്‍സ്ഥിതി പുലര്‍ത്താം എന്ന നിലയിലുള്ള കരാര്‍ ഒപ്പിടുകയാണ് ചെയ്തത്. സ്വതന്ത്ര രാഷ്ട്രമായി നിലനില്‍ക്കാം എന്ന വിചാരത്തോടെ അദ്ദേഹം തന്റെ തീരുമാനം നീട്ടിക്കൊണ്ടുപോവുകയായിരുന്നു. ഹിന്ദു മൗലികവാദി നേതാക്കളുടെ പിന്തുണ അതിനു ലഭിക്കുകയും ചെയ്തു. മതേതര ഇന്ത്യയുമായി കശ്മീര്‍ സംയോജിക്കപ്പെടുന്നത് അവര്‍ക്കു താല്‍പര്യമുള്ള സംഗതിയല്ലായിരുന്നു. ഹിന്ദു തീവ്രവാദികള്‍ക്കു വേണ്ടത് ഹിന്ദു കശ്മീര്‍ ആണല്ലോ.
അതിനാല്‍, ഇന്ത്യയുമായി ചേരുന്ന വിഷയത്തില്‍ മഹാരാജാവ് കൈക്കൊള്ളുന്ന ഏതു തീരുമാനത്തെയും പിന്തുണയ്ക്കാമെന്ന് ഇന്നത്തെ ബിജെപിയുടെ പൂര്‍വരൂപമായ ഓള്‍ ജമ്മു ആന്റ് കശ്മീര്‍ രാജ്യ ഹിന്ദുസഭ പ്രമേയം പാസാക്കുകയുണ്ടായി എന്നും നാഷനല്‍ കോണ്‍ഫറന്‍സ് ഒഴിച്ചുള്ള എല്ലാ സംഘടനകളും ഇന്ത്യയോട് ചേരരുതെന്ന് മഹാരാജാവിനെ ഉപദേശിച്ചുവെന്നും ബല്‍രാജ് പുരി രേഖപ്പെടുത്തിയിട്ടുണ്ട്. മുസ്‌ലിം കോണ്‍ഫറന്‍സും ജില്‍ജിത് മേഖലയിലെ ഗോത്രമുഖ്യന്മാരും ഇന്ത്യയോട് ചേരേണ്ടതില്ലെന്ന അഭിപ്രായക്കാരായിരുന്നുവത്രേ.
കശ്മീരിന്റെ ചരിത്രഗതിയെ വഴിതെറ്റിക്കുന്നതില്‍ ജനാഭിപ്രായമല്ല, ഭരണ-രാഷ്ട്രീയ താല്‍പര്യങ്ങളാണ് വിനാശകരമായ പങ്കുവഹിച്ചത് എന്നാണ് ഇതെല്ലാം വെളിപ്പെടുത്തുന്നത്. തുടര്‍ന്ന് സാഹചര്യങ്ങളുടെ ചില ഗൂഢാലോചനയ്ക്ക് താഴ്‌വര ഇരയാവുകയായിരുന്നു. പൂഞ്ച് മേഖലയില്‍ 1947ല്‍ രാജഭരണം ഏര്‍പ്പെടുത്തിയ അമിത നികുതിക്കെതിരില്‍ ജനങ്ങള്‍ സമരരംഗത്തിറങ്ങി. പൂഞ്ച് മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായിരുന്നു. വെടിവയ്പില്‍ നിരപരാധികളായ നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെടുകയും പ്രക്ഷോഭകാരികളായ പലരും പൂഞ്ചില്‍ നിന്നു പാകിസ്താനിലേക്ക് പലായനം നടത്തുകയും ചെയ്തു.
ഇങ്ങനെ പലായനം ചെയ്ത പൂഞ്ച് റിബലുകളുടെ പ്രേരണയോടെയാണ് 1947 ഒക്ടോബര്‍ 22ന് ആയിരക്കണക്കിനു പത്താന്‍ ഗോത്രവര്‍ഗക്കാര്‍ കശ്മീരിലേക്ക് മാര്‍ച്ച് ചെയ്തത്. പൂഞ്ചിലെയും ജമ്മുവിലെയും മുസ്‌ലിംകളുടെ നേരെ രാജഭരണം നടത്തുന്ന മര്‍ദനങ്ങള്‍ക്കെതിരായുള്ള പ്രക്ഷോഭം കൂടിയായിരുന്നു ഇത്. പ്രധാനമന്ത്രി ലിയാഖത്ത് അലി ഖാന്‍ അടക്കമുള്ള പാക് നേതാക്കള്‍ ഈ പ്രക്ഷോഭത്തെ പിന്തുണച്ചു. തല്‍സ്ഥിതി നിലനിര്‍ത്തുക എന്ന മഹാരാജാവുമായുള്ള കരാര്‍ അതുവഴി പാകിസ്താന്‍ ലംഘിക്കുകയായിരുന്നു.
ഇതേത്തുടര്‍ന്നാണ് 1947 ഒക്ടോബറില്‍ ഇന്ത്യയോട് ചേര്‍ന്നുകൊണ്ടുള്ള ഉടമ്പടി കശ്മീര്‍ മഹാരാജാവ് ഒപ്പിട്ടത്. ഈ ഉടമ്പടി ഒപ്പിട്ടപ്പോള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമായിരുന്നു ഒരു ഹിതപരിശോധന വഴി ജനാഭിലാഷം തിരിച്ചറിയുകയും അതനുസരിച്ച് കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യാം എന്നത്. കശ്മീരിലെ ക്രമസമാധാനനില നിയന്ത്രണാധീനമായ ശേഷം ഹിതപരിശോധന നടത്താം എന്നായിരുന്നു തീരുമാനം. ശെയ്ഖ് അബ്ദുല്ല ഇന്ത്യയുമായുള്ള സംയോജനത്തെ ശരിവയ്ക്കുകയും ചെയ്തു. ഹിതപരിശോധനയുടെ മുന്നുപാധിയായി പാകിസ്താന്‍ സൈന്യം കശ്മീരില്‍ നിന്നു പിന്‍വാങ്ങണമെന്നായിരുന്നു ഇന്ത്യയുടെ നിര്‍ദേശം. പാകിസ്താന്‍ അത് അംഗീകരിച്ചില്ല. ഇരുസൈന്യങ്ങളും പിന്‍വാങ്ങുകയും ഏതെങ്കിലും അന്താരാഷ്ട്ര ഏജന്‍സിയുടെ നേതൃത്വത്തില്‍ ഹിതപരിശോധന നടത്തുകയും വേണമെന്നായിരുന്നു അവരുടെ ആവശ്യം. അത് ഇന്ത്യയും അംഗീകരിച്ചില്ല.
ഇന്ത്യ പ്രശ്‌നം ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗണ്‍സിലിനു മുമ്പാകെ ഉന്നയിച്ചു. ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തില്‍ 1949ല്‍ ഉണ്ടായ വെടിനിര്‍ത്തലിനെ തുടര്‍ന്ന് യഥാര്‍ഥത്തില്‍ കശ്മീര്‍ വിഭജിക്കപ്പെടുകയാണുണ്ടായത്. ആസാദ് കശ്മീര്‍ എന്നറിയപ്പെടുന്ന മേഖല പാകിസ്താന്റെ കൈവശമായി. ഇരുരാജ്യങ്ങള്‍ക്കും മാന്യമായ ഒത്തുതീര്‍പ്പിലെത്താന്‍ കഴിയാത്തതിനാല്‍ ഹിതപരിശോധന അസാധ്യമായിത്തീരുകയും ചെയ്തു.
1949 ഒക്ടോബര്‍ 17ന് ഇന്ത്യന്‍ ഭരണഘടനാ നിര്‍മാണസഭ 370ാം വകുപ്പ് അംഗീകരിക്കുകയും അതനുസരിച്ച് കശ്മീരിനു പ്രത്യേക പദവി അനുവദിക്കുകയും ചെയ്തു. പ്രതിരോധം, വിദേശകാര്യം, വാര്‍ത്താ              വിതരണം എന്നീ മേഖലകളില്‍ കശ്മീരിനു മേലുള്ള ഇന്ത്യയുടെ നിയന്ത്രണം പരിമിതപ്പെട്ടു. സംയോജന വ്യവസ്ഥയനുസരിച്ച് കശ്മീരിനു പ്രത്യേകമായ പതാക പോലും അനുവദിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ, ഇന്ത്യയുടെ അവിഭാജ്യഘടകമായി വര്‍ത്തിക്കുന്ന കശ്മീരിന്റെ ഈ പതാക ഒരിക്കലും ത്രിവര്‍ണപതാകയുടെ എതിരാളി ആയിക്കൂടാ. ഇന്ത്യയും കശ്മീരും തമ്മിലുള്ള പാരസ്പര്യത്തിന്റെ മര്‍മം അതാണ്.
ഈ വസ്തുത തിരിച്ചറിയാതെപോകുന്നു എന്നതിലാണ് കശ്മീര്‍ പ്രശ്‌നത്തിന്റെ കാതല്‍ സ്ഥിതിചെയ്യുന്നത്. അതിനു വലിയൊരളവോളം കാരണമായി ഭവിച്ചത് ഇന്ത്യയിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് കശ്മീരിലുള്ള താല്‍പര്യമാണ്. ശെയ്ഖ് അബ്ദുല്ലയുമായി കോണ്‍ഗ്രസ് ഭരണകൂടത്തിനുണ്ടായ പിണക്കവും ഇണക്കവും സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വഷളാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടുകയും വിട്ടയക്കപ്പെടുകയും വീണ്ടും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അദ്ദേഹത്തിന്റെ കാലശേഷം ശെയ്ഖ് അബ്ദുല്ലയുടെ പിന്‍ഗാമികളുമായി കോണ്‍ഗ്രസ്സിനുള്ള ബന്ധം പല അവസ്ഥകളിലൂടെയും കടന്നുപോയി. കശ്മീരില്‍ കാലുറപ്പിക്കാന്‍ കോണ്‍ഗ്രസ്സും ജനതാ പാര്‍ട്ടിയും ബിജെപിയും ശ്രമിക്കുകയും ചെറിയ മനസ്സുള്ള പ്രാദേശിക രാഷ്ട്രീയകക്ഷികള്‍- ശെയ്ഖ് അബ്ദുല്ലയുടെ പിന്‍ഗാമികള്‍ കൊണ്ടുനടക്കുന്ന നാഷനല്‍ കോണ്‍ഫറന്‍സ് അടക്കം- ഈ നീക്കങ്ങളില്‍ കരുക്കളാവുകയും ചെയ്തു. അങ്ങനെയാണ് കശ്മീര്‍ രാഷ്ട്രീയം പ്രശ്‌നകലുഷിതമായത്.
കശ്മീരിനെ സംബന്ധിച്ചിടത്തോളം മുഖ്യധാരാ രാഷ്ട്രീയകക്ഷികളെല്ലാം ജനങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്ന വരേണ്യ കൂട്ടായ്മകളാണ്. സാധാരണ ജനം മുഖ്യധാരയ്ക്കു പുറത്തുമാണ്. ശരാശരി കശ്മീരിയെ സ്വാധീനിക്കുന്നത് മുഖ്യധാരയ്ക്കു പുറത്തുനില്‍ക്കുന്ന നേതാക്കളും പ്രക്ഷോഭകാരികളുമാണ് എന്നതു സ്വാഭാവികം. ഈ കശ്മീരി മനസ്സുമായി സംവദിക്കാന്‍ സാധിക്കുന്നില്ല എന്നതാണ് ഇന്ത്യയിലെ ദേശീയ രാഷ്ട്രീയത്തിന്റെയും പൊതുബോധത്തിന്റെയും പ്രശ്‌നം. ഈ പശ്ചാത്തലത്തില്‍ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കു കശ്മീരിലെ സാമാന്യ ജനങ്ങള്‍ക്കിടയില്‍ വേരുകളുണ്ടാക്കാന്‍ കഴിഞ്ഞാല്‍ അദ്ഭുതപ്പെടേണ്ടതില്ല.
കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാതെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കില്ല എന്ന വസ്തുത ഇന്ത്യന്‍ രാഷ്ട്രതന്ത്രത്തിനു രുചിക്കാത്തതാണ് ഏറ്റവും ഖേദകരമായ വസ്തുത. മഖ്ബൂല്‍ ഭട്ട്, മീര്‍വായിസ്, യാസീന്‍ മാലിക്, അബ്ദുല്‍ ഗനി ലോണ്‍, അശ്ഫാഖ് മാജിദ് വാനി തുടങ്ങിയ പരമ്പരയുടെ ഇങ്ങേയറ്റത്താണ് അടുത്ത കാലത്ത് കശ്മീരിനെ ത്രസിപ്പിച്ച വാനി. ഇവരെയൊക്കെ വെറും ഭീകരവാദികളായി കറുത്ത ചായത്തില്‍ വരയ്ക്കുന്ന പൊതുബോധം അവര്‍ ജനങ്ങളുമായി സ്ഥാപിച്ചെടുത്ത ഹൃദയൈക്യത്തെ സമ്പൂര്‍ണമായി എഴുതിത്തള്ളുകയാണ്. അതിന്റെ യുക്തി നിരര്‍ഥകമല്ലാതിരിക്കുന്നതെങ്ങനെ?
അതായത്, സുരക്ഷാ സൈന്യത്തിന്റെ കൈയില്‍ ഏല്‍പിച്ചുകൊടുത്ത ആയുധങ്ങള്‍ ഉപയോഗിച്ചോ ജഗ്‌മോഹനെ പോലെയുള്ളവരുടെ എടുത്തുചാട്ടങ്ങള്‍ വഴിയോ കശ്മീരില്‍ സമാധാനമുണ്ടാക്കാന്‍ സാധിക്കില്ല. കശ്മീരിന്റെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും പശ്ചാത്തലത്തില്‍ വേണം പ്രശ്‌നത്തെ വിലയിരുത്താന്‍. ജനാഭിലാഷത്തെ മുന്‍നിര്‍ത്തി വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍. കഴിഞ്ഞ കേന്ദ്രസര്‍ക്കാര്‍ ഒരു മാധ്യസ്ഥ്യ സമിതി രൂപീകരിച്ചിരുന്നു. അവര്‍ക്കു പക്ഷേ, ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല.
ഇന്നു നാം കശ്മീര്‍ പ്രശ്‌നത്തെ സമീപിക്കുന്നത് ഒട്ടും ജനാധിപത്യപരമായല്ല. രാജ്യതന്ത്രത്തിന്റെ പരിമിത വൃത്തത്തിനകത്ത് കുടുങ്ങിക്കിടക്കുകയാണ് ജനാഭിലാഷങ്ങള്‍. ജമ്മു-കശ്മീര്‍ രണ്ടു ലോകങ്ങളായി വേര്‍തിരിഞ്ഞുകഴിഞ്ഞു. ഇന്ത്യന്‍ താല്‍പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ജമ്മുവും സ്വാതന്ത്ര്യബോധം ജ്വലിപ്പിച്ചുനിര്‍ത്തുന്ന താഴ്‌വരയും. ഹിന്ദു, മുസ്‌ലിം എന്നീ മതസ്വത്വബോധങ്ങളാണ് ഈ ഭിന്നദേശങ്ങളുടെ വികാരരൂപീകരണം നടത്തുന്നത്. അതാവട്ടെ അപകടകരമാംവിധം ദേശവിരുദ്ധവും ജനാധിപത്യവിരുദ്ധവും മതവിരുദ്ധവും തന്നെയാണ്.
ഇതു പറയുമ്പോള്‍, വിഭജനകാലത്ത് രാജ്യത്തുടനീളം- തൊട്ടടുത്ത പഞ്ചാബില്‍ പോലും- വര്‍ഗീയ കലാപങ്ങള്‍ ഉണ്ടായപ്പോള്‍ ഒരു ലഹള പോലും ഉണ്ടാകാത്ത സ്ഥലമായിരുന്നു കശ്മീര്‍ എന്നതു മറക്കരുത്. അക്കാലത്ത് ശെയ്ഖ് അബ്ദുല്ല പറഞ്ഞു: ”ഇത്രയധികം വിഷം വമിക്കുന്ന ദ്വിരാഷ്ട്രസിദ്ധാന്തത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഈ വിഷമഘട്ടത്തില്‍ കശ്മീര്‍ പ്രകാശം പ്രസരിപ്പിക്കും. ഹിന്ദുസ്ഥാനില്‍ ഉടനീളം സഹോദരന്‍ സഹോദരനെ കൊല്ലുമ്പോള്‍ കശ്മീര്‍ ഉയര്‍ത്തിപ്പിടിക്കുന്നത് ഹിന്ദു-മുസ്‌ലിം ഐക്യമാണ്.”
പതിറ്റാണ്ടുകളേ കഴിഞ്ഞുള്ളൂ, അപ്പോഴേക്കും കശ്മീരിന് എന്തു സംഭവിച്ചു എന്നതിനു ബുര്‍ഹാന്‍ വാനി സാക്ഷി, ആട്ടിയോടിക്കപ്പെട്ട എണ്ണമറ്റ പണ്ഡിറ്റുകള്‍ സാക്ഷി, സുരക്ഷാ സൈനികരാല്‍ കൊല്ലപ്പെട്ട സാധാരണ മനുഷ്യര്‍ സാക്ഷി, അജ്ഞാത ശവകുടീരങ്ങളും അഫ്‌സല്‍ ഗുരുവും സാക്ഷി. ഭൂമിയിലെ സ്വര്‍ഗം ഈ ദുര്‍വിധിയിലൂടെയല്ല കടന്നുപോവേണ്ടത്.
ഖലീല്‍ ജിബ്രാന്‍ പറഞ്ഞല്ലോ: ”എനിക്ക് ലബ്‌നാനും അതിന്റെ സൗന്ദര്യവുമാണ് വേണ്ടത്; നിങ്ങള്‍ക്കോ, ലബ്‌നാനും അതിന്റെ പ്രയാസങ്ങളും.” ഓരോ കശ്മീരിയുടെയും മനസ്സ് ഇതുതന്നെ ആയിരിക്കുകയില്ലേ പറയുന്നത്?

(അവസാനിച്ചു)
(കടപ്പാട്: പാഠഭേദം 2016 ആഗസ്ത്)

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss