പരിണാമ സിദ്ധാന്തം പാഠഭാഗങ്ങളില്‍ നിന്നു നീക്കംചെയ്യണം: എംഎസ്എം
Published : 25th April 2016 | Posted By: SMR
കോഴിക്കോട്: ആധുനിക കാലഘട്ടത്തിലെ പുതിയ പഠനങ്ങളും കണ്ടുപിടുത്തങ്ങളും പരിണാമ സിദ്ധാന്തത്തെ പാടെ നിരാകരിച്ച സാഹചര്യത്തില്‍ വിദ്യാഭ്യാസ പ്രക്രിയയുടെ ഭാഗമായി പഠിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം പൂര്‍ണമായും ഒഴിവാക്കണമെന്ന് വിസ്ഡം ഗ്ലോബല്‍ ഇസ്ലാമിക് മിഷന്റെ ഭാഗമായി മുജാഹിദ് സ്റ്റുഡന്റ്സ് മൂവ്മെന്റ് (എംഎസ്എം) സംസ്ഥാന സമിതി സംഘടിപ്പിച്ച അണ്‍മാസ്കിങ് എത്തിസം ഓപണ്‍ ഫോറം ആവശ്യപ്പെട്ടു.
അമേരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പരിണാമ സിദ്ധാന്തത്തോടൊപ്പം സൃഷ്ടിവാദവും പഠിപ്പിക്കുന്നു എന്നത് നാം ഗൗരവമായി കാണണം. പഴയ കാലഘട്ടത്തില്‍ മതനിരാസത്തിന്റെയും ദൈവനിഷേധത്തിന്റെയും ആശയങ്ങളില്‍ ആകൃഷ്ടരായ ഒരുപറ്റം കപട ശാസ്ത്രകാരന്മാര് എഴുതിച്ചേര്‍ത്ത അസത്യവദങ്ങള് പിഞ്ചു കുഞ്ഞുങ്ങളില്‍ അടിച്ചേല്പിക്കുന്നത് നീതീകരിക്കാനാവില്ല.
പരിണാമസിദ്ധാന്തം സമര്‍ഥിക്കുന്നതിലൂടെ പുതിയ തലമുറയില്‍ മതനിരാസവും ദൈവനിഷേധവും വളര്‍ത്തിയെടുക്കാനാണ് ശ്രമിക്കുന്നത്. ഇത്തരം ചിന്തകളുടെ പ്രചാരകരാവുന്നവര്‍ കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരും നമ്മുടെ സാംസ്കാരിക മൂല്യങ്ങളെ ചവിട്ടിമെതിക്കുന്നവരുമാണെന്നത് നാം തിരിച്ചറിയണം.
ഓപണ്‍ ഫോറം ഐഎസ്എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സജ്ജാദ് ഉദ്ഘാടനം ചെയ്തു. എംഎസ്എം സംസ്ഥാന വൈസ് പ്രസിഡന്റ് നസീഫ് പി പി അധ്യക്ഷത വഹിച്ചു.
ഐഎസ്എം സംസ്ഥാന സെക്രട്ടറി താജുദ്ദീന് സ്വലാഹി, എംഎസ്എം കാംപസ് ചെയര്മാന് സി എം അബ്ദുല്‍ ഖാലിക്, എന്‍ എം ഹുസൈന്, റസ്ഥം ഉസ്മാന്, നൂറുദ്ദീന്‍ സ്വലാഹി, സി മുഹമ്മദ് അജ്മല്‍, നദീം അബ്ദുല്ല, അബ്ദുല്ല ബാസില്‍ സി പി, കെ ഫസലുറഹ്മാന്, ഡോ. കെ നജ്മുദ്ദീന്, മുനവ്വര്‍ കെ, ഷംജിത്ത്, ജിഹാദ്, കെ മുഹമ്മദ് ഷബീബ് സംസാരിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.