|    Oct 21 Sun, 2018 7:52 am
FLASH NEWS
Home   >  Sports  >  Cricket  >  

പരിക്കിന്റെ പിടിയില്‍ ദക്ഷിണാഫ്രിക്ക; കറക്കി വീഴ്ത്താന്‍ ഇന്ത്യ

Published : 6th February 2018 | Posted By: vishnu vis

കേപ്ടൗണ്‍: ഇന്ത്യ – ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് കേപ്ടൗണില്‍. ദക്ഷിണാഫ്രിക്കന്‍ മൈതാനത്ത് ആദ്യ രണ്ട് ഏകദിനത്തിലും വിജയം കണ്ട ഇന്ത്യന്‍ നിര ജയത്തുടര്‍ച്ച സ്വപ്‌നം കാണുമ്പോള്‍ ആശ്വാസ ജയം തേടിയാവും ആതിഥേയര്‍ ഇറങ്ങുക. വേഗപ്പിച്ചൊരുക്കി ഇന്ത്യയെ വീഴ്ത്താമെന്ന് പ്രതീക്ഷിച്ച  ദക്ഷിണാഫ്രിക്കന്‍ നിരയെ സ്പിന്‍കെണി ഒരുക്കി വീഴ്ത്തിയ ഇന്ത്യയുടെ മുന്നില്‍ ഇന്ന് ദക്ഷിണാഫ്രിക്കയ്ക്ക് ജയം അനിവാര്യമാണ്.

കരുത്തോടെ ഇന്ത്യ
ടെസ്റ്റ് പരമ്പരയിലെ തോല്‍വി നന്നായി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇന്ത്യ ഏകദിന പരമ്പരയ്ക്കിറങ്ങിയത്. വിദേശ മൈതാനത്തെ ഇന്ത്യയുടെ ബാറ്റിങിനെ പഴിച്ചവര്‍ക്ക് തുടര്‍ച്ചയായി മൂന്ന് ജയങ്ങള്‍ സ്വന്തമാക്കിയാണ് ഇന്ത്യ മറുപടി പറഞ്ഞത്. മൂന്നാം ടെസ്റ്റിലും അവസാന രണ്ട് ഏകദിനങ്ങളിലും ആധികാരിക വിജയം കണ്ട ഇന്ത്യയുടെ കരുത്ത് സ്പിന്‍ ബൗളര്‍മാരാണ്. ആദ്യ രണ്ട് ഏകദിനത്തിലും ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് നിരയെ മുട്ടുകുത്തിച്ചത് യുസ്‌വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ് സ്പിന്‍ കൂട്ടുകെട്ടാണ്. എതിരാളികളുടെ കണക്കുകൂട്ടലുകളെ അമ്പേ തെറ്റിക്കുന്ന മാജിക്കല്‍ സ്പിന്നുമായി ഇരുവരും തിളങ്ങുന്നതാണ് ഇന്ത്യയുടെ കരുത്ത്. സെഞ്ച്വൂറിയനില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ ഇരുവരും ചേര്‍ന്ന് എട്ട് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റുകളാണ് പിഴുതത്. ഫാസ്റ്റ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബൂംറയും ഇരുവര്‍ക്കും മികച്ച പിന്തുണയാണ് നല്‍കുന്നത്. ഇരുവരും ടെസ്റ്റിലെ മികച്ച പ്രകടനം ഏകദിനത്തിലും ആവര്‍ത്തിക്കുന്നുണ്ട്.ബാറ്റിങ് നിരയില്‍ ഓപണര്‍ ശിഖര്‍ ധവാന്‍ ഫോമിലേക്കെത്തിയത് ഇന്ത്യയുടെ ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ട്. വെടിക്കെട്ട് ഓപണര്‍ രോഹിത് ശര്‍മ മികച്ച രീതിയില്‍ തുടങ്ങുന്നുണ്ടെങ്കിലും അനാവശ്യ ഷോട്ടിന് മുതിര്‍ന്ന് വിക്കറ്റ് തുലക്കുന്നതാണ് ആദ്യ രണ്ട് ഏകദിനത്തിലും കണ്ടത്. ഉജ്ജ്വല ഫോമില്‍ ബാറ്റുവീശുന്ന വിരാട് കോഹ്‌ലിയുടെ ബാറ്റിങാണ് ഇന്ത്യന്‍ ഇന്നിങ്‌സിന്റെ അടിത്തറ. ആദ്യ മല്‍സരത്തില്‍ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി അവസാന മല്‍സരത്തില്‍ 46 റണ്‍സുമായി പുറത്താവാതെ നിന്നു. ആദ്യ ഏകദിനത്തില്‍ തിളങ്ങിയ അജിന്‍ക്യ രഹാനെയും മധ്യനിരയില്‍ പരിചയ സമ്പന്നനായ എംഎസ് ധോണിയുടെയും സാന്നിധ്യം ഇന്ത്യയ്ക്ക് കരുത്താവും. മധ്യനിരയില്‍ കേദാര്‍ യാദവും ടീമിലുണ്ട്. ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയുടെ പ്രകടനും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമാവും.

പരിക്കാണ് ആതിഥേയരുടെ പ്രശ്‌നം

കൂനിന്‍മേല്‍ കുരു എന്ന അവസ്ഥയിലാണ് ആതിഥേയര്‍ മൂന്നാം ഏകദിനത്തില്‍ പാഡണിയുന്നത്. പരിക്കിനെത്തുടര്‍ന്ന് എബി ഡിവില്ലിയേഴ്‌സും നായകന്‍ ഫഫ് ഡുപ്ലെസിസും പുറത്തുപോയതിന് പിന്നാലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡീകോക്കിനെയും പരിക്ക് പിടികൂടിയതാണ് ആതിഥേയര്‍ക്ക് തിരിച്ചടിയായത്. ബാറ്റിങില്‍ പരിചയസമ്പന്നരെന്ന് അവകാശപ്പെടാന്‍ ഹാഷിം അംലയും ജെപി ഡുമിനിയും ഡേവിഡ് മില്ലറും മാത്രമാണ് നിലവില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലുള്ളത്. എന്നാല്‍ ഇവര്‍ മൂന്ന് പേര്‍ക്കും അവസാന രണ്ട് ഏകദിനത്തിലും മികവിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞിട്ടില്ല. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മില്ലര്‍ അക്കൗണ്ട് തുറക്കാതെയാണ് രണ്ടാം ഏകദിനത്തില്‍ കൂടാരം കയറിയത്. ഇത്തരമൊരു സാഹചര്യത്തില്‍ കരുത്തരായ ഇന്ത്യയെ പരാജയപ്പെടുത്തുക എന്നത് ആതിഥേയര്‍ക്ക് കടുത്ത വെല്ലുവിളി തന്നെയാണ്. യുവ താരം മാര്‍ക്രമിന്റെ നായകത്വത്തിന് കീഴില്‍ അദ്ഭുതങ്ങള്‍ പ്രതീക്ഷിച്ചാണ് ദക്ഷിണാഫ്രിക്ക മൂന്നാം പോരി നിറങ്ങുന്നത്. ബൗളിങില്‍ കഗിസോ റബാദയും മോണി മോര്‍ക്കലും ക്രിസ് മോറിസും നിരാശപ്പെടുത്തുന്നു. ഇന്ത്യയുടെ സ്പിന്നര്‍മാര്‍ വിക്കറ്റുകള്‍ കൊയ്യുമ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് ഒന്നും തന്നെ ടീമിന് വേണ്ടി സംഭാവനചെയ്യാന്‍ കഴിയുന്നില്ല. ആറ് മല്‍സര പരമ്പര ഇന്ത്യ 2-0ന് മുന്നിട്ട് നില്‍ക്കുന്ന സാഹചര്യത്തില്‍ എന്തുവിലകൊടുത്തും ജയിക്കേണ്ടത് ആതിഥേയരുടെ അഭിമാന പ്രശ്‌നമാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss