|    Jan 24 Tue, 2017 12:41 pm
FLASH NEWS

പരാമര്‍ശം അസ്വീകാര്യം; ട്രംപിന്റെ ക്ഷമാപണം സ്വീകരിക്കണമെന്ന് ഭാര്യ മെലാനിയ ട്രംപ് പിന്മാറണം: റിപബ്ലിക്കന്‍ നേതാക്കള്‍

Published : 10th October 2016 | Posted By: SMR

വാഷിങ്ടണ്‍: യുഎസ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനുള്ള പിന്തുണ കൂടുതല്‍ പാര്‍ട്ടിനേതാക്കള്‍ പിന്‍വലിക്കുന്നു. ട്രംപ് സ്വയം പിന്മാറി വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സിനെ പകരം പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിപ്പിക്കണമെന്നാണ് നേതാക്കള്‍ ആവശ്യപ്പെടുന്നത്. ട്രംപിന്റെ വിവാദപരാമര്‍ശങ്ങളെത്തുടര്‍ന്ന് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. വിവാദ പരാമര്‍ശങ്ങളുടെ പേരില്‍ എതിര്‍പ്പുകള്‍ നേരിടുന്ന ട്രംപിന് ഇത്തവണ തിരിച്ചടിയായത് സ്ത്രീകളെക്കുറിച്ചുള്ള മോശം പരാമര്‍ശമാണ്.
2005ല്‍ സ്ത്രീകള്‍ക്കെതിരേ ട്രംപ് നടത്തിയ ലൈംഗികച്ചുവയുള്ള പരാമര്‍ശത്തിന്റെ ശബ്ദരേഖ കഴിഞ്ഞദിവസം വാഷിങ്ടണ്‍ പോസ്റ്റ്, എന്‍ബിസി എന്നീ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ 12ലധികം മുതിര്‍ന്ന നേതാക്കളാണ് ട്രംപിന് വോട്ട് ചെയ്യില്ലെന്ന് പരസ്യമായി അറിയിച്ചിരിക്കുന്നത്.
എന്നാല്‍, വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മല്‍സരത്തില്‍ നിന്നു പിന്മാറില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവരെ നിരാശരാക്കില്ലെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. ഭാര്യ മെലാനിയ അടക്കമുള്ളവര്‍ ട്രംപിന്റെ പരാമര്‍ശത്തെ വിമര്‍ശിച്ചിരുന്നു. ട്രംപിന്റെ പരാമര്‍ശം മോശവും അസ്വീകാര്യവുമാണെന്ന് പറഞ്ഞ മെലാനിയ, അദ്ദേഹത്തിന്റെ ക്ഷമാപണം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
റിപബ്ലിക്കന്‍ പാര്‍ട്ടി മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി ജോണ്‍ മക്കെയ്ന്‍, മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി കോണ്ടലിസ റൈസ് എന്നിവരാണ് ഏറ്റവും ഒടുവില്‍ ട്രംപിനെതിരേ തിരിഞ്ഞത്. ട്രംപ് യുഎസ് പ്രസിഡന്റാവരുതെന്നും അേദ്ദഹം പിന്മാറണമെന്നുമായിരുന്നു കോണ്ടലിസ റൈസിന്റെ പ്രതികരണം. സ്ത്രീകളെ തരംതാഴ്ത്തിക്കാണുന്ന ഒരാള്‍ പ്രസിഡന്റാവുന്നതിനെ താനൊരിക്കലും പിന്തുണയ്ക്കില്ലെന്ന് ന്യൂ ഹാംഷെയര്‍ സെനറ്റര്‍ കെല്ലി അയോട്ടെ പറഞ്ഞു. ഹിലരിക്കും വോട്ട് ചെയ്യില്ലെന്ന് അവര്‍ വ്യക്തമാക്കി.
അതേസമയം, അവിശ്വസനീയമായ പിന്തുണ തനിക്കു ലഭിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ട്രംപ് ഇപ്പോഴും പറയുന്നത്. ട്രംപിന്റെ പരാമര്‍ശം ഞെട്ടിച്ചെന്നു പറഞ്ഞ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി മൈക് പെന്‍സ്, എന്നാല്‍ അദ്ദേഹം തിരുത്തിപ്പറയാന്‍ തയ്യാറായതിനെ പുകഴ്ത്തുകയും ചെയ്തു. പ്രചാരണപരിപാടിയില്‍ പങ്കെടുക്കാന്‍ ട്രംപിനുള്ള ക്ഷണം ഹൗസ് സ്പീക്കര്‍ പോള്‍ റയാന്‍ നേരത്തേ പിന്‍വലിച്ചിരുന്നു. ട്രംപിന്റെ വാക്കുകളോര്‍ത്ത് മനംപിരട്ടലുണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ 60ഓളം നേതാക്കളാണ് ട്രംപിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തെ അപലപിച്ചത്. 20ഓളം നേതാക്കള്‍ മല്‍സരത്തില്‍ നിന്നു ട്രംപ് പിന്മാറണമെന്നും ആവശ്യപ്പെട്ടു.
ഫ്‌ളോറിഡ മുന്‍ ഗവര്‍ണര്‍ ജെബ് ബുഷ്, 2012ലെ റിപബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി മിറ്റ് റോംനി എന്നിവര്‍ ട്രംപിന്റെ പ്രസ്താവന നേരത്തേ അപലപിച്ചിരുന്നു. നിങ്ങള്‍ ഒരു പ്രമുഖ വ്യക്തിയാണെങ്കില്‍ നിങ്ങള്‍ക്ക് സ്ത്രീകളെ എന്തും ചെയ്യാം; നിരവധി സ്ത്രീകളെ സ്പര്‍ശിക്കാനും ചുംബിക്കാനും അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനും ശ്രമിച്ചിട്ടുണ്ട് എന്നിങ്ങനെയായിരുന്നു ട്രംപിന്റെ വാക്കുകള്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 55 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക