|    Mar 23 Fri, 2018 3:17 am

പരാധീനതകളില്‍ വീര്‍പ്പുമുട്ടി പാലക്കാട് കെഎസ്ആര്‍ടിസി ബസ്സ്റ്റാന്റ്

Published : 13th July 2017 | Posted By: fsq

 

പാലക്കാട്: നഗരത്തിലെത്തുന്ന  ആയിരക്കണക്കിന്  യാത്രക്കാര്‍ക്ക് ദുരിതമായി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ്. ചളിയും മാലിന്യങ്ങളും നിറഞ്ഞ് വൃത്തി ഹീനമായ അവസ്ഥയിലാണ് സ്റ്റാന്റ്്. നവീകരണ പ്രവൃത്തികള്‍ തുടങ്ങാത്തതില്‍ യാത്രക്കാരും ജീവനക്കാരും അമര്‍ഷത്തിലാണ്. അലക്ഷ്യമായി നിര്‍ത്തിയിടുന്ന ബസ്സുകളില്‍ കയറാനെത്തുന്ന യാത്രക്കാര്‍ക്ക് ചളിവെള്ളത്തിലൂടെ വേണം നടക്കാന്‍. കാലപ്പഴക്കത്താല്‍ ജീര്‍ണിച്ച കെട്ടിടം 2013 ജൂണ്‍ 5ന് പൊളിച്ചു പണി തുടങ്ങുമെന്നു പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷാവസാനത്തോടെയാണ് പഴയ കെട്ടിടം പൊളിച്ചത്. 25 കോടി രൂപയുടെ അന്താരാഷ്ട്ര ടെര്‍മിനലിനാണ് ആദ്യം പ്ലാന്‍ നല്‍കിയിരുന്നതെങ്കിലും ചീഫ് ടൗണ്‍ പ്ലാനര്‍ 15 കോടിയുടെ പദ്ധതിക്ക് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, കെട്ടിടം പൊളിച്ചശേഷം ഏഴുകോടി രൂപയുടെ കെട്ടിടത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്.യാക്കര വില്ലേജില്‍പെട്ട പഴയ കെട്ടിടത്തിന്റെ നികുതി കുടിശ്ശികയും കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റും സംബന്ധിച്ച വസ്തുതകളുമൊക്കെ ആദ്യകാലത്ത് വിനയായിരുന്നു.  കെട്ടിടം പൊളിച്ചു മാറ്റിയെങ്കിലും പുതിയ കെട്ടിടത്തിന്റെ നിര്‍മാണം സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരെ നടപടി ആയിട്ടില്ല. പഴയ കെട്ടിടം  പൊളിക്കുന്നതോടെ ബസ്സുകള്‍ എങ്ങോട്ട് മാറ്റുമെന്നതായിരുന്നു തുടക്കത്തിലെ പ്രശ്‌നമെങ്കില്‍ പിന്നീട് സ്റ്റാന്റ് നിര്‍മാണം സംബന്ധിച്ചതായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്റ്റേഡിയം സ്റ്റാന്‍ഡിലേക്ക് കുറച്ച് പൊള്ളാച്ചി ബസ്സുകള്‍ മാറ്റി കെഎസ്ആര്‍ടിസിയുടെ സ്റ്റാന്റ് മാറ്റം പേരിലൊതുക്കി. അന്നത്തെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ശിലാസ്ഥാപനം നടത്തിയ കെഎസ്ആര്‍ടിസി സ്റ്റാന്റ് നവീകരണം അനിശ്ചിതത്വത്തില്‍ തുടരുകയാണ്. സ്റ്റാന്റിലെ പ്രധാന കെട്ടിടം പൊളിച്ചിട്ട് ഒന്നരവര്‍ഷമായെങ്കിലും ഇതുവരെ തുടര്‍ നടപടികളായില്ല. ജീവനക്കാരുടെ സഹകരണസംഘം ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം കൂടി പൊളിച്ചാല്‍ മാത്രമേ പുതിയ കെട്ടിടം നിര്‍മിക്കാനാവൂ. പക്ഷേ, ജീവനക്കാരില്‍ ഒരു വിഭാഗം ഇതിന് തയ്യാറാവുന്നില്ല. മാസങ്ങള്‍ക്കു മുമ്പ് കെഎസ്ആര്‍ടിസി എംഡി രാജമാണിക്യം നേരിട്ടെത്തി സ്ഥിതിഗതികള്‍ ആരാഞ്ഞെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായില്ല. തര്‍ക്കമുള്ള കെട്ടിടം പൊളിക്കാന്‍ തീരുമാനിച്ചെങ്കിലും സിഐടിയു ജീവനക്കാര്‍ തടസ്സം നിന്നതോടെ കരാറുകാരന്‍ പിന്മാറി. ഈ കെട്ടിടത്തിലാണ് ഡ്രൈവറുമാരുടെയും കണ്ടക്ടര്‍മാരുടെയും സ്റ്റേ റൂം.അതിനാലാണ് സിഐടിയു ജീവനക്കാര്‍ തടസ്സം നിന്നത്. കേന്ദ്രസര്‍ക്കാരിന്റെ  ഫണ്ട് ഉപയോഗിച്ച് നിര്‍മാണം നടക്കുന്ന മെക്കാനിക്കല്‍ ഗ്യാരേജിന്റെ കെട്ടിടത്തിലേക്ക് സ്റ്റേ റൂം മാറ്റാമെന്ന  തീരുമാനത്തിലെത്തിയിരുന്നു. ഇതിനായി കെഎസ്ആര്‍ടിസി എംഡി രണ്ട്‌ലക്ഷം അനുവദിച്ചു. എന്നാല്‍, സഹകരണ സംഘം കെട്ടിടം പൊളിക്കുന്നതിന്  സിഐടിയു ജീവനക്കാര്‍ തടസ്സം നിന്നതോടെ കാര്യങ്ങള്‍  അവതാളത്തിലായി. മാസങ്ങള്‍ക്കു മുമ്പ് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ സമരത്തെ തുടര്‍ന്നാണ് സ്വകാര്യ സ്ഥാപനത്തിന്റെ  സഹായത്തോടെ താല്‍്ക്കാലിക ബസ് വെയ്റ്റിങ് ഷെഡ് നിര്‍മിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss