|    Dec 11 Tue, 2018 3:12 pm
FLASH NEWS

പരാധീനതകളില്‍ വീര്‍പ്പുമുട്ടി വലിയങ്ങാടിയിലെ മല്‍സ്യമാര്‍ക്കറ്റ്

Published : 31st August 2018 | Posted By: kasim kzm

പാലക്കാട്: ജില്ലയിലെ പ്രധാന മല്‍സ്യ മാര്‍ക്കറ്റായ വലിയങ്ങാടി മീന്‍ മാര്‍ക്കറ്റ് കാലങ്ങളായി പരാധീനതകള്‍ മാത്രം. മാറി മാറി വരുന്ന ഭരണ സമിതികളൊക്കെ മല്‍സ്യ മാര്‍ക്കറ്റിന്റെ പരാധീനതകള്‍ക്കെതിരേ മുഖം തിരിക്കുകയാണ്. ബജറ്റുകളിലൊക്കെ ഫണ്ടുകള്‍ അനുവദിച്ചുവെന്നു പറയുമ്പോഴും നവീകരണ പ്രവര്‍ത്തനങ്ങള്‍ കടലാസില്‍ മാത്രമാണ്.
പത്തുലക്ഷം രൂപയാണ് നഗരസഭ കഴിഞ്ഞ ബജറ്റില്‍ മല്‍സ്യമാര്‍ക്കറ്റ് നവീകരണത്തിനായി വകയിരുത്തിയതെന്നു പറയുമ്പോഴും മൂക്കുപൊത്തി നടക്കാനാണഅ നഗരവാസികള്‍ക്കുയോഗം. മല്‍സ്യ മാര്‍ക്കറ്റിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ടെന്‍ഡര്‍ നടപടികള്‍ പോലും സ്വീകരിച്ച മട്ടില്ലെന്നതാണഅ മറ്റൊരു വസ്തുത. കാലപ്പഴക്കത്തില്‍ ജീര്‍ണ്ണിച്ച കെട്ടിടത്തിലാണ് മീന്‍ വില്‍പ്പനയും അറവുശാലകളുമൊക്കെ പ്രവര്‍ത്തിക്കുന്നത്.
മല്‍സ്യ മാര്‍ക്കറ്റ് കെട്ടിടത്തിനകത്ത് 15 ഓളം മീന്‍ വില്‍പ്പന സ്റ്റാളുകളും എട്ടോളം അറവുശാലകളുമാണുള്ളത്. ഇവയില്‍ നിന്നുമെല്ലാം പുറന്തള്ളുന്ന അറവു മാലിന്യങ്ങളും മലിനജലവും സമീപത്താകെ കെട്ടിനില്‍ക്കുന്നതുമൂലം മാര്‍ക്കറ്റിലെത്തുന്നവരെ വരവേല്‍ക്കുന്നത് ദുര്‍ഗന്ധം മാത്രമാണ്.
മാര്‍ക്കറ്റിനകത്ത് കിണറ്റിലേക്കും ദുര്‍ഗന്ധം വമിക്കുന്ന മലിന ജലം ഒഴുകിയിറങ്ങുന്നതിനാല്‍ മാരക രോഗങ്ങള്‍ പടരാനുള്ള സാധ്യതയുമേറെയാണ്. മാര്‍ക്കറ്റ് കെട്ടിടത്തിലെ ശൗച്യാലയം ഉപയോഗിക്കാനാകാത്ത സ്ഥിതിയായതിനാല്‍ വ്യാപാരികളെല്ലാം പ്രാഥമിക കാര്യങ്ങള്‍ക്ക് നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്.
വര്‍ഷാവര്‍ഷം സ്റ്റാളുകള്‍ ലേലം ചെയ്താണു മത്സ്യമാര്‍ക്കറ്റിലെ കച്ചവടക്കാര്‍ക്കു കടകള്‍ നല്‍കുന്നത്. പ്രതിവര്‍ഷം മാര്‍ക്കറ്റിലെ സ്റ്റാളുകള്‍ക്ക് 20 ശതമാനം വാരെ വാടക വര്‍ദ്ദിപ്പിക്കുന്നുണ്ടെങ്കിലും വ്യാപാരികള്‍ക്കു മതിയായ സൗകര്യങ്ങളൊരുക്കിന്നില്ലെന്നാണ് ആരോപണങ്ങളുയരുന്നത്.
നഗരസഭയില്‍ മല്‍സ്യമാര്‍ക്കറ്റിലെ സ്റ്റാളുകള്‍ ലേലത്തിനെടുക്കുന്ന സ്വകാര്യ വ്യക്തിയോ മാര്‍ക്കറ്റിന്റെ ഉടമസ്ഥവകാശമുള്ള നഗരസഭയോ ഇവിടത്തെ ദുരിതങ്ങള്‍ക്കുനേരെ മുഖം തിരിക്കുകയാണ്.
ആയിരക്കണക്കിനാളുകള്‍ എത്തുന്ന വഴിയിലേക്കുള്ള ബിസിനസ് നടക്കുന്ന മല്‍സ്യമാര്‍ക്കറ്റില്‍ പതിറ്റാണ്ടുകളായി ദുര്‍ഗന്ധങ്ങളുടെ ദുരിതം മാത്രമാണ്. നവീകരണ പ്രവര്‍ത്തനത്തിനനുവദിച്ച ഫണ്ടെവിടെയെന്ന ചോദ്യത്തിന് ഭരണാധികാരികള്‍ കൈമലര്‍ത്തുകയാണ്. പാലക്കാടിന്റെ സ്വന്തം മത്സ്യമാര്‍ക്കറ്റിന്റെ നവീകരണം കടലാസിലൊതുങ്ങുകയാണ്. മാത്രമല്ല പിടക്കുന്ന മത്സ്യങ്ഹളുടെ വില്‍പ്പന പൊടിപൊടിക്കുമ്പോള്‍ വ്യാപാരികള്‍ അഴുകുന്ന ദുര്‍ഗന്ധം പേറി വ്യാപാരം നടത്താനാണ് വിധി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss